പാല: വിവാഹ ഉടമ്പടിയുടെ പവിത്രതയും അനന്യതയും ദുര്‍ബലപ്പെടുത്തുന്ന ക്രൈസ്തവ വിവാഹ രജിസ്ട്രേഷന്‍ ബില്‍ നടപ്പിലാക്കാനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ നിരാകരിക്കണമെന്ന് കുടുംബത്തിനും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍.
ക്രൈസ്തവര്‍ക്ക് വിവാഹം കേവലം ഒരു സാമൂഹിക ഉടമ്പടിയല്ല. ദൈവിക മാനങ്ങളുള്ള കൂദാശയാണ്. വിവാഹത്തിന്റെ ഒരുക്കവും കാലവും സ്ഥലവും നിയമങ്ങളും കാര്‍മ്മികരും ആത്മീയമായി വളരെയേറെ സാംഗത്യമുള്ളവയാണ്.
ഇത്തരം കാര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് നിര്‍ദിഷ്ട രജിസ്ട്രേഷന്‍ ബില്ലിന്റെ ശുപാര്‍ശകള്‍ എന്നുള്ളത് ആശങ്കകള്‍ ഉണര്‍ത്തുന്നു. നിലവില്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളില്‍ അപാകതകള്‍ ഇല്ലാതിരിക്കെ ഇത്തരം ശുപാര്‍ശകള്‍ ഉയര്‍ത്തുന്നത് ദുരുദ്ദേശപരമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
സ്ത്രീ-പുരുഷ സമത്വത്തിന്റെ പേരു പറഞ്ഞ് ലിംഗ നിഷ്പക്ഷത പോലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നതും ദുരൂഹമാണ്. സ്ത്രീക്കും പുരുഷനും അവരുടെ സ്വത്വവും വ്യതിരിക്തതയും കാത്തുസൂക്ഷിക്കാന്‍ സാധിക്കുക എന്നതാണ് സമത്വത്തിന്റെ ആദ്യ പടി. സമത്വമുണ്ടാകേണ്ടത് ബാഹ്യ പ്രകടനങ്ങളിലല്ല മറിച്ച്, വ്യത്യസ്തതകളെ മാനിച്ച് പരസ്പരം വളര്‍ത്തുമ്പോഴാണ്.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങളില്‍ വിയോജിപ്പ് ഇല്ലെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ എല്ലാ വിഭാഗക്കാരെയും കേള്‍ക്കാനും വിശ്വാസത്തിലെടുക്കാനും സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പാരിസ്ഥിതിക വിഷയങ്ങളില്‍ കമ്മീഷന്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും സത്വര പരിഹാര നടപടികള്‍ക്കായി ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ നിര്‍ണയം, മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ, സില്‍വര്‍ ലൈന്‍ റെയില്‍ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളുടെ ആശങ്കകള്‍ അതീവ പ്രാധാന്യത്തോടെ മനസിലാക്കാനും മനുഷ്യ ജീവന് പരമ പ്രധാന്യം നല്‍കുന്ന കാഴ്ചപ്പാടോടെ തീരുമാനങ്ങള്‍ എടുക്കാനും അധികാരികള്‍ തയ്യാറാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഏകീകൃത കുര്‍ബാനയര്‍പ്പണം നടപ്പിലാക്കുക വഴി സീറോ മലബാര്‍ സഭയില്‍ വലിയ ഐക്യവും ഉണര്‍വും ഉണ്ടായതായി കമ്മീഷന്‍ വിലയിരുത്തി. പൗരോഹിത്യ സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് കമ്മീഷന്‍ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നു. പാലാ ബിഷപ്‌സ് ഹൗസില്‍ കൂടിയ സമ്മേളനം കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
കമ്മീഷന്‍ അംഗങ്ങളായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍, കമ്മീഷന്‍ ജനറല്‍ സെക്രട്ടറി റവ. ഡോ. ആന്റണി മൂലയില്‍, ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ലോറന്‍സ് തൈക്കാട്ടില്‍, സിബിസിഐ കൗണ്‍സില്‍ അല്‍മായ സെക്രട്ടറി ഷെവലിയര്‍ വി.സി സെബാസ്റ്റ്യന്‍, സാബു ജോസ്, ടോണി ചിറ്റിലപ്പിള്ളി, അഡ്വ.ബിജു പറയന്നിലം, ഡോ. കെ.വി റീത്താമ്മ, റോസിലി പോള്‍ തട്ടില്‍, ഡോ.ഡെയ്‌സണ്‍ പാണങ്ങാടന്‍, രാജീവ് കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.