പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെ വസതിയിലെത്തിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

പി.ടി തോമസിന്റെ മൃതദേഹം കൊച്ചിയിലെ വസതിയിലെത്തിച്ചു; അന്ത്യാഞ്ജലിയര്‍പ്പിച്ച് ആയിരങ്ങള്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര പാലാരിവട്ടത്തെ വസതിയിലെത്തി. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ അഞ്ച് മണിയോടെ മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിക്കും.

പി.ടിയുടെ മൃതദേഹം പാലാരിവട്ടത്തെ വസതിയിലേക്ക് എത്തിച്ച ശേഷം ഡിസിസി ഓഫിസിലേക്കാണ് കൊണ്ടുപോകുക. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ് തുടങ്ങിയ നേതാക്കള്‍ ഭൗതിക ശരീരം ഏറ്റുവാങ്ങാന്‍ ഡിസിസി ഓഫിസില്‍ എത്തിയിട്ടുണ്ട്.

പാലാരിവട്ടത്തെ വസതിയില്‍ പൊതുദര്‍ശനമില്ല. ബന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടിലെത്തി കാണാന്‍ അനുമതിയുള്ളത്. ഡിസിസി ഓഫിസില്‍ നിന്ന് മൃതദേഹം ടൗണ്‍ ഹാളിലേക്ക് കൊണ്ടുപോകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അന്തിമോപചാരമര്‍പ്പിക്കാനെത്തും.

വികാരനിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് മണിക്കൂറുകളായി പി.ടിയുടെ ഭൗതിക ശരീരം സാക്ഷ്യം വഹിച്ചത്. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. പിജെ ജോസഫ് അടക്കമുളള പ്രമുഖര്‍ തൊടുപുഴയില്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നല്‍കി. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.