ഇന്ത്യയിലെ മുൻനിര ഇരുചക്ര വാഹന നിർമാതാക്കളായ ടി.വി.എസിന്റെ സ്കൂട്ടർ നിരയിൽ സൂപ്പർ ഹിറ്റായി തുടരുന്ന മോഡലാണ് എൻടോർക്ക് 125. മാർവൽ അവഞ്ചേഴ്സ് സൂപ്പർ ഹീറോകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് എത്തിയ സ്ക്വാഡ് എഡിഷൻ മോഡലുകളിലേക്ക് സ്പൈഡർ മാൻ, തോർ ഡിസൈനിലുള്ള സ്കൂട്ടറുകളും എത്തിയിരിക്കുകയാണ്. അയേൺ മാൻ, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക എന്നിവയാണ് മുമ്പ് സൂപ്പർസ്ക്വാഡ് എഡിഷനിൽ ഉണ്ടായിരുന്നത്.
ഡിസ്നി ഇന്ത്യയുടെ കൺസ്യൂമർ പ്രൊഡക്ടസ് ബിസിനസുമായി സഹകരിച്ചാണ് ടി.വി.എസ് എൻടോർക്ക് 125-ന്റെ സൂപ്പർസ്ക്വാഡ് എഡിഷൻ സ്കൂട്ടറുകൾ എത്തിച്ചിരിക്കുന്നത്. സ്പൈഡർമാൻ, തോർ എന്നീ കഥാപാത്രങ്ങളുടെ സവിശേഷതകൾ സ്കൂട്ടറിലെ ഡിസൈനിൽ നൽകിയാണ് പുതിയ സൂപ്പർസ്ക്വാഡ് എഡിഷൻ എത്തിച്ചിരിക്കുന്നത്. 84,850 രൂപയാണ് സൂപ്പർസ്ക്വാഡ് എഡിഷൻ എൻടോർക്ക് സ്കൂട്ടറിന്റെ ഡൽഹിയിലെ എക്സ്ഷോറും വില.
എൻടോർക്കിന്റെ ഫെൻഡറിലും മുന്നിലേയും വശങ്ങളിലേയും പാനലുകളിലുമാണ് സ്പൈഡർമാൻ, തോർ തീമുകൾ നൽകിയിട്ടുള്ളത്. മറ്റ് ഡിസൈനുകളും ഫീച്ചറുകളുമെല്ലാം റെഗുലർ എൻടോർക്ക് സമാനമായാണ് നൽകിയിട്ടുള്ളത്. ഇന്ത്യയിലെ ആദ്യ ബ്ലുടൂത്ത് കണക്ടിവിറ്റി സ്കൂട്ടറായി അവതരിപ്പിച്ച വാഹനമാണ് ടി.വി.എസ് എൻടോർക്ക്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയ ഈ വാഹനം ഇപ്പോൾ വിദേശ രാജ്യങ്ങളിലും ടി.വി.എസ് എത്തിക്കുന്നുണ്ട്.
എൻടോർക്കിന്റെ രൂപഭംഗിയും കണക്ടിവിറ്റി സംവിധാനവും മികച്ച പ്രകടനവുമാണ് ഈ സ്കൂട്ടറിനെ ആകർഷകമാക്കുന്നതെന്നാണ് വിലയിരുത്തലുകൾ. ടി.വി.എസ്. സമാർട്ട് എക്സോണെറ്റ് സിസ്റ്റം, ടി.വി.എസ്. കണക്ട് മൊബൈൽ ആപ്പുമായി സ്കൂട്ടറിനെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ബ്ലുടൂത്ത് കണക്ടിവിറ്റി, നാവിഗേഷൻ അസിസ്റ്റ്, ഫോൺ ബാറ്ററി ഡിസ്പ്ലേ, ലാസ്റ്റ് പാർക്ക് ലൊക്കേഷൻ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.
റെഗുലർ എൻടോർക്കിലെ മെക്കാനിക്കൽ ഫീച്ചറുകൾ തന്നെയാണ് സൂപ്പർസ്ക്വാഡ് എഡിഷൻ മോഡലുകളിലും നൽകിയിട്ടുള്ളത്. 124.79 സിസി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രാക്ക് എയർ കൂൾഡ് എൻജിനാണ് എൻടോർക്കിൽ പ്രവർത്തിക്കുന്നത്. ഇത് 9.4 പി.എസ് പവറും 10.5 എൻ.എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.വി.ടിയാണ് ഇതിലെ ഗിയർബോക്സ്. ടിവിഎസ് എൻടോർക്ക് 125 സൂപ്പർസ്ക്വാഡ് പതിപ്പിന് 85,526 രൂപയാണ് കേരളത്തിലെ എക്സ്ഷോറൂം വില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.