ബ്രിസ്ബനില്‍ വിനോദയാത്രയ്ക്കായി പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്നുവീണ് കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചു

ബ്രിസ്ബനില്‍ വിനോദയാത്രയ്ക്കായി പറന്നുയര്‍ന്ന ചെറുവിമാനം തകര്‍ന്നുവീണ് കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചു

സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡില്‍ വിമാനം കണ്ടല്‍ക്കാടിനു സമീപം വെള്ളത്തില്‍ പതിച്ച് രണ്ട് കുട്ടികള്‍ അടക്കം നാലുപേര്‍ മരിച്ചു. ചെറുവിമാനം പറന്നുയര്‍ന്ന് ഉടനെ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്വീന്‍സ് ലന്‍ഡ് തലസ്ഥാനമായ ബ്രിസ്ബനിലെ റെഡ്ക്ലിഫ് കടല്‍ത്തീരത്ത് ഞായറാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണു സംഭവം. വിനോദയാത്രയ്ക്കായാണ് ഒമ്പതും പത്തും വയസുള്ള കുട്ടികളും ഇവരുടെ പിതാവും ചെറുവിമാനത്തില്‍ കയറിയത്. റണ്‍വേയില്‍നിന്ന് വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടല്‍ക്കാടുകള്‍ക്കു സമീപം വെള്ളത്തില്‍ പതിക്കുകയായിരുന്നു. വിമാനം അപ്രത്യക്ഷമായതോടെ മറ്റൊരു വിമാനം നടത്തിയ തെരച്ചിലിലാണ് വെള്ളത്തില്‍ തലകീഴായി മറിഞ്ഞു കിടക്കുന്നതു കണ്ടെത്തിയത്. അപകടസമയത്ത് വേലിയേറ്റമുണ്ടായിരുന്നതിനാല്‍ ആഴം കൂടുതലായിരുന്നു.

പൈലറ്റ് ഉള്‍പ്പെടെ നാലുപേരാണ് മരിച്ചത്. ക്വീന്‍സ് ലന്‍ഡ് പോലീസിലെ മുങ്ങല്‍ വിദഗ്ധരാണ് അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെടുത്തതെന്നു പോലീസ് ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് വൈറ്റ് പറഞ്ഞു. അപകടകാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് എട്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.



വാമുരാന്‍ സ്വദേശിയാണ് 67 വയസുകാരനായ പൈലറ്റ്. ബ്രിസ്ബന്‍ സ്വദേശിയായ 41-കാരനായ പിതാവും മകളും മകനുമാണ് മരിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാനത്തിലാണ് ഇവര്‍ യാത്ര പുറപ്പെട്ടത്.

നാല് സീറ്റുള്ള റോക്ക്വെല്‍ ഇന്റര്‍നാഷണല്‍ ലൈറ്റ് പ്ലെയിനാണ് അപകടത്തില്‍പെട്ടത്. വിമാനം തലകീഴായി മറിഞ്ഞു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26