കാൻസർ രോഗത്തിന്റെ പിടിയിലമർന്ന സഹോദരൻ. രോഗാവസ്ഥയിൽ അവന്റെ ചിന്ത മുഴുവനും, 'എന്തുകൊണ്ടെനിക്ക് ഈ രോഗം വന്നു?' എന്നായിരുന്നു' കീമോയും റേഡിയേഷനും ഘട്ടംഘട്ടമായ് നടക്കുമ്പോഴും പ്രത്യാശയുടെ തിരിവെട്ടം അവന്റെ ജീവിതത്തിൽ നിന്നും അപ്രത്യക്ഷമായിരുന്നു. ആയുസിന്റെ ദിനങ്ങൾ എണ്ണപ്പെട്ടു ... ദൈവം എന്നെ കൈവിട്ടു ... എന്നൊക്കെയായിരുന്നു അവന്റെ പരാതികൾ. പ്രത്യാശ നഷ്ടപ്പെട്ട ഒരാൾ ജീവിതത്തിലേക്ക് തിരിച്ചെത്തുക എളുപ്പമല്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർക്കും അറിയാമായിരുന്നു. കൗൺസിലിങ്ങുകൾ പലതും നടത്തിയെങ്കിലും അവനിൽ വലിയ മാറ്റമൊന്നും കണ്ടില്ല.
ഒരിക്കൽ അവന്റെ അമ്മ അവനോടു പറഞ്ഞു: "നിന്നെ പ്രസവിക്കുന്ന സമയത്ത് ഞാൻ വല്ലാതെ അസ്വസ്ഥയായിരുന്നു. സുഖപ്രസവം നടക്കുമോ എന്നു വരെ സംശയമായിരുന്നു. ലേബർ റൂമിൽ കിടന്നുകൊണ്ട് ദൈവമുണ്ടോ എന്നുവരെ ഞാൻ ചിന്തിച്ചു. എന്നെ ചികിത്സിച്ചിരുന്ന ഡോക്ടർ ഒരു പ്രാർത്ഥന പറഞ്ഞു തന്നു. 'ഈ വേദനയിലും എന്നെ സ്നേഹിക്കുന്ന ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു...' ഈ പ്രാർത്ഥനാ മന്ത്രം പലയാവർത്തി ഞാനുരുവിട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ പൊക്കിൾക്കൊടിയിൽ ചുറ്റിപ്പിണഞ്ഞ നീ പ്രാണനോടെ പുറത്തു വന്നു....
ഇന്ന് അമ്മയ്ക്ക് ഒരഭ്യർത്ഥനയേ *ഉള്ളൂ ... മോൻ ആ പ്രാർത്ഥന ഒന്നുരുവിടണം..." അമ്മയുടെ ഇംഗിതപ്രകാരം അവൻ ഏറ്റുപറഞ്ഞു: 'ഈ വേദനയിലും എന്നെ സ്നേഹിക്കുന്ന ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു...' ഒരു അദൃശ്യകരം അവനെ തലോടുന്നതായ് അവനപ്പോൾ അനുഭവപ്പെട്ടു. ജീവിതത്തിന്റെ വിഷമഘട്ടങ്ങളിലും ദൈവം നമ്മെ സ്നേഹിക്കുന്നെന്നും അവിടുത്തേയ്ക്ക് നാം പ്രിയപ്പെട്ടവരാണെന്നും വിശ്വസിക്കാൻ കഴിയണം. അങ്ങനെയുള്ളവർക്കു മാത്രമേ ദൈവസ്നേഹത്തിന്റെ ആഴവും അർത്ഥവും അറിയാനാകൂ. 'സ്നേഹത്തിന്റെ സുവിശേഷകൻ' എന്നറിയപ്പെടുന്ന യോഹന്നാൻ ശ്ലീഹ "യേശു സ്‌നേഹിച്ചിരുന്ന ശിഷ്യന്‍" (യോഹന്നാന്‍ 21 : 20) എന്നാണ് തന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
ശത്രുകരങ്ങളിൽ അകപ്പെട്ട് കഠിന പീഢകളിലൂടെ കടന്നുപോയപ്പോഴും പാത് മോസ് ദ്വീപിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴും ക്രിസ്തുവിന്റെ സ്നേഹത്തിന് ഒട്ടും കുറവ് സംഭവിച്ചിട്ടില്ലെന്ന് വിശ്വസിക്കാൻ ആ ശിഷ്യന് കഴിഞ്ഞു. ജീവിത യാത്രയിൽ അപ്രതീക്ഷിത സഹനങ്ങളും രോഗപീഢകളും കടന്നുവരുമ്പോൾ നമുക്കും പറയാം: 'ഈ വേദനയിലും എന്നെ സ്നേഹിക്കുന്ന ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു...' വി.യോഹന്നാൻ ശ്ലീഹായുടെ തിരുനാൾ മംഗളങ്ങൾ!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26