ബൈബിള്‍ നിറയെ ഒരു നക്ഷത്രകുമാരന്റെ കഥയാണ് ... തല്ക്കാലം അഞ്ചു രംഗങ്ങളായി ഈ കഥ ചുരുക്കാം... സ്റ്റേജവതരണത്തിന് അനുയുക്തമായ ഒരു ശൈലിയാണ് രചനയിൽ അവലംബിച്ചിട്ടുള്ളത്.
രംഗം ഒന്ന് (ഉത്പ 2,5-3,19)
ഒരിടത്തൊരിടത്തൊരു ഏദന്‍ ഉണ്ടായിരുന്നു.
ആദാമിന്റെ ഏദന്‍; ഹവ്വയുടെയും.
അവിടെ നക്ഷത്രങ്ങള്‍ തിളങ്ങിയിരുന്നു.
കിളികളുടെ പാട്ടിന് സ്വര്‍ഗം ശ്രുതിമീട്ടിയിരുന്നു.
വൃക്ഷങ്ങളെല്ലാം നമ്രശിരസ്‌കരായേ നിന്നിരുന്നുള്ളൂ.
സിംഹവും മാനും ചങ്ങാത്തം കൂടിയിരുന്നു.
രാപകലുകള്‍ എന്നും ലയവിസ്മയ നിറച്ചാര്‍ത്തുകള്‍ തീര്‍ത്തിരുന്നു.
ഒരിക്കല്‍ അവിടെ ഫണമുയര്‍ന്നു.
വൃക്ഷം അഹങ്കാരിയായി ശിരസ്സുയര്‍ത്തി.
നക്ഷത്രങ്ങള്‍ താഴെപ്പതിച്ചു!
എങ്ങും എവിടെയും മൂളലും മുരങ്ങലും.
മണ്ണില്‍ മുളച്ചതെല്ലാം മുള്ളുകള്‍!
ആദവും ഹവ്വയും ശിരസ്സു താഴ്ത്തി വൃക്ഷത്തിന്‍ പിന്നിലൊളിച്ചു. നാണം, സര്‍വത്ര നാണം!
കാളീയമര്‍ദനത്തിന്റെ മഹാവിളംബരം കേട്ട് കാലം ഒരുവേള കോള്‍മയിര്‍കൊണ്ടു:
''നീയും സ്ത്രീയുംതമ്മിലും
നിന്റെ സന്തതിയും അവളുടെ സന്തതിയുംതമ്മിലും
ഞാന്‍ ശത്രുത ഉളവാക്കും.
അവന്‍ നിന്റെ തല തകര്‍ക്കും;
നീ അവന്റെ കുതികാലില്‍ ദംശിക്കുകയും ചെയ്യും.'' (ഉത്പ 3,15)
ഇരുളിന്റെ കനത്ത വിതാനത്തില്‍
കാലത്തിന്റെ വിദൂരകോണില്‍
ഒരു ഉഷഃകാലതാരം അവ്യക്തമായി മിന്നി!
താഴെപ്പതിച്ച നക്ഷത്രങ്ങളുടെയെല്ലാം ഉടയവന്‍ -
സാക്ഷാല്‍ നക്ഷത്രകുമാരന്‍ -
അവള്‍ക്കു പിന്നാലെ ഉണ്ടായിരുന്നു!
രംഗം രണ്ട്(സംഖ്യ 22,1-24,25)
മൊവാബില്‍ കോളിളക്കമുണ്ടായി - നാടോടിശല്യം!
മുഖവും സ്വരവും നഷ്ടപ്പെട്ട് മിസ്രായീമില്‍നിന്ന് ഓടിപ്പോന്ന
അബ്രാമിന്റെ സന്തതികളെ
ബാലാമിന്റെ ശാപക്കയ്പുകൂടി കുടിപ്പിക്കണമെന്ന്
ബാലാക്കിനു കടുത്ത നിര്‍ബന്ധം.
വിമോചനയാത്ര തടയാന്‍ അവിവേകയാത്ര നടത്തിയവന്‍ ഒടുവില്‍ മൊഴിഞ്ഞു:
''ഞാന്‍ അവനെ കാണുന്നു, എന്നാല്‍ ഇപ്പോഴല്ല;
ഞാന്‍ അവനെ ദര്‍ശിക്കുന്നു, എന്നാല്‍ അടുത്തല്ല.
യാക്കോബില്‍നിന്ന് ഒരു നക്ഷത്രം ഉദിക്കും...'' (സംഖ്യ 24,17).
അതെ, ക്ഷുദ്രപ്രയോഗിയായ വിജാതീയനുപോലും
വിദൂരകോണില്‍ നക്ഷത്രം തെളിഞ്ഞു.
ബാലാം കണ്ടു അവ്യക്തമായി, നക്ഷത്രകുമാരനെ!
രംഗം മൂന്ന്(ഏശ 7-9)
സിറിയായും എഫ്രായിമും കൈകോര്‍ത്തു.
യൂദാ നടുങ്ങിവിറച്ചു.
അസീറിയയിലേക്ക് ആഹാസ് ഉറ്റുനോക്കി.
സഖ്യചിന്തകള്‍ രാജമനസ്സില്‍ നിറഞ്ഞു.
ഏശയ്യായുടെ പാഞ്ചജന്യം:
''യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
അവന്‍ 'ഇമ്മാനുവേല്‍' എന്നു വിളിക്കപ്പെടും'' (ഏശ 7,14).
(ഓമനത്തിങ്കള്‍ക്കിടാവോ.... ഹമ്മിങ്)
''അന്ധകാരത്തില്‍ കഴിഞ്ഞ ജനം
മഹത്തായ ഒരു പ്രകാശം കണ്ടു;
കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശമുദിച്ചു'' (ഏശ 9,2).
രംഗം നാല്(സുവിശേഷങ്ങള്‍)
''കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കുമുമ്പേ നീങ്ങിക്കൊണ്ടിരുന്നു'' (മത്താ 2,9).
(ദൂരെനിന്നും...ദൂരെദൂരെനിന്നും...)
കുമാരന്‍ കിടന്നേടത്തിനു മുകളിലായി
നക്ഷത്രം തിളങ്ങിനിന്നു.
പൗരസ്ത്യജ്ഞാനികള്‍ അടുത്തായി ദര്‍ശിച്ചു -
യാക്കോബില്‍ നിന്നുദിച്ച നക്ഷത്രത്തെ,
ഉഷകാലതാരം കൈകളിലേന്തിയ നക്ഷത്രകുമാരനെ.
''ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്'' (യോഹ 8,12)
എന്നു പിന്നീടു പറഞ്ഞതും ആ യേശുതന്നെയാണ്.
രംഗം അഞ്ച്
(വെളിപാട്)
ഉത്പത്തിയിലെ 'സ്ത്രീ'യും
ഏശയ്യായിലെ 'യുവതി'യും
മത്തായിയിലെ 'കന്യക'യും
യോഹന്നാനിലെ 'സ്ത്രീ'യും (2,4; 19,26)
വെളിപാടിലെ 'സ്ത്രീ'യും (വെളി 12).
നക്ഷത്രകുമാരന്റെ അമ്മ തന്നെ!
വെളിപാടന്ത്യത്തില്‍ നക്ഷത്രരാജാവിന്റെ സ്വരമുയരുന്നു:
''ഞാന്‍ ദാവീദിന്റെ വേരും സന്തതിയുമാണ്;
പ്രഭാപൂര്‍ണനായ പ്രഭാതനക്ഷത്രം'' (വെളി 22,16)
നക്ഷത്രപ്പിറന്നാള്‍
നക്ഷത്രകുമാരന്റെ തിരുനാളില്‍
നക്ഷത്രാലങ്കാരങ്ങള്‍ ഒരുക്കുമ്പോള്‍ ഈ കവിതാശകലം ഓര്‍ക്കുക:
ഉയരങ്ങളിലേക്കു നോക്കിയവര്‍
നക്ഷത്രം കണ്ടൂ . . .
നക്ഷത്ര വഴി കണ്ടൂ . . .
നക്ഷത്ര താവളം കണ്ടൂ . . .
നക്ഷത്രകുമാരനെ കണ്ടൂ . . .
നക്ഷത്രകുമാരനെ കണ്ടവര്‍ ജ്വലിച്ചൂ,
നക്ഷത്രങ്ങളായി . . . (സങ്കീ 36,19)
നിങ്ങള്‍ തെളിക്കുന്ന നക്ഷത്രം നിങ്ങളുടെതന്നെ മനസ്സില്‍ തെളിയട്ടെ!
ആയിരം നക്ഷത്രാശംസകള്‍!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.