കശ്മീര്‍ വിഷയത്തില്‍ മുസ്ലീം രാജ്യങ്ങളുടെ പിന്തുണ വേണ്ടത്ര കിട്ടുന്നില്ലെന്ന പരിഭവവുമായി ഇമ്രാന്‍ ഖാന്‍ ;'കാരണം, ഇന്ത്യയുടെ ബന്ധങ്ങള്‍'

കശ്മീര്‍ വിഷയത്തില്‍ മുസ്ലീം രാജ്യങ്ങളുടെ പിന്തുണ വേണ്ടത്ര കിട്ടുന്നില്ലെന്ന പരിഭവവുമായി ഇമ്രാന്‍ ഖാന്‍ ;'കാരണം, ഇന്ത്യയുടെ ബന്ധങ്ങള്‍'

ഇസ്ലാമാബാദ് :കശ്മീര്‍ വിഷയം ഉന്നയിക്കാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് മുസ്ലീം രാജ്യങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്തതിലുള്ള പരിഭവവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുസ്ലീം രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായുള്ള ശക്തമായ ബന്ധമാണതിനു കാരണമെന്ന് അല്‍-ജസീറ ടി.വി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കാട്ടി. മനുഷ്യാവകാശങ്ങളും ഇസ്ലാമിക് കൗണ്‍സില്‍ പ്രമേയവും യുഎന്‍ പ്രമേയങ്ങളും ലംഘിക്കപ്പെടുകയാണവിടെ. ഞങ്ങള്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു; ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനിലും (ഒഐസി) അവതരിപ്പിച്ചു;മുസ്ലീം രാജ്യങ്ങളുമായി ഇതേക്കുറിച്ച് സംസാരിച്ചു.'- ഇമ്രാന്‍ അറിയിച്ചു. എന്നാല്‍ ഇന്ത്യയുമായി ബന്ധമുള്ള മുസ്ലീം രാജ്യങ്ങളുമായി സംസാരിച്ചിട്ടു കാര്യമില്ലെന്നും അവരില്‍ നിന്ന് നല്ല പ്രതികരണം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യന്‍ അധിനിവേശ കശ്മീരി'നെ 8 ദശലക്ഷം ആളുകള്‍ താമസിക്കുന്ന തുറന്ന ജയില്‍ എന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്. 9 ലക്ഷം ഇന്ത്യന്‍ സൈനികരെയാണത്രേ കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.

ഇന്ത്യയുമായി ഒരു ആണവയുദ്ധത്തിനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ല പാക് പ്രധാനമന്ത്രി. ഇന്ത്യയും പാകിസ്ഥാനും ഇടയില്‍ ഒരു യുദ്ധം ആരംഭിച്ചാല്‍ അത് അവസാനിക്കുന്നത് ആണവായുധത്തിലാവും. എന്നാല്‍ താന്‍ ഒരിക്കലും യുദ്ധം ആരംഭിക്കുകയില്ലെന്നും, സമാധാന വാദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധങ്ങള്‍ ഒരു പ്രശ്‌നവും പരിഹരിക്കില്ലെന്നാണ് വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ 'ഫാസിസ്റ്റ് ബിജെപി സര്‍ക്കാര്‍' പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയാല്‍, 2019 ഫെബ്രുവരിയില്‍ പ്രതികരിച്ച അതേ രീതിയില്‍ തന്നെ പ്രതികരിക്കുമെന്നും ആണവായുധം കൈവശമുള്ള രണ്ട് രാജ്യങ്ങള്‍ അതോടെ മുഖാമുഖം വരുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. 'ആണവായുധമുള്ള രണ്ട് രാജ്യങ്ങളും മുഖാമുഖം വരുന്നതിനെക്കുറിച്ച് ഭ്രാന്തന്മാര്‍ക്ക് മാത്രമേ ചിന്തിക്കാന്‍ കഴിയൂ. ഇന്ത്യക്കാര്‍ വളരെ വിവേകമുള്ളവരാണ്; പക്ഷേ മതഭ്രാന്തന്മാരാണ് ആ രാജ്യം ഭരിക്കുന്നത് '- ഇമ്രാന്‍ ഖാന്റെ നിരീക്ഷണം ഇങ്ങനെ.

'ഇന്ത്യന്‍ സര്‍ക്കാരുമായി ഇനി സംസാരിക്കില്ല'

ഇന്ത്യയുമായി സമാധാന സംഭാഷണം പുനരാരംഭിക്കുവാന്‍ താന്‍ ശ്രമിച്ചുവെന്നും ഇമ്രാന്‍ അറിയിച്ചു. എന്നാല്‍ പ്രശ്‌നങ്ങള്‍ സമാധാനത്തോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം തങ്ങളെ തീവ്രവാദികളെന്ന് മുദ്രകുത്തി കരിമ്പട്ടികയില്‍ തള്ളാനാണ് ഇന്ത്യ ശ്രമിച്ചത്. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി കാശ്മീരിനെ അനധികൃതമായി കൂട്ടിച്ചേര്‍ത്ത ഇന്ത്യന്‍ സര്‍ക്കാരുമായി ഇനി സംസാരിക്കില്ലെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇമ്രാന്‍ പറഞ്ഞു.'കശ്മീരില്‍ നടക്കുന്ന വംശഹത്യയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ന്യൂഡല്‍ഹിയുടെ ശ്രമം. അതിനാണ് പാകിസ്ഥാനെ തീവ്രവാദത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത്.'

'മദീന സ്റ്റേറ്റിന്റെ ശൈലിയില്‍ പാകിസ്ഥാന്‍ ഒരു ക്ഷേമരാഷ്ട്രമാകണമെന്ന തന്റെ മോഹവും ഇമ്രാന്‍ ഖാന്‍ പങ്കുവച്ചു. മുഹമ്മദ് നബി രൂപം നല്‍കിയ മദീന മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ ക്ഷേമ രാഷ്ട്രമായിരുന്നുവെന്നും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ലോകം ഇടപെട്ടില്ലെങ്കില്‍ രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള സൈനിക സംഘര്‍ഷം ഉടലെടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ മാസവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍, ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കാശ്മീര്‍ തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്ക് ആഹ്വാനം ചെയ്യണമെന്നും ഖാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച പാക് അധീന കശ്മീരിലെ മുസഫറാബാദ് നഗരത്തില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇമ്രാന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ബി ജെ പിയുടേത് ഫാസിസ്റ്റ് സര്‍ക്കാരാണെന്നും, ആര്‍ എസ് എസ് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടിയുടെ അതേ പാതയിലാണ് സഞ്ചരിക്കുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.