യേശുവിന്റെ പ്രിയ ശിഷ്യനും സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍

യേശുവിന്റെ  പ്രിയ ശിഷ്യനും  സുവിശേഷകനുമായ വിശുദ്ധ യോഹന്നാന്‍

അനുദിന വിശുദ്ധര്‍ - ഡിസംബര്‍ 27

ബേദ്സെയ്ദക്കാരനായ സെബദിയുടെയും സലോമിയുടെയും മക്കളായിരുന്നു ക്രിസ്തുശിഷ്യരായ യോഹന്നാനും യാക്കോബും. ഈ സഹോദരന്‍മാരെ ''ഇടിമുഴക്കത്തിന്റെ മക്കള്‍'' എന്നാണു വിശേഷിപ്പിച്ചിരുന്നത്. പിതാവായ സെബദി മല്‍സ്യത്തൊഴിലാളിയായിരുന്നു. പിതാവിനെ ഇരുസഹോദരന്മാരും മല്‍സ്യബന്ധനത്തിനു സഹായിച്ചു പോന്നു.

പൂര്‍വപിതാക്കന്‍മാര്‍ എഴുതിയിരിക്കുന്ന പല രേഖകളിലും കാണുന്നത് സെബദി ഒരു സമ്പന്നനായ മനുഷ്യനായിരുന്നു വെന്നാണ്. സെബദിക്ക് സ്വന്തമായി ഉണ്ടായിരുന്ന വഞ്ചിയിലാണ് പത്രോസും അന്ത്രയോസും മീന്‍പിടിക്കാന്‍ പോയിരുന്നത്.

ഗ്രീക്കു ഭാഷയിലും സാഹിത്യത്തിലും യോഹന്നാനു പരിജ്ഞാനമുണ്ടായിരുന്നു എന്നത് പ്രാഥമിക വിദ്യാഭ്യാസം അദ്ദേഹത്തിനു ലഭിച്ചിരുന്നു എന്നതിന്റെ തെളിവാണ്. പത്രോസിന്റെ സഹോദരനായ അന്ത്രയോസിനൊപ്പം സ്നാപക യോഹന്നാന്റെ ശിഷ്യനായിരുന്നു യോഹന്നാന്‍.

സ്നാപക യോഹന്നാന്‍ യേശുവിനെ നോക്കി 'ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുവാന്‍ വന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന് വിശേഷിപ്പിച്ചതോടെ ഇവര്‍ യേശുവിനെ അനുഗമിക്കുകയായിരുന്നു. യേശു ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന ശിഷ്യന്‍ എന്ന വിശേഷണം യോഹന്നാനു കിട്ടുവാന്‍ കാരണം അന്ത്യ അത്താഴ സമയത്ത് യേശുവിന്റെ വക്ഷസില്‍ ചാരിക്കിടന്നു എന്ന ബൈബിളിലെ പരാമര്‍ശമാണ്.

'ശിഷ്യരില്‍ യേശു സ്നേഹിച്ചിരുന്ന ഒരുവന്‍ അവിടുത്തെ വക്ഷസിലേക്ക് ചാരിക്കിടന്നിരുന്നു.' (യോഹന്നാന്‍ 13: 23) യേശുവിനെ പടയാളികള്‍ തടവിലാക്കിയപ്പോള്‍ മറ്റു ശിഷ്യന്മാര്‍ ഓടിയൊളിച്ചു. എന്നാല്‍, യോഹന്നാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു. യേശു കുരിശില്‍ കിടക്കുമ്പോഴും താഴെ കാത്തുനിന്നിരുന്ന ഏക ശിഷ്യന്‍ യോഹന്നാനായിരുന്നു. സെബദീ പുത്രന്‍മാരുടെ അമ്മയായ സലോമിയും മകന്‍ യോഹന്നാനും ഉണ്ടായിരുന്നുവെന്ന് ബൈബിളില്‍ പറയുന്നുണ്ട്.

കുരിശില്‍ കിടന്നുകൊണ്ട്, യേശു തന്റെ അമ്മയെ യോഹന്നാനെ ഏല്‍പിച്ചു. 'സ്ത്രീ, ഇതാ നിന്റെ മകന്‍ എന്ന് അമ്മയോടും 'ഇതാ, നിന്റെ അമ്മ' എന്നു യോഹന്നാനോടും യേശു പറഞ്ഞു. യേശുവിന്റെ ഉത്ഥാനത്തിനു സാക്ഷ്യം വഹിച്ച ആദ്യ ശിഷ്യന്മാരില്‍ ഒരാള്‍ കൂടിയാണ് യോഹന്നാന്‍. യേശുവിന്റെ ശരീരം ആരോ മോഷ്ടിച്ചുവെന്നു മഗ്ദലന മറിയം ആദ്യം പറയുന്നത് പത്രോസിനോടും യോഹന്നാനോടുമാണ്. അവര്‍ ശവക്കല്ലറയിലെത്തി നേരിട്ടു കണ്ടു വിശ്വസിക്കുകയും ചെയ്തു.

യേശുവിന്റെ മരണശേഷം എ.ഡി. 52 വരെ യോഹന്നാന്‍ ജറുസലേമില്‍ തന്നെ താമസിച്ചു. യേശുവിന്റെ അമ്മയായ മറിയം ഈ സമയത്ത് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം എഫേസോസിലേക്കു പോയെന്നും അവിടെ ഒരു പഴയ ഭവനത്തില്‍ ഇവര്‍ താമസിച്ചുവെന്നും പറയപ്പെടുന്നു. ഏതായാലും 49 ലെ ജറുസലേം സുനഹദോസിന്റെ സമയത്ത് യോഹന്നാന്‍ ജറുസലേമിലുണ്ടായിരുന്നു.

പിന്നീട് പാലസ്തീനായില്‍ പത്രോസിനൊപ്പം അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. റോമില്‍ വച്ച് ഏറെ പീഡനങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. ഡൊമീനീഷ്യന്‍ ചക്രവര്‍ത്തി തിളയ്ക്കുന്ന എണ്ണയില്‍ യോഹന്നാനെ ഇട്ടുവെന്നും അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെടുവെന്നും ഒരു വിശ്വാസമുണ്ട്. എഫേസോസിലെ യോഹന്നാന്റെ പ്രവര്‍ത്തനത്തെപ്പറ്റിയും ഐതിഹ്യങ്ങള്‍ ഏറെയുണ്ട്. ധാരാളം അദ്ഭുതങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നു സഭാപിതാക്കന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്.

എഫേസോസില്‍ വച്ച് മരിച്ച ഒരു മനുഷ്യനെ ഉയര്‍പ്പിച്ചു. ഏഫേസോസില്‍ ഇരുന്നുകൊണ്ടാണ് അദ്ദേഹം ഏഷ്യന്‍ പ്രവിശ്യയിലുള്ള സഭകളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. സ്മര്‍ണ പര്‍ഗാം, സാര്‍ദിസ്, ഫിലഡല്‍ഫിയ, ലാവോദേക്യ തുടങ്ങിയ സഭകളെക്കുറിച്ച് വെളിപാടു പുസ്തകത്തില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ട്രാജന്‍ ചക്രവര്‍ത്തിയുടെ കാലം വരെ യോഹന്നാന്‍ ജീവിച്ചിരുന്നു.

എ.ഡി 98 ലാണ് ട്രാജന്റെ ഭരണം തുടങ്ങുന്നത്. എ.ഡി 100 നോട് അടുത്താണ് യോഹന്നാന്റെ മരണം. ഈ സമയത്ത് അദ്ദേഹത്തിനും തൊണ്ണൂറുവയസിനു മേല്‍ പ്രായമുണ്ടായിരുന്നു. മരണ സമയം അടുത്തുവെന്നു മനസിലായപ്പോള്‍ യോഹന്നാന്‍ ശിഷ്യന്മാരോട് തന്നെ കുഴിമാടത്തിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. അവിടെവച്ച് അദ്ദേഹം പ്രാര്‍ഥിച്ചു. ''കര്‍ത്താവായ യേശുവേ, നീ എന്റെ കൂടെ ഉണ്ടായിരിക്കണമേ..'' പിന്നീട് ശിഷ്യന്മാരെ ആശീര്‍വദിച്ച ശേഷം അദ്ദേഹം മരിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. നിക്കറേത്ത്

2. റോമന്‍ വിധവയായ ഫാബിയോള

3. തെയോഡോറും തെയോഫെനസും

4. അലക്‌സാണ്ട്രിയായിലെ മാകസിമൂസ്.

'അനുദിന വിശുദ്ധര്‍' എന്ന പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.