പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ വടക്കന്‍ പ്രദേശമായ ബംഗിള്‍ ബംഗിസില്‍ സൂര്യാതപമേറ്റ് സര്‍ക്കാര്‍ കരാറുകാരന്‍ മരിച്ചു. കിംബര്‍ലി മേഖലയിലെ പുര്‍നുലുലു ദേശീയോദ്യാനത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ദേശീയോദ്യാനത്തിലെ പര്‍വ്വത മേഖലയിലാണ് ഇരുപതു വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചത്. പാര്‍ക്കിനുള്ളില്‍ വച്ച് യുവാവ് സഞ്ചരിച്ചിരുന്ന കാര്‍ തകരാറിലായിരുന്നു. ഇതേതുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങി നടന്നപ്പോഴാണ് സൂര്യാതപമേറ്റ് മരിച്ചത്. ശനിയാഴ്ച പ്രദേശത്തെ താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു.
യുവാവിനൊപ്പം സഹപ്രവര്‍ത്തകനും ഉണ്ടായിരുന്നു. എന്നാല്‍ വാഹനത്തില്‍നിന്നും ഇറങ്ങി നടന്നപ്പോള്‍ ഇവര്‍ വഴിപിരിഞ്ഞു. രണ്ടു പേരും 30 കിലോമീറ്റര്‍ അകലെയുള്ള വാസസ്ഥലത്തേക്കു നടക്കുമ്പോഴാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയ ഉദ്യാനത്തില്‍ പുതിയ സന്ദര്‍ശക കേന്ദ്രം നിര്‍മ്മിക്കാന്‍ കരാറെടുത്ത കുന്നുന്നൂര ആസ്ഥാനമായുള്ള നിര്‍മാണ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍.
പില്‍ബറ, കിംബര്‍ലി പ്രദേശങ്ങളില്‍ പകല്‍സമയത്ത് താപനില 40 ഡിഗ്രിയില്‍ കൂടുതലാണ്. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26