വത്തിക്കാന്‍ സിറ്റി: ചെറുപ്പത്തില്‍ ഗോള്‍ കീപ്പറായി ഫുട്‌ബോള്‍ കളിച്ചത് സഭാ സേവനകാലത്ത് തനിക്ക് ഏറെ ഗുണകരമായെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ വശത്തുനിന്നും ഉണ്ടാകാവുന്ന അപകടങ്ങളോട് പ്രതികരിക്കാനുള്ള നിതാന്ത ജാഗ്രത അങ്ങനെയാണു ശീലമായതെന്ന് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, ഇറ്റാലിയന്‍ മാധ്യമങ്ങളായ 'റിപ്പബ്ലിക്ക', 'ലാ സ്റ്റാമ്പ' എന്നിവയുടെ റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കവേ മാര്‍പാപ്പ അനുസ്മരിച്ചു.
ഇന്നത്തെ ക്രിസ്മസിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവേ ബ്യൂണസ് ഐറിസിലെ ബാല്യകാലത്തിലേക്ക് പോയി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിന്തകളും വാക്കുകളും. തന്റെ വായനാശീലം, പ്രിയപ്പെട്ട കായിക വിനോദങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മാര്‍പാപ്പ സംസാരിച്ചു. ഇതിനിടെയും ദരിദ്രരിലേക്കും രോഗികളായ കുട്ടികളിലേക്കും ദുരുപയോഗത്തിന് ഇരയാകുന്ന മുഷ്യ ജീവിതങ്ങളിലേക്കും മനുഷ്യരാശിയുടെ ഭാവിയിലേക്കും തിരിഞ്ഞുകൊണ്ടിരുന്നു ഉത്ക്കണ്ഠയോടെ ആ മനസ്.
കുടുംബ ക്രിസ്മസ്
അര്‍ജന്റീനയിലെ തന്റെ കുടുംബത്തിന് ഡിസംബര്‍ 25 ന് രാവിലെ മുത്തശ്ശിമാരുടെ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് പാരമ്പര്യമായിരുന്നു. 'ഒരിക്കല്‍ ഞങ്ങള്‍ എത്തിയപ്പോള്‍ മുത്തശ്ശി അപ്പോഴും 'കപ്പല്ലെറ്റി' ( മാംസം നിറച്ച് മോതിരത്തിന്റെ ആകൃതിയിലുണ്ടാക്കുന്ന പലഹാരം) ഉണ്ടാക്കുകയായിരുന്നു. 400 എണ്ണം മുത്തശ്ശി ഒറ്റയ്ക്ക് കൈകൊണ്ട് ഉണ്ടാക്കി ! ഞങ്ങള്‍ അത്ഭുതപ്പെട്ടു! അമ്മാവന്മാരും കസിന്‍ സഹോദരരും സഹിതം ഞങ്ങളുടെ കുടുംബം മുഴുവന്‍ അവിടെ ഉണ്ടായിരുന്നു'
ക്രിസ്മസ് 'എല്ലായ്പ്പോഴും ഒരു ആശ്ചര്യമാണ്. നമ്മെ സന്ദര്‍ശിക്കാന്‍ വരുന്നത് കര്‍ത്താവാണ് '. ദൈവത്തെ കണ്ടുമുട്ടാനുള്ള തയ്യാറെടുപ്പാണത്. 'സൈലന്റ് നൈറ്റ്', ഇറ്റാലിയനിലെ 'തു സെന്‍ഡി ഡാലെ സ്റ്റെല്ലെ' തുടങ്ങിയ ക്രിസ്മസ് ഗാനങ്ങള്‍ തനിക്ക് ഇഷ്ടമാണ്. അവ 'സമാധാനവും പ്രത്യാശയും പകരുന്നു. നമുക്ക് വേണ്ടി നമ്മെപ്പോലെ ഭൂമിയില്‍ ജനിച്ച ദൈവപുത്രനിലൂടെ് സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.'
ചിന്തകളില്‍ പാവപ്പെട്ടവര്‍, രോഗികളായ കുട്ടികള്‍
ക്രിസ്മസ് വേളയില്‍, പാപ്പായുടെ ചിന്തകള്‍ എത്തിനില്‍ക്കുന്നത് ദരിദ്രനായി ജനിച്ച യേശുവിനെപ്പോലെയുള്ള ദരിദ്രരിലേക്കും, സമൂഹം മറന്നവരിലേക്കും, ഉപേക്ഷിക്കപ്പെട്ടവരിലേക്കും, ഏറ്റവും ചെറിയവരിലേക്കും, പ്രത്യേകിച്ച് ദുരുപയോഗം ചെയ്യപ്പെട്ടവരിലേക്കും അടിമകളാക്കപ്പെട്ട കുട്ടികളിലേക്കും. 'ദുര്‍ബലരായ മുതിര്‍ന്നവരുടെയും ചൂഷണത്തിന് വിധേയരായ കുട്ടികളുടെയും കഥകള്‍ കേള്‍ക്കുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു' -പാപ്പ പറഞ്ഞു.ക്രിസ്മസ് വേളയിലും് ആശുപത്രികളില്‍ കഴിയുന്ന കുട്ടികള്‍ക്ക് തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട. അവരുടെ കഷ്ടപ്പാടുകള്‍ അഭിമുഖീകരിക്കുമ്പോള്‍ വാക്കുകള്‍ക്ക് അര്‍ത്ഥമില്ലാതാകുന്നു. 'നമുക്ക് വിശ്വാസത്തില്‍ മുറുകെ പിടിക്കാന്‍ മാത്രമേ കഴിയൂ.' ആരോഗ്യമുള്ള കുട്ടികളുടെ മാതാപിതാക്കളോട് പാപ്പ പറയുന്നു: 'നിങ്ങള്‍ എത്ര ഭാഗ്യമുള്ളവരാണെന്നത് മറക്കരുത്'. സന്താനങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തയ്യാറാകണമെന്ന് പാപ്പ അവരോടഭ്യര്‍ത്ഥിച്ചു.
ആരോഗ്യ പരിപാലന രംഗത്തു സേവനമനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ ആദരവും നന്ദിയും അര്‍പ്പിച്ചു 'പലപ്പോഴും ഈ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ദൈനംദിന ജോലിയുടെ മഹത്വം നാം തിരിച്ചറിയുന്നില്ല. നമ്മള്‍ അവരോടു നന്ദിയുള്ളവരായിരിക്കണം.'.
പഴയ ഗോള്‍കീപ്പര്‍
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തനിക്ക് 85 വയസ്സ് തികഞ്ഞുവെന്നത് അനുസ്മരിച്ചുകൊണ്ടാണ്്, കുട്ടിക്കാലത്ത് തന്റെ ജന്മദിനം എങ്ങനെ ആഘോഷിച്ചുവെന്ന ചോദ്യത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരം നല്‍കിയത്. ' മുഴുവന്‍ കുടുംബവും പങ്കെടുക്കുന്ന പാര്‍ട്ടി ഉണ്ടാകുമായിരുന്നു. കട്ടിയുള്ള ചൂടുള്ള ചോക്ലേറ്റ് ഉണ്ടാക്കുമായിരുന്നു എന്റെ അമ്മ'. അക്കാലത്തെ ഏറ്റവും തിളങ്ങുന്ന ഓര്‍മ്മ, അയല്‍പക്കത്തുള്ള എല്ലാ കുട്ടികളുമൊത്ത് വീടിനടുത്തുള്ള ഒരു സ്‌ക്വയറില്‍ സോക്കര്‍ കളിച്ചിരുന്നതാണെന്ന് പാപ്പ പറയുന്നു.
അര്‍ജന്റീനയില്‍ ഒരു സാംസ്‌കാരിക ചിഹ്നമായി കരുതിയിരുന്ന 'പെലോട്ട ഡി ട്രാപ്പോ' എന്ന തുണിക്കഷണം കൊണ്ടാണ് പന്ത് നിര്‍മ്മിച്ചിരുന്നത്. മറ്റ് പൊസിഷനുകളില്‍ താന്‍ അത്ര ശോഭിച്ചില്ലെങ്കിലും ഗോള്‍ കീപ്പറുടെ റോളില്‍ മികച്ച പ്രകടനം നടത്തി. 'ഗോള്‍കീപ്പര്‍ ആയതിലൂടെ എനിക്ക് ജീവിതത്തിലെ വലിയ പാഠങ്ങളാണ് സ്വന്തമായത്. എല്ലാ വശത്തുനിന്നും ഉണ്ടാകാവുന്ന അപകടങ്ങളോട് പ്രതികരിക്കാന്‍ ഗോള്‍കീപ്പര്‍ തയ്യാറായിരിക്കണം....'
യുവാവായ ജോര്‍ജ്ജ് മരിയ ബെര്‍ഗോഗ്ലിയോക്ക് ബാസ്‌ക്കറ്റ്‌ബോളിലും പ്രാവീണ്യമുണ്ടായിരുന്നു. ഒപ്പം വായനയ്ക്ക് തന്റെ കുടുംബത്തില്‍ ഉയര്‍ന്ന പരിഗണന ലഭിച്ചു. വായനയില്‍ ഭ്രമമുള്ളയാളായിരുന്നു തന്റെ പിതാവ്. അദ്ദേഹത്തിന്റെ പ്രേരണയില്‍ വായിച്ച എഡ്മണ്ടോ ഡി അമിസിസിന്റെ 'ക്യൂര്‍', ജോര്‍ജ് ലൂയിസ് ബോര്‍ജസിന്റെയും ഫെയദോര്‍ ദോസ്‌തോവ്‌സ്‌കിയുടെയും നോവലുകള്‍, ഫ്രെഡറിക് ഹോള്‍ഡര്‍ലിന്റെ കവിതകള്‍ എന്നിവ സ്വഭാവ രൂപീകരണത്തില്‍ ഏറ്റവും സഹായിച്ചു. 'ഡിവൈന്‍ കോമഡി'യിലെ പല ഭാഗങ്ങളും തന്റെ പിതാവിന് ഹൃദിസ്ഥമായിരുന്നു.
'റേഡിയോയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓപ്പറകളെക്കുറിച്ച് അമ്മ അതിനിടയില്‍ മക്കളോട് വിശദീകരിച്ചു പറയും. ഞങ്ങളെ തിയേറ്ററിലേക്കും കൊണ്ടുപോയിരുന്നു. അതിനും പുറമെ ആയിരുന്നു പുസ്തകവുമായുള്ള സംഭാഷണം. ടെലവിഷനോ ടാബ്ലെറ്റുകള്‍ക്കോ നല്‍കാന്‍ കഴിയാത്ത ആത്മബന്ധത്തിന്റെ നിമിഷമാണത്'- ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നു.
ഗൃഹാതുരത, പക്ഷേ വിഷാദമല്ല
ഗൃഹാതുരതയെപ്പറ്റി ഫ്രാന്‍സിസ് മാര്‍പാപ്പ: അര്‍ജന്റീനയിലെ പാരമ്പര്യ പ്രകാരം തനിക്ക് 16 വയസ്സ് തികഞ്ഞപ്പോഴാണ് ആദ്യമായി നീളമുള്ള പാന്റ്സ് ധരിച്ചത്. സമൂഹത്തിലേക്കുള്ള അരങ്ങേറ്റം പോലെയായിരുന്നു അത്. തന്റെ അമ്മയുടെ അമ്മയായ മരിയ സമ്മിശ്രവികാരത്തോടെയാണ് അതിനു സാക്ഷ്യം വഹിച്ചത്.പിതാവിന്റെ അമ്മയായ മുത്തശ്ശി റോസ വ്യത്യസ്തയായിരുന്നു. 'കൂടുതല്‍ ഒതുക്കമുള്ള പ്രകൃതമായിരുന്നു മുത്തശ്ശിയുടേത്.ആ മുത്തശ്ശി കുറച്ച് മാത്രം സംസാരിച്ചു, പക്ഷേ എല്ലാം മനസ്സിലാക്കി. ഞാന്‍ അവരോടൊപ്പമെല്ലാം ജീവിച്ച നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ഗൃഹാതുരത്വം തോന്നുന്നു, പക്ഷേ വിഷാദമില്ല. ഒരുപക്ഷേ എന്റെ വ്യക്തിപരമായ പശ്ചാത്തലം കൊണ്ടാകാം. അതില്‍ മുഴുകാന്‍ ഞാന്‍ എന്നെ അനുവദിക്കുന്നില്ല.ഒരുപക്ഷേ എപ്പോഴും മുന്നോട്ട് നോക്കുന്ന എന്റെ അമ്മയില്‍ നിന്നാകാം ഈ സ്വഭാവം ലഭിച്ചത്.' ഏറ്റവുമധികം 'മിസ്' ചെയ്യുന്നുവെന്ന് തനിക്കു തോന്നുന്നത് മൂന്ന് സഹോദരങ്ങളെയാണെന്നും പാപ്പ പറഞ്ഞു.അതേസമയം, അവര്‍ നിത്യശാന്തിയിലാണെന്ന ചിന്ത സമാധാനമേകുന്നുമുണ്ട്.
.
രാവിലെ നാല് മുതല്‍ കര്‍മ്മനിരതം
ഗെമെല്ലി ഹോസ്പിറ്റലിലെ ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ആരോഗ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് 'സുഖമായിരിക്കുന്നു' എന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മറുപടി.നിരവധി യാത്രകള്‍ നടത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും 2022 ല്‍ കര്‍ത്താവ് ഇച്ഛിച്ചാല്‍ കൂടുതല്‍ യാത്രകള്‍ക്കു പദ്ധതിയിട്ടിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. മാറ്റമില്ലാത്ത താളത്തോടെയുള്ള തന്റെ ദിനചര്യകളെക്കുറിച്ചുള്ള വിവരണം:'ഞാന്‍ എന്നും വെളിപ്പിന് 4 മണിക്ക് എഴുന്നേല്‍ക്കും; ഉടന്‍ തന്നെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങും. പിന്നീട് എന്റെ പതിവ് ചുമതലകളിലേക്കു നീങ്ങും'. ഉച്ചഭക്ഷണത്തിന് ശേഷം ഒരു ചെറിയ 'സിയസ്റ്റ' മാത്രമേ വി്ശ്രമത്തിന്റെ ഭാഗമായുള്ളൂ.
ഐക്യദാര്‍ഢ്യം സുപ്രധാനം
മഹാവ്യാധി, സംഘര്‍ഷങ്ങള്‍, ഭിന്നതകള്‍ എന്നിവയാല്‍ മുറിവേറ്റ മനുഷ്യരാശിയുടെ ഭാവിയിലേക്ക് ഉറ്റുനോക്കിക്കൊണ്ടാണ് മാര്‍പ്പാപ്പ അഭിമുഖത്തിനു വിരാമമിട്ടത്. ലോകജനതയുടെ രചനാത്മകമായ ഐക്യദാര്‍ഢ്യത്തെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ ഭാവിയുടെ ഗതി. 'കാരണം സാര്‍വത്രിക സാഹോദര്യത്തോട് പ്രതിജ്ഞാബദ്ധരായാല്‍ മാത്രമേ നാം രക്ഷിക്കപ്പെടുകയുള്ളൂ. ' അന്താരാഷ്ട്ര സമൂഹവും , മാര്‍പ്പാപ്പയില്‍ നിന്നു തുടങ്ങി സഭയും സഭാ സ്ഥാപനങ്ങളും രാഷ്ട്രീയ- സാമൂഹിക ഉത്തരവാദിത്തങ്ങളുള്ളവരും എല്ലാ പൗരന്മാരും അതില്‍ പങ്കാളികളാകണം.
'ഏറ്റവും ദുര്‍ബലവും പ്രതിരോധമില്ലാത്തതുമായ പ്രദേശങ്ങളെയും ജനങ്ങളെയും, നിസ്സംഗതയ്ക്കും സ്വാര്‍ത്ഥതയ്ക്കും ഇരയായവരെയും , പ്രത്യേകിച്ച് സമ്പന്ന രാജ്യങ്ങള്‍ മറക്കരുത് ' ഇതാണ് തന്റെ പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.'ക്രിസ്മസ് കഷ്ടത അനുഭവിക്കുന്നവരുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുന്നു. ഏറ്റവും ആവശ്യമുള്ളവരെ സഹായിക്കാനുള്ള ആഗ്രഹം ഉദ്ദീപിപ്പിച്ചുകൊണ്ട് നമ്മുടെ ഹൃദയങ്ങളെ തുറക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു ക്രിസ്മസ്'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.