ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടര്‍; മന്ത്രിമാരും യോഗത്തിനെത്തും

ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടര്‍; മന്ത്രിമാരും യോഗത്തിനെത്തും

ആലപ്പുഴ: ആലപ്പുഴയില്‍ സര്‍വകക്ഷിയോഗം വിളിച്ച് ജില്ലാ കളക്ടര്‍. സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗ വിളിച്ചിരിക്കുന്നത്. നാളെ വൈകിട്ട് മൂന്ന് മണിക്ക് ആലപ്പുഴ കലക്ട്രേറ്റില്‍ വച്ചാണ് യോഗം ചേരുക. മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന വിമര്‍ശനവും ശക്തമാണ്.

പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും കലാപത്തിന് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐയും ആരോപിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്.

ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപണം.

എസ്ഡിപിഐയുടെ ആലപ്പുഴയിലെ പ്രധാന നേതാവായ ഷാനിന്റെ കൊലപാതക വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ പ്രത്യാക്രമണത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണ സാധ്യത തിരിച്ചറിയാന്‍ ഇന്റലിജന്‍സിനു കഴിഞ്ഞില്ല എന്നാണ് വിമര്‍ശനം. പൊലീസ് വിന്യാസം കൂടുതല്‍ ശക്തമാക്കിയിരുന്നെങ്കില്‍ ആലപ്പുഴ നഗരമധ്യത്തില്‍ ബിജെപി നേതാവിന് നേരെയുണ്ടായ ആക്രമണമെങ്കിലും തടയാന്‍ കഴിയുമായിരുന്നു എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.