ചൊവ്വയിലെ പാറകളില്‍ ജൈവ കണികകള്‍; അതിശയകരമായ കണ്ടെത്തലുമായി നാസ

ചൊവ്വയിലെ പാറകളില്‍ ജൈവ കണികകള്‍; അതിശയകരമായ കണ്ടെത്തലുമായി നാസ

വാഷിംഗ്ടണ്‍: ചൊവ്വാഗ്രഹത്തിന്റെ അടിത്തട്ട് അഗ്‌നിപര്‍വത ലാവയാല്‍ രൂപപ്പെട്ടതാണെന്ന കണ്ടെത്തലുമായി നാസ. ചൊവ്വാ പര്യവേക്ഷണ പദ്ധതിയായ പെഴ്സിവീയറന്‍സ് റോവര്‍ ആണ് അപ്രതീക്ഷിത കണ്ടെത്തല്‍ നടത്തിയത്. ചൊവ്വയിലെ ഒരു ഗര്‍ത്തത്തിലെ പാറകള്‍ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും ചില പാറകളില്‍ ജൈവ കണികകളുടെ സാന്നിധ്യം വരെയുണ്ടെന്നുമുള്ള നിര്‍ണായക കണ്ടെത്തലാണു റോവര്‍ നടത്തിയിരിക്കുന്നത്. പത്ത് മാസം മുമ്പാണ് പെഴ്സിവീയറന്‍സ് ചൊവ്വയില്‍ ഇറങ്ങിയത്.

ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് പെഴ്സിവീയറന്‍സിന്റെ പ്രധാനലക്ഷ്യം. വെള്ളത്തിന്റെ സാന്നിധ്യം നേരത്തെയും റോവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പണ്ടു നദികളും തടാകങ്ങളും ചൊവ്വയില്‍ സ്ഥിതി ചെയ്തെന്നും കാലാന്തരത്തില്‍ ഇവ വരണ്ടുണങ്ങിയെന്നുമാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഇത്തരത്തില്‍ വരണ്ടുണങ്ങിയതെന്നു വിശ്വസിക്കപ്പെടുന്ന ജെസീറോ ക്രേറ്റര്‍ എന്ന ഗര്‍ത്തമേഖലയിലാണു പെഴ്സിവീയറന്‍സിന്റെ നിരീക്ഷണങ്ങള്‍.

ജെസീറോ ഗര്‍ത്തത്തിലെ പാറകള്‍ ജലവുമായി ഇടപഴകിയിട്ടുണ്ടെന്നും ചിലതില്‍ ജൈവ തന്മാത്രകള്‍ അടങ്ങിയിട്ടുണ്ടെന്നുമാണ് ഏറ്റവും പുതുതായി കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് നാസ ശാസ്ത്രജ്ഞര്‍ പറയുന്നു. ജൈവ തന്മാത്രകള്‍ രൂപപ്പെടുന്ന രീതി നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ വിശകലനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. ചുവന്ന ഗ്രഹത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രം കൃത്യമായി നിര്‍ണയിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പെഴ്സിവീയറന്‍സ് എടുത്ത ഫോട്ടോയിലുള്ള പാളികളായുള്ള പാറകള്‍ എക്കല്‍കൊണ്ടാണ് നിര്‍മിതമായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചൊവ്വയുടെ ഉപരിതലത്തിലെ പാറകളുടെ ഘടനയും ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. ചില പാറകള്‍ക്ക് വെടിമരുന്നിന്റെ പ്രകൃതമാണുള്ളത്. പാറകളില്‍ അടങ്ങിയ ഘടകങ്ങള്‍ മനസിലാക്കാന്‍ പെഴ്സിവീയറന്‍സ് അതിന്റെ റോബോട്ടിക് കൈയിലെ ഡ്രില്‍ ഉപയോഗിച്ച് സാമ്പിളുകള്‍ കുഴിച്ചെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.