ജെറുസലേം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും ബെത് ലഹേമില്‍ ഈ വര്‍ഷം ക്രിസ്മസ് ആഘോഷങ്ങള്‍ പുനരാരംഭിച്ചു. ദൈവം മനുഷ്യനായി പിറന്ന പാലസ്തീന്‍ നഗരം പരമ്പരാഗത മാര്‍ച്ചിംഗ് ബാന്‍ഡ് പരേഡുകളിലേക്കും തെരുവ് ആഘോഷങ്ങളിലേക്കും മടങ്ങി. സ്‌കൗട്ട് ബാന്‍ഡുകള്‍ ഡ്രംസ് മുഴക്കി; നഗര മധ്യത്തിലെ മാംഗര്‍ സ്‌ക്വയറില്‍ വര്‍ണ്ണ പതാകകള്‍ നിറഞ്ഞു.
യേശു ജനിച്ചയിടത്തെ ഗ്രോട്ടോ സ്ഥിതി ചെയ്യുന്ന ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ ലത്തീന്‍ പാത്രിയര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസാബല്ലയുടെ നേതൃത്വത്തില്‍ അര്‍ദ്ധരാത്രി കുര്‍ബാന നടന്നു. മഹാവ്യാധിയുടെ തീവ്രത കുറയാനുള്ള പ്രാരത്ഥനയ്ക്കു ശേഷമാണ് ജെറുസലേമില്‍ നിന്ന് ബെത് ലഹേമിലേക്ക് പാത്രിയര്‍ക്കീസ് യാത്ര തിരിച്ചത്.'നമ്മുടെ സാമൂഹിക ജീവിതം വീണ്ടും കൊണ്ടുവരാന്‍ നമുക്ക് തീര്‍ഥാടകരെ ആവശ്യമുണ്ട്'-അദ്ദേഹം പറഞ്ഞു. ' പഴയ നഗരമായ ജെറുസലേം ഏതാണ്ട് ശൂന്യമായി കാണുന്നത് വളരെ സങ്കടകരമാണ്.'
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം പ്രദേശവാസികള്‍ പോലും വീട്ടില്‍ താമസിച്ചിരുന്ന കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസിനേക്കാള്‍ ഇത്തവണ ആഘോഷങ്ങള്‍ മികച്ചതായിരിക്കുമെന്ന് തനിക്ക് ശുഭാപ്തി വിശ്വാസമുള്ളതായി ബെത് ലഹേം മേയര്‍ ആന്റണ്‍ സല്‍മാന്‍ പറഞ്ഞു.'കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ ഉത്സവം വെര്‍ച്വല്‍ ആയിരുന്നു, എന്നാല്‍ ഈ വര്‍ഷം അത് ജനകീയ പങ്കാളിത്തത്തോടെ മുഖാമുഖം ആയിരിക്കും,'- സല്‍മാന്‍ പറഞ്ഞു.
എന്നിരുന്നാലും, ഒമിക്രോണ്‍ വ്യാപനം മൂലം ഇസ്രായേലിലേക്കുള്ള മിക്കവാറും എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചത്, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അന്താരാഷ്ട്ര വിനോദസഞ്ചാരികളെ അകറ്റി നിര്‍ത്തി.വിദേശ വിനോദസഞ്ചാരികളെ തടഞ്ഞുനിര്‍ത്തിയ ഒന്നര വര്‍ഷത്തെ നിരോധനം നവംബറില്‍ ഇസ്രായേല്‍ നീക്കിയെങ്കിലും ഏതാനും ആഴ്ചകള്‍ക്കുശേഷം അത് വീണ്ടും ഏര്‍പ്പെടുത്താന്‍ രാജ്യം നിര്‍ബന്ധിതമായി. ബെത്ലഹേമിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ടൂറിസം.
വത്തിക്കാനടക്കം വിവിധ രാജ്യങ്ങളിലെ ക്രിസ്മസ് പ്രാര്‍ത്ഥനകളും ആഘോഷങ്ങളും സാന്താക്‌ളോസ് രൂപങ്ങളുമെല്ലാം ചിത്രങ്ങളായി ലോകമെമ്പാടും മാദ്ധ്യമങ്ങള്‍ വഴി നിറയുകയാണ്.അതേസമയം, പതിനായിരത്തിലേറെ പേരിലേക്ക് ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ മുന്‍ വര്‍ഷത്തേക്കാള്‍ ജാഗ്രതയിലാണ്.
മഞ്ഞുവീണ് പ്രകൃതി ആകെ വെണ്‍മയില്‍ നില്‍ക്കുന്ന പൊതു യൂറോപ്യന്‍ കാലാവസ്ഥ തന്നെയാണ് ക്രിസ്മസ്സിനെ വേറിട്ടതാക്കുന്നത്. സാന്താക്‌ളോസിനൊപ്പം ചെറി റെഡ് എന്ന പാശ്ചാത്യര്‍ വിളിക്കുന്ന ചുവപ്പും തവിട്ടും കലര്‍ന്ന നിറങ്ങളുള്ള വസ്ത്രങ്ങളും വിവിധ നക്ഷത്രങ്ങളും ദീപാലങ്കാരവുമെല്ലാം ആഘോഷങ്ങളുടെ മാറ്റുകൂട്ടുന്നുണ്ട്. ഒരാഴ്ചത്തേക്കെങ്കിലും ജനങ്ങളുടെ ആധിയും വ്യാകുലതകളും മറക്കാന്‍ ക്രിസ്തുമസ് സഹായിക്കുന്നു.
വിവിധ രാജ്യങ്ങളുടെ കൊറോണ-ഒമിക്രോണ്‍ വ്യാപന രീതി ഏറ്റക്കുറച്ചിലുകളോടെ നില്‍ക്കുമ്പോഴും ക്രിസ്മസ് ഇത്തവണ ഏറെക്കുറെ പഴയ പ്രൗഢിയിലേക്ക് തിരികെ എത്തിയെന്നാണ് ലണ്ടന്‍ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ക്ക് പല രാജ്യങ്ങളും ഒമിക്രോണ്‍ ഭീതിയില്‍ വിലക്കേര്‍പ്പെടുത്തിയത് ചിലരുടെ അവധിയാത്രകളെ തകിടം മറിച്ചു. എങ്കിലും യൂറോപ്പിലെങ്ങും ക്രിസ്മസ് ആഘോഷമാണ്. നിയന്ത്രണങ്ങള്‍ക്കിടയിലും പുതുവര്‍ഷപ്പുലരി വരെ ഈ ആഘോഷങ്ങള്‍ നീളും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.