സിഡ്‌നിയില്‍ കോവിഡ് പോസിറ്റീവായ 400 പേര്‍ക്ക് നെഗറ്റീവ് പരിശോധനാ ഫലം നൽകി; വിവാദം

സിഡ്‌നിയില്‍ കോവിഡ് പോസിറ്റീവായ 400 പേര്‍ക്ക്  നെഗറ്റീവ് പരിശോധനാ ഫലം നൽകി; വിവാദം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയില്‍ കോവിഡ് പോസിറ്റീവായ 400 പേര്‍ക്ക് തെറ്റായ പരിശോധനാ ഫലം നല്‍കിയത് വിവാദമായി. രോഗബാധിതരായവരുടെ പി.സി.ആര്‍ പരിശോധനാ ഫലം നെഗറ്റീവാണെന്ന തെറ്റായ അറിയിപ്പു നല്‍കിയതാണു വിവാദത്തിനു കാരണം.

സിഡ്നിയിലെ സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിന്റെ പാത്തോളജി സേവന വിഭാഗത്തില്‍നിന്നാണ് ഇത്തരത്തില്‍ ഗുരുതരമായ പിഴവുണ്ടായത്. 400 പേര്‍ക്കോളം ക്രിസ്മസ് ദിനത്തില്‍ തെറ്റായ സന്ദേശം അയച്ചതായി ആശുപത്രി തന്നെയാണ് വെളിപ്പെടുത്തിയത്.

കഴിഞ്ഞ 22, 23 തീയതികളില്‍ നടത്തിയ കോവിഡ് പരിശോധനയുടെ ഫലങ്ങളാണ് തെറ്റായി ഇന്നലെ രാത്രി അയച്ചത്.

കോവിഡ് പരിശോധനാ സാമ്പിളുകളുടെ ആധിക്യമാണ് പിഴവിന് കാരണമായതെന്ന് ലബോറട്ടറിയുടെ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ആന്റണി ഡോഡ്സ് പറഞ്ഞു. ഇന്ന് രാവിലെയാണ് തെറ്റ് പറ്റിയെന്ന് ബോധ്യമായതെന്ന് പ്രൊഫ. ആന്റണി ഡോഡ്‌സ് പറഞ്ഞു. പിഴവുണ്ടായതില്‍ അദ്ദേഹം രോഗികളോടു ക്ഷമ ചോദിച്ചു.

തെറ്റായ സന്ദേശം അയച്ച എല്ലാവരെയും ഞായറാഴ്ച ഉച്ചയോടെ ആശുപത്രിയില്‍നിന്നു ബന്ധപ്പെട്ടതായും രോഗികള്‍ ക്വാറന്റീനില്‍ അടിയന്തരമായി പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായും സെന്റ് വിന്‍സെന്റ് ആശുപത്രി വക്താവ് പറഞ്ഞു. സംഭവം എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അന്വേഷിക്കുകയാണെന്ന് പ്രൊഫ. ആന്റണി ഡോഡ്സ് അറിയിച്ചു.

നെഗറ്റീവാണെന്ന സന്ദേശം ലഭിച്ചവര്‍ പുറത്തു പോകുകയും ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പോസിറ്റീവ് പരിശോധനാ ഫലവുമായി പലരും കടകളില്‍ ഷോപ്പിംഗും നടത്തി.

ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് ദിവസം ശരാശരി 130,000 മുതല്‍ 160,000 വരെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഇത് വലിയ സമ്മര്‍ദമാണ് ക്ലിനിക്കുകൾക്ക് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.