​ഹൃദയത്തിൽ ​കേട്ടറിയേണ്ട ഭക്തി ഗാനങ്ങൾ

​ഹൃദയത്തിൽ ​കേട്ടറിയേണ്ട  ഭക്തി ഗാനങ്ങൾ

ക്രിസ്തുമസ്സ് വരവായ്. എങ്ങും ക്രിസ്തുമസ്സ് ഗാനങ്ങൾ മുഴങ്ങുകയായ്. ജാതിമതഭേദമെന്യെ എല്ലാവരും ക്രിസ്തുമസ്സിനൊരുങ്ങുന്ന ഈ സമയം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ പെരുമഴക്കാലം കൂടിയാണ്. പണ്ട് ഇതേ സമയത്തായിരുന്നു എറ്റവും അധികം കാസറ്റുകൾ ഇറങ്ങിയിരുന്നതെങ്കിൽ ഇന്ന് അവ ഓൺലൈനിലേക്ക് മാറ്റപ്പെട്ടു എന്ന്മാത്രം. ഓൺലൈനിൽ ക്രിസ്തീയഭക്തി ഗാനങ്ങൾ തിരയപ്പെടുന്നവയിൽ ഏറെ ശ്രദ്ധനേടിയിരിക്കുന്ന ഒരു പേരായ് മാറിയിരിക്കുകയാണ് മിഖാസ് കൂട്ടുങ്കൽ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ദിവ്യകാരുണ്യമിഷനറിസഭാംഗമായ ഫാ.മൈക്കിൾ കൂട്ടുങ്കൽ. പത്തു വർഷം മുമ്പ് പുറത്തിറങ്ങിയ വൈദ്യൻ എന്ന ആദ്യഭക്തിഗാന ആൽബം മുതൽ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ശ്രദ്ധേയമായ കുറെയേറെഗാനങ്ങൾ ഭക്തി ഗാനാസ്വാദകർക്കു സമ്മാനിക്കാൻ മിഖാസച്ചനു സാധിച്ചിട്ടുണ്ട്. വൈദ്യൻ എന്ന ആൽബത്തിലെ ''കൂടെ നടന്നവൻ കുർബാനയാണെന്ന് കണ്ടറിയാൻ എന്തേ വൈകിയിത്ര " എന്ന തന്റെയാദ്യഗാനം തന്നെ ജനലക്ഷങ്ങൾ ഏറ്റെടുത്തുവെന്നതിൽ വലിയ സന്തോഷവാനാണദ്ദേഹം. വൈദ്യൻ,സമൃദ്ധി,ദൈവം വിശ്വസ്തൻ,ഹൃദ്യം എന്നിങ്ങനെ നാല് ആൽബങ്ങളാണ് അച്ചന്റേതായിട്ട് പുറത്തിറങ്ങിയിട്ടുള്ളത്. ഇതിനു പുറമേ മറ്റുള്ളവർക്കുവേണ്ടി എഴുതികൊടുത്തവയുൾപ്പെടെ നൂറിൽ താഴെ ഗാനങ്ങളെ പുറത്തിറങ്ങിയിട്ടുള്ളെങ്കിലും കാവ്യാത്മകതകൊണ്ടും രചനയിലെ ലാളിത്യം കൊണ്ടും ഗുണമേന്മകൊണ്ടും മിഖാസച്ചന്റെ ഓരോ ഗാനവും ജനമനസ്സുകൾ ഏറ്റെടുക്കാറുണ്ട്.

ഒരു കോടിയിലധികം പേർ യു ട്യൂബിൽ മാത്രം കണ്ടാസ്വദിച്ച "ഓരോ നിമിഷവും ദൈവമേ " എന്ന ശ്രേയക്കുട്ടി പാടിയ ഗാനമാണ് ഇവയിൽ ഏറ്റവും പ്രസിദ്ധമായത്. പീറ്റർ ചേരാനല്ലൂർ,ജേക്കബ് കൊരട്ടി, ഫാ.ഷാജി തുമ്പേച്ചിറയിൽ, ഫാ.മാത്യൂസ് പയ്യപ്പിള്ളി MCBS,ഫാ. വിൽസൺ മേച്ചേരിൽ MCBS,ഫാ.ടോമി പ്ലാത്തോട്ടം MCBS, നെൽസൺ പീറ്റർ, കെ.ജെ.ജോമോൻ,ജോഷി തോട്ടക്കര,തോമസ് പൈനാടത്ത്,അഭി അബ്രാഹം ..ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതജ്ഞരുടെ നിര. മലയാളത്തിലെ ഒട്ടു മിക്ക പ്രമുഖ സിനിമാപിന്നണിഗായകരെകൊണ്ടും പാടിക്കുവാൻ അച്ചന് ഭാഗ്യമുണ്ടായിട്ടുണ്ട്. മറ്റുള്ളവർക്കായ് എഴുതി കൊടുത്തവയിൽ പാതി വഴിയിൽ മുടങ്ങിക്കിടക്കുന്ന ഏതാനും പാട്ടുകളാണ് ഇനി അച്ചന്റേതാക്കി ഉടനെ പുറത്തു വരാനുള്ളത്.

സെമിനാരി കാലഘട്ടം മുതൽ ആനുകാലികളിൽ കഥകളും കവിതകളും ലേഖനങ്ങളും എഴുതിപ്പോന്നിരുന്ന അച്ചന്റേതായ് കാഴ്ചക്കപ്പുറം,വിളവുണ്ടോ വേലക്കാരെ,വെറുതെയാണെങ്കിലും, വയൽ തേടുന്ന വിത്തുകൾ എന്നീ പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. സെമിനാരി കാലഘട്ടത്തിൽ തന്നെ ധാരാളം ഗാനങ്ങൾ എഴുതിയിരുന്നുവെങ്കിലും വർഷങ്ങൾക്കുശേഷമാണ് തന്റേതായ് ഒരു ഗാനം പുറത്തിറക്കാനായത്. സെമിനാരി കാലഘട്ടത്തിൽ മിക്കയവസരങ്ങളിലും പാരഡിഗാനങ്ങൾ തയ്യാറാക്കാൻ ഉള്ള ഉത്തരവാദിത്വം തന്റെ ചുമലിൽ വന്നു വീണത് പിന്നീട് ഗാനസൃഷ്ടിയിൽ ഗുണപ്പെട്ടിട്ടുണ്ട് എന്നദ്ദേഹം ഓർത്തെടുക്കുന്നു. ഫീൽഡിൽ വൈകിപ്പോയെങ്കിലും പുറത്തിറക്കിയവയെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതിൽ സന്തുഷ്ടനാണ് ഈ യുവ വൈദികൻ. ഏതു ഗാനരചയിതാവിനെപ്പോലെയും യേശുദാസ്,ചിത്ര ഇവരുടെ സ്വരങ്ങളിൽ തന്റെ ഒരു ഗാനമെങ്കിലും പാടി കേൾക്കണമെന്ന വലിയ ആഗ്രഹം അച്ചനുമുണ്ട്. യുട്യൂബടക്കം https://youtube.com/c/MichasKoottumkal ഒട്ടുമിക്ക ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അച്ചൻ്റെ പാട്ടുകൾ ലഭ്യമാണ് .

 website-michaskoottumkal.in




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26