വത്തിക്കാന്‍ സിറ്റി: വിനീത ഹൃദയത്തിന്റെ മഹിമയും സൗന്ദര്യവും സ്വായത്തമാക്കേണ്ട വേളയാകണം ക്രിസ്മസ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.'രാജാക്കന്മാരുടെ രാജാവ് കൃത്യമായും വിനയത്തിന്റെ വാതായനത്തിലൂടെയാണ് ലോകത്തിലേക്ക് പ്രവേശിച്ചത്'- റോമന്‍ കൂരിയയിലെ അംഗങ്ങള്‍ ക്രിസ്മസ് ആശംസകളുമായി തന്നെ കണ്ടപ്പോള്‍ നല്‍കിയ സന്ദേശത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. സഭാ കേന്ദ്ര ഭരണസമിതിയുടെ വ്യക്തിത്വവും ദൗത്യവും പ്രതിഫലിപ്പിക്കത്തക്കവിധത്തില്‍ സാഹോദര്യം 'ഉറക്കെ' പ്രകടിപ്പിക്കാന്‍ റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്കു കഴിയണമെന്നും മാര്‍പാപ്പ പറഞ്ഞു.
അഹങ്കാരവും സ്വാര്‍ഥതയും പദവിയുടെ അഹന്തയും വെടിഞ്ഞ് വിനീതരാകാന്‍ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു. ആധ്യാത്മിക ജീവിതത്തിലെ വ്യതിചലനങ്ങളാണിവ. സഭാ ദൗത്യനിര്‍വഹണത്തില്‍ അഴിമതിക്കിടയാക്കുന്നു ഈ വ്യതിചലനം. എളിമയോടെ അശരണര്‍ക്ക് ആലംബമാകുക എന്ന ദൗത്യമാണ് സുപ്രധാനം. പാരമ്പര്യത്തിന്റെ കാര്‍ക്കശ്യത്തില്‍ ഈ ദൗത്യം മറഞ്ഞുപോകരുത്. നല്ലതിനെന്ന പേരില്‍ പാരമ്പര്യം പറഞ്ഞ് അഴിമതി തുടരുന്നത് ഒഴിവാക്കിയേ തീരൂ. പാരമ്പര്യത്തെക്കുറിച്ച് ആകുലപ്പെട്ട് ഭാവിയെ മറക്കുന്നതല്ല എളിമ. അഹങ്കാരികള്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു, അവര്‍ അനുരഞ്ജനത്തിന്റെ വഴികളല്ല തേടുന്നത്.
പദവിയുടെ ആഡംബരങ്ങളില്‍ ഭ്രമിച്ച് പാവങ്ങളെ മറക്കുന്നതിനെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ബൈബിളിലെ നാമാന്റെ കഥ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ധീരതയുടെയും ബഹുമതികളുടെയും പിന്നില്‍ നാമാന്‍ കുഷ്ഠ രോഗത്തെ മറച്ചുവെച്ചു.'നമ്മുടെ ജീവിതത്തിലും പലപ്പോഴും ഈ വൈരുദ്ധ്യം കണ്ടെത്താനാകും. ചിലപ്പോള്‍ വലിയ സമ്മാനങ്ങള്‍ വലിയ ബലഹീനതകള്‍ മറയ്ക്കുന്ന കവചമാണ്.'
നാമാന്റെ പ്രശ്നത്തിന് ലളിതമായ പരിഹാരം വാഗ്ദാനം ചെയ്തു എലീശാ പ്രവാചകന്‍. കവചങ്ങള്‍ അഴിച്ചുമാറ്റി ജോര്‍ദാന്‍ നദിയില്‍ കുളിക്കാന്‍ പറഞ്ഞപ്പോള്‍ പട്ടാള മേധാവി ആദ്യം മടിച്ചു.സൗഖ്യം കണ്ടെത്തുന്നതിനായി അനുതപിക്കുകയും താഴ്മയോടെ ഇറങ്ങുകയും ചെയ്യണമെന്നതായിരുന്നു പ്രവാചകന്റെ ഉദ്‌ബോധനം. 'ആധികാരിക ജീവിതത്തിന്റെ പൂര്‍ണ്ണതയ്ക്കായി ലോകത്തിന്റെ മഹത്വം മാറ്റിവെക്കേണ്ട സമയം' ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ വരുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.'നമ്മുടെ കവചങ്ങള്‍, അധികാരങ്ങള്‍, സ്ഥാനങ്ങള്‍, സ്ഥാനപ്പേരുകള്‍ എന്നിവ ഒഴിവാക്കിയാല്‍, നാമെല്ലാവരും രോഗശാന്തി ആവശ്യമുള്ള കുഷ്ഠരോഗികളാണ്. ഈ തിരിച്ചറിവിന്റെ ജീവനുള്ള ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്മസ്.'
പദവി, ആരാധനക്രമം, സിദ്ധാന്തം, മതപരമായ ഭക്തി എന്നിവയുടെ പോഷണാര്‍ത്ഥം വിനയം മാറ്റിവയ്ക്കുന്ന 'ആത്മീയ ലൗകികതയുടെ' പ്രലോഭനത്തിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി. മഹത്തായ ഉദ്യമങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നതിനപ്പുമായി സേവനത്തിനോ നമ്മില്‍ നിക്ഷിപ്തമായ യഥാര്‍ത്ഥ ദൗത്യത്തിനോ സമയം ചിലവഴിക്കാത്ത വ്യര്‍ത്ഥതയിലേക്ക് ഇത് നയിക്കുന്നു.താഴ്മ എന്നാല്‍ നമ്മുടെ മനുഷ്യത്വത്തെ 'യാഥാര്‍ത്ഥ്യബോധത്തോടെയും സന്തോഷത്തോടെയും പ്രത്യാശയോടെയും സ്വായത്തമാക്കുക' എന്നാണ് അര്‍ത്ഥം. നമ്മുടെ ദാരിദ്ര്യത്തെ യേശുവിന്റെ സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും ഭാഗമാക്കണം.നാമെല്ലാം എളിമയിലേക്കു വിളിക്കപ്പെട്ടവരാണ്. എളിമയില്ലെങ്കില്‍ നാം രോഗികളാകും- മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26