ന്യുഡല്‍ഹി: വനിതകളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും 21 ലേക്ക് ഉയര്‍ത്തുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സഭയിലെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയാണ് മന്ത്രി സ്മൃതി ഇറാനി ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വലിയ എതിര്‍പ്പിനും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് ബിജെപി സര്‍ക്കാരിന്റെ അപ്രതീക്ഷിത നീക്കം. ലോക്‌സഭയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുകയാണ്. നാളെ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ലോക്‌സഭയിലെ അജണ്ടയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കും. വിവാഹ പ്രായം ഉയര്‍ത്തുമ്പോള്‍ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും. ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി വിവാഹനിയമങ്ങള്‍ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തില്‍ ഇത് എഴുതിച്ചേര്‍ക്കും. ക്രിസ്ത്യന്‍ വിവാഹ നിയമം, പാഴ്‌സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്‌പെഷ്യല്‍ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആന്‍ഡ് ഗാര്‍ഡിയന്‍ ഷിപ്പ് ആക്ട് - 1956, ഫോറിന്‍ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം ഏഴ് നിയമങ്ങളാണ് മാറ്റേണ്ടിവരിക.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികളും വനിതാസംഘടനകളും ആക്ടിവിസ്റ്റുകളും ബില്ലിനെതിരെ രംഗത്ത് എത്തി. പ്രതിപക്ഷത്ത് നിന്നും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിലപാടെടുക്കുമ്പോള്‍ മറ്റൊരു വിഭാഗം അനുകൂല നിലപാടിലാണ്. അതേ സമയം സിപിഎമ്മും സിപിഐയും മുസ്ലിം ലീഗുമടക്കം ബില്ലിനെതിരെ രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.