പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയിലെ ചൈനയുടെ കളി ഏറുന്നു; പ്രതിരോധത്തിന് സംയുക്ത മുന്നണി വേണം: ജസ്റ്റിന്‍ ട്രൂഡോ

പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയിലെ ചൈനയുടെ കളി ഏറുന്നു; പ്രതിരോധത്തിന് സംയുക്ത മുന്നണി വേണം: ജസ്റ്റിന്‍ ട്രൂഡോ


ഒട്ടാവ: പാശ്ചാത്യ രാജ്യങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് പരസ്പരം 'കളിപ്പിക്കുന്ന' ചൈനയ്ക്കെതിരെ സംയുക്ത മുന്നണി രൂപീകരിക്കണം എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ചൈനയുടെ ഭീഷണി നേരിടാന്‍ ഇതാണ് ഏറ്റവും ഫലപ്രമെന്ന് ഗ്ലോബല്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ ട്രൂഡോ പറഞ്ഞു.

മുതലാളിത്ത രാജ്യങ്ങളെല്ലാം പരസ്പര സഹകരണം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ടു പോയാല്‍ ചൈനയുടെ സാമ്പത്തിക ആധിപത്യത്തിന് വെല്ലുവിളി ഉയര്‍ത്താനാകുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'ആഗോള പരിസ്ഥിതി സംരക്ഷണം മുതലായ വിഷയങ്ങളില്‍ ചൈനയോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പക്ഷേ, ചൈനയുമായി സാമ്പത്തിക മേഖലയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പശ്ചാത്യ രാജ്യങ്ങളുടെയെല്ലാം സഹകരണം ആവശ്യമാണ്'-ട്രൂഡോ വെളിപ്പെടുത്തി.ബെയ്ജിംഗിന്റെ വര്‍ദ്ധിച്ചുവരുന്ന 'നിര്‍ബന്ധിത നയതന്ത്ര'ത്തിനെതിരെ സമാന ചിന്താഗതിക്കാരായ രാജ്യങ്ങള്‍ ഒരുമിക്കണം.

'നമ്മള്‍ തമ്മില്‍ മത്സരിക്കുകയാണ്. ചൈന കാലാകാലങ്ങളില്‍ വളരെ സമര്‍ത്ഥമായി നമ്മെ ഒരു ഓപ്പണ്‍ മാര്‍ക്കറ്റ് മത്സരാധിഷ്ഠിത രീതിയില്‍ പരസ്പരം കളിപ്പിക്കുന്നു. ചൈനയ്ക്ക് ചെറുത്തുനില്‍ക്കാന്‍ കഴിയാത്തവിധം നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതിനായി ശക്തമായ നിലപാടെടുക്കാന്‍ മികച്ച നീക്കമുണ്ടാകേണ്ടതുണ്ട്'.പല പാശ്ചാത്യ രാജ്യങ്ങളും ചൈനയുടെ വിപണിയിലേക്ക് പ്രവേശനം നേടാനുള്ള യത്‌നത്തിനിടെ പരസ്പരം എതിരാളികളായി മാറുന്നതാണു പ്രശ്നമെന്നും കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ചൈനയുമായുള്ള കാനഡയുടെ ബന്ധത്തില്‍ നിരവധി പ്രശ്നങ്ങളാല്‍ വിള്ളലുണ്ടായി. 2018-ല്‍ വാന്‍കൂവറില്‍ വെച്ച് ചൈനീസ് പൗരനായ വാവേയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷൂ അറസ്റ്റിലായതിന് ശേഷമാണ് ഈ ഭിന്നത ആരംഭിച്ചത്. സംഭവത്തിന് തൊട്ടുപിന്നാലെ രണ്ട് കനേഡിയന്‍ പൗരന്മാരെ ചൈന കസ്റ്റഡിയിലെടുത്തു. മെങിന്റെ അറസ്റ്റിനുള്ള പ്രതികാരമായായിരുന്നു ഈ നീക്കം. ഒടുവില്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎസ് പ്രോസിക്യൂട്ടര്‍മാരുമായി മെങ് ഒരു കരാറിലെത്തി.ഇത് പിന്നീട് രണ്ട് കനേഡിയന്‍ പൗരന്മാരെയും മോചിപ്പിക്കാന്‍ കാരണമായി.

2022 ബീജിംഗ് ഒളിമ്പിക്, പാരാലിമ്പിക് വിന്റര്‍ ഗെയിംസ് നയതന്ത്ര ബഹിഷ്‌കരണം ഈ മാസം ആദ്യം, കനേഡിയന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 'ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ കാനഡ അഗാധമായി അസ്വസ്ഥമാണ്. തല്‍ഫലമായി ഒളിമ്പിക്, പാരാലിമ്പിക് വിന്റര്‍ ഗെയിംസിലേക്ക് ഞങ്ങള്‍ നയതന്ത്ര പ്രതിനിധികളെ അയയ്ക്കില്ല. മത്സരിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഞങ്ങളുടെ അത്ലറ്റുകളെ തുടര്‍ന്നും പിന്തുണയ്ക്കും' ട്രൂഡോ ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.