മഹാരാഷ്ട്രയിൽ ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കി

മഹാരാഷ്ട്രയിൽ ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമസഭ ഏകകണ്ഠമായി നിയമം പാസാക്കി

മുംബൈ: മഹാരാഷ്ട്രയിൽ ബലാത്സംഗ കുറ്റങ്ങള്‍ക്ക് ഇനി മുതൽ വധശിക്ഷ നടപ്പിലാക്കാനുള്ള നിയമം പാസാക്കി. മഹാരാഷ്ട്ര നിയമസഭ ഏകകണ്ഠമായാണ് നിയമം പാസാക്കിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ ഇത്തരം കുറ്റങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്ന വിധത്തില്‍ നിയമം പാസാക്കിയത്. ശക്തി ക്രിമിനല്‍ ലോസ്( മഹാരാഷ്ട്ര ഭേദഗതി) ബില്ലിനാണ് അസംബ്ലി അംഗീകാരം നല്‍കിയത്.

മാനഭംഗം, കൂട്ടബലാത്സംഗം തുടങ്ങിയ ഹീനകൃത്യങ്ങളില്‍ വധശിക്ഷ നല്‍കാനുള്ള നിയമം അംഗീകരിച്ച രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. നേരത്തെ ആന്ധ്രപ്രദേശ് ഇത്തരത്തില്‍ നിയമം പാസാക്കിയിരുന്നു.
ആന്ധ്രയിലെ ദിശ ആക്ടിന്റെ മാതൃകയില്‍, സംസ്ഥാനത്തും ബലാത്സംഗ കുറ്റങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് 2019 ഡിസംബറിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2020 ഡിസംബറില്‍ ബില്ലിന്റെ കരട് തയ്യാറായി. ഇന്നലെ ബില്ലിന് മഹാരാഷ്ട്ര നിയമസഭ അംഗീകാരം നല്‍കുകയായിരുന്നു.

ബില്‍ പ്രകാരം 16 വയസില്‍ താഴെയുള്ളവര്‍ക്കെതിരായ അതിക്രമം, കൂട്ടബലാത്സംഗം തുടങ്ങിയ കേസുകളില്‍ വധശിക്ഷയോ, ജീവപര്യന്തം ശിക്ഷയോ ആണ് നിര്‍ദേശിക്കുന്നത്. സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടായെന്ന പരാതികളില്‍ 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.

അന്വേഷണത്തില്‍ വിവരം കൈമാറാത്ത സമൂഹമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ ഡാറ്റ പ്രൊവൈഡേഴ്‌സ് എന്നിവരെ മൂന്നു മാസം തടവിനോ 25 ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ ശിക്ഷിക്കാമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ആർക്കെങ്കിലും എതിരെ തെറ്റായ പരാതി നല്‍കുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്ക് മൂന്നുവര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കണമെന്നും നിയമത്തില്‍ പറയുന്നു.

ആസിഡ് ആക്രമണക്കേസുകലില്‍ പരമാവധി 15 വര്‍ഷം തടവുശിക്ഷ നല്‍കണം. ആക്രമിക്കപ്പെട്ടയാളുടെ സാധാരണ ജീവിതത്തിന് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വ്യക്തമായാല്‍ പ്രതിയുടെ ശിക്ഷ വീണ്ടും ദീര്‍ഘിപ്പിക്കാം. കൂടാതെ പ്രതിയുടെ പക്കല്‍ നിന്നും പിഴ ഈടാക്കി നല്‍കണമെന്നും നിയമത്തില്‍ പറയുന്നു. ഇരയുടെ പ്ലാസ്റ്റിക് സര്‍ജറി അടക്കമുള്ളവയുടെ പണം ഇത്തരം പിഴയിലൂടെ കണ്ടെത്തണമെന്നും നിയമത്തില്‍ നിര്‍ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.