ഐടി മേഖല ഉപേക്ഷിച്ച്‌ കൃഷിയിലേക്ക്; യുവ കര്‍ഷകന്‍ വിറ്റഴിക്കുന്നത് ജൈവ ഉല്പന്നങ്ങള്‍ മാത്രം

ഐടി മേഖല ഉപേക്ഷിച്ച്‌ കൃഷിയിലേക്ക്; യുവ കര്‍ഷകന്‍  വിറ്റഴിക്കുന്നത് ജൈവ ഉല്പന്നങ്ങള്‍ മാത്രം

ഐടി മേഖല ഉപേക്ഷിച്ച്‌ കൃഷിയിലേക്ക് ഇറങ്ങി ഐടി ബിരുദധാരി. കാര്‍ഷിക രംഗത്ത് പുതിയ രീതികള്‍ പരീക്ഷിച്ച്‌ കോടികളുടെ വരുമാനം നേടുകയാണ് ഗുജറാത്ത് സ്വദേശിയായ ദേവേഷ് പട്ടേലെന്ന 37 കാരന്‍.

ഭൂമിയെ മലിനമാക്കാത്ത ജൈവ കൃഷിയിലൂടെ ഈ നേട്ടം സ്വന്തമാക്കുന്നു എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്. കൃഷി ചെറുപ്പം മുതലുള്ള തന്റെ സ്വപ്നമായിരുന്നു. അതിലേക്ക് തന്നെയാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും. വീട്ടുകാരുടെ നിര്‍ബന്ധം കാരണമാണ് ഐടി ബിരുദം സ്വന്തമാക്കിയത്. കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ സത്വ ഓര്‍ഗാനിക്ക് എന്ന പേരില്‍ കമ്പനി ആരംഭിച്ചിരുന്നു. 2005 ലാണ് ഇതിന്റെ തുടക്കമെന്നും ആ യുവ കര്‍ഷകന്‍ പറ‌ഞ്ഞു.

കൃഷിയിലേക്ക് ദേവേഷ് തിരിയാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ കുടുംബം തന്നെയായിരുന്നു. ഏകദേശം 12 ഏക്കറില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ കൃഷി തന്നെയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗവും. പിന്നീട് ദേവേഷ് കൃഷിയിലേക്ക് തിരിഞ്ഞപ്പോള്‍ അ‌ഞ്ച് ഏക്കര്‍ പാട്ടത്തിനെടുത്തിരുന്നു. ഈ ഭൂമിയിലായിരുന്നു അദ്ദേഹം തന്റെ പ്രവര്‍ത്തന മേഖല വ്യാപിച്ചത്.

മ‌ഞ്ഞള്‍ അച്ചാര്‍, ചായ മസാല, ഇഞ്ചി പൗഡര്‍ തുടങ്ങി 27 ഉല്പന്നങ്ങളാണ് സത്വ ഓര്‍ഗാനിക്കിലൂടെ ദേവേഷ് ഇപ്പോള്‍ വിറ്റഴിക്കുന്നത്. ഓരോ മാസവും 15000 ത്തിന് പുറത്ത് ഓര്‍ഡറുകളാണ് കമ്പനിക്ക് ലഭിക്കുന്നത്. ഇവ കൂടാതെ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ആറ് ടണ്ണിലധികം ജൈവ ഇഞ്ചിയും മഞ്ഞളും കയറ്റി അയക്കുന്നു. ഇതിലൂടെ 1.52 കോടി രൂപയാണ് ഒരു വര്‍ഷം ലഭിക്കുന്നത്.

കാര്‍ഷിക രംഗത്തേക്ക് കടന്ന് വരാന്‍ ആഗ്രഹിക്കുകയും എന്നാല്‍ വരുമാനം ലഭിക്കുമോ എന്ന ഭയം കാരണം മാറി നില്‍ക്കുകയും ചെയ്യുന്ന നിരവധിപേര്‍ക്ക് ഇദ്ദേഹത്തിന്റെ ജീവിതം വഴികാട്ടി കൂടെയാണ്. തന്റെ കുടുംബം കഴിക്കുന്നത് ജൈവ ഉല്പന്നങ്ങളാണ്. അത് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് തന്റെ കൃഷിയുടെ അടിസ്ഥാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ് മെര്‍ക്കന്റൈല്‍ കോളേജ് ഓഫ് സയന്‍സ്, മാനേജ്മെന്റ് ആൻഡ് കമ്പ്യൂട്ടർ ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടർ സയന്‍സ് ബിരുദം നേടിയ ആളാണ് ദേവേഷ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.