മക്കൾ അമൂല്യരത്നങ്ങൾ

മക്കൾ അമൂല്യരത്നങ്ങൾ

വിദ്യാലയങ്ങൾ വീണ്ടും തുറന്നു. അറിവിൻ്റെ ശ്രീകോവിലുകൾ അടഞ്ഞുകിടന്നപ്പോൾ, കുട്ടികളുടെ നൈസർഗിക വാസനകളിൽ ഒരു ശൂന്യത ബാധിച്ചിരുന്നു. അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്ക്, പ്രത്യാശയോടെ പ്രവേശിക്കുമ്പോൾ നമുക്ക് വഴികാട്ടിയായി മുൻപിൽ നിൽക്കുന്നത്നാ മോരോരുത്തരുടെയും ജീവിതാനുഭവങ്ങളാണ്. ഷാർജയിലെ ഒരു അധ്യാപിക സുഹൃത്തിന്റെ അനുഭവം പങ്കുവെക്കട്ടെ.

ഒരു കുട്ടിയുടെ രക്ഷിതാവായ 'അമ്മ ക്ലാസ് ടീച്ചറിനെ വിളിക്കുന്നു. 'ടീച്ചർ എൻ്റെ കുട്ടിക്ക്‌ ക്ലാസ്സ്‌ നോട്ട്സ് അത്യാവശ്യമായി അയച്ചു തരണം. നോട്ട്സ് പലപ്പോഴും അവൻ എഴുതിയിരുന്നില്ല. ഓൺലൈൻ ക്ലാസുകളിൽ അവൻ മുടക്കം കൂടാതെ പങ്കെടുത്തിരുന്നു. ഓൺലൈൻ ക്ലാസ്സുകൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. ഒരു ശല്യവുമില്ല, ചീത്ത കൂട്ടുകെട്ടുകൾ ഇല്ല. കുട്ടി വീട്ടിലെപ്പോഴുമുണ്ട്. പക്ഷെ അതിപ്പോൾ ഇങ്ങനെയൊരു അവസ്ഥയിലേക്ക് വഴിമാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ അവനെപ്പോഴും അവന്റേതായ ഒരു ലോകത്തിലാണ്. അവൻ വീട്ടിൽ തനിച്ചിരിക്കുന്ന ഒരുപാട് സമയങ്ങളുണ്ട്. അവൻ സദാ മൊബൈൽ ഫോണിൽ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ. ചോദിച്ചാൽ ഇങ്ങോട്ട് ദേഷ്യപ്പെടും. സ്കൂൾ തുറന്നാൽ അസുഖങ്ങൾ, കൂട്ടുകെട്ടുകൾ എല്ലാം തുടങ്ങും അതുകൊണ്ട് ഓൺലൈൻ ക്ലാസ്സുകളാണ് നല്ലതെന്ന് കരുതിയിരുന്ന ഞങ്ങൾ ഇപ്പോൾ ഇതെല്ലാം കണ്ട് നിസ്സഹായരാണ്. ടീച്ചർ ഞങ്ങളുടെ അവസ്ഥ ക്ലാസ്സിൽ പറയണം. മാതാപിതാക്കളെ കടന്നാക്രമിക്കാനല്ല ; മറിച്ച് ചില ലാഘവ സമീപനങ്ങൾ മക്കളുടെ ജീവിത ദിശയെതന്നെ മാറ്റി മറിക്കുന്ന വിപത്തിലേക്ക് നയിക്കുന്നതാകുമെന്ന് പറയുവാൻ ആഗ്രഹിക്കുന്നു.

ദൈവവചനം പഠിപ്പിക്കുന്നു, "പിതാക്കൻമാരേ, കുട്ടികളെ കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തുവിൻ."(എഫേസോസ്‌ 6 : 4) മാറുന്ന ജീവിതശൈലിക്കനുസരിച്ച് ശിക്ഷണരീതിയിലും ഒരു മാറ്റം മാതാപിതാക്കളിൽ നിന്നും കാലം ആവശ്യപ്പെടുന്നു. മാതാപിതാക്കളുടെ ജീവിതശൈലി മക്കളിലേക്ക് പകർന്നുനൽകുന്ന ഹൃദ്യമായ ശൈലിയാണ് ശിക്ഷണം.

തങ്ങളുടെ ജീവിതമാതൃകയിലൂടെ മക്കളിലേക്ക് പകരുന്ന സ്നേഹത്തിന്റെ കവിഞ്ഞൊഴുകലാണത്. അവിടെ സ്നേഹം, കരുതൽ, ക്ഷമ, പ്രോത്സാഹനം, തിരുത്തൽ ഇങ്ങനെ എല്ലാ സാന്മാർഗ്ഗിക ഗുങ്ങളുമുണ്ട്. നല്ല ശിക്ഷണം കുട്ടികളുടെ ജീവിതത്തോടുള്ള ക്രിയാത്മക സമീപനത്തെ കൂടുതൽ ഊട്ടി ഉറപ്പിക്കുന്നു. ചുരുക്കി പറഞ്ഞാൽ മാതാപിതാക്കളുടെ ജീവിതമാതൃകയാണ് മക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷണം.ആരോഗ്യമുള്ള മനസ്സ് ക്രിയാത്മകമാണ്. അവിടെയാണ് യഥാർത്ഥ ജീവിതമൂല്യങ്ങൾ രൂപപ്പെടുന്നത്. ശിഷ്യൻമാരുടെ മനോഭാവം തന്നോളമുയർത്തുവാൻ അവരുടെ പാദങ്ങളോളം കുനിഞ്ഞ ഗുരുവിന്റെ മാതൃകയാണ് ഇവിടെ പ്രധാനം. ശരിയുടെ മനോഭാവം മക്കൾ സ്വായത്തമാക്കുവാൻ അവരിലേക്ക് ഇറങ്ങി ചെല്ലുന്ന ശൈലിയാണ് മാതാപിതാക്കൾക്ക്‌ വേണ്ടത്. 

എന്തിനും ഏതിനും കുറ്റപ്പെടുത്തുകയു, തങ്ങളുടെ ആഗ്രഹങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് ഭാവി തലമുറയോട് ചെയ്യുന്ന കടുത്ത അനീതിയാണ്. കുറുക്കുവഴികൾ കുട്ടികൾക്ക് കുരുന്നു പ്രായത്തിൽ കാണിച്ചു കൊടുത്ത് അധ്വാനത്തിന്റെ പാതയിൽനിന്നും അവരെ അകറ്റരുത്. വളഞ്ഞ വഴികളിൽ സഞ്ചരിച്ച് നേടുന്ന താത്കാലിക ലാഭത്തേക്കാൾ, നേർവഴിയിലൂടെ അധ്വാനിച്ച് നേടുന്ന സത്ഫലങ്ങളാണ് ജീവിതത്തിൽ സ്ഥായിയായി നിലനിൽക്കുന്നതെന്ന സന്ദേശം മാതാപിതാക്കളിൽ നിന്നുമാണ് കുട്ടികൾ സ്വായത്തമാക്കേണ്ടത്.വീടുകൾ കുട്ടികളുടെ ഗുരുകുലമാണ്. പരസ്പരമുള്ള ബഹുമാനം കുട്ടികൾ ആർജ്ജിക്കുന്നതും ഭവനങ്ങളിൽ നിന്നു തന്നെ. കളവ് പറയുന്ന ശീലം, ഉൾവലിയുന്ന സമീപനം, നിഷേധാത്മക നിലപാടുകൾ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികൾ കാണിച്ചുതുടങ്ങിയാൽ തുടക്കത്തിൽ തന്നെ മാതാപിതാക്കൾ മനസ്സിലാക്കണം. തുറന്ന കുറ്റപ്പെടുത്തലുകളോ, ശാസനകളോ, ശാപവാക്കുകളോ ഒന്നുമല്ല; സ്നേഹവും, കരുതലും, മക്കളിലേക്ക് ഇറങ്ങിചെല്ലുന്ന സമീപനവുമാണ് വേണ്ടത്. മക്കൾ ദൈവം നൽകിയ അമൂല്യമായ അനുഗ്രഹങ്ങളാണ്. ദൈവം വിശ്വസ്ഥതയോടെ ഏൽപ്പിച്ച മക്കളാകുന്ന രത്നങ്ങൾ പത്തരമാറ്റോടെ ഒളി മങ്ങാതെ കാത്തുസൂക്ഷിക്കുവാൻ മാത്രം വിളിക്കപ്പെട്ടവരാണ് മാതാപിതാക്കൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26