പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് കനലുകള്‍ അണയാതെ അവശേഷിക്കുന്നതിനാല്‍ വീണ്ടും തീപിടിത്തമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതര്‍. പെര്‍ത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഞായറാഴ്ച്ച വൈകുന്നേരമുണ്ടായ കാട്ടുതീയില്‍ ഒന്നിലധികം വീടുകള്‍ക്ക് നാശം സംഭവിച്ചിരുന്നു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും തീക്കനല്‍ അണയാത്തതിനാല്‍ കാറ്റ് വീശുമ്പോള്‍ ഇവ വീടുകള്‍ക്കു ചുറ്റുമെത്താന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
ക്രിസ്മസിനോടുനുബന്ധിച്ചുള്ള ദിനങ്ങളില്‍ പെര്‍ത്തില്‍ ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. താപനില 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.
പെര്‍ത്തില്‍നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള വൂറോലൂ മേഖലയില്‍ ഇന്നലെ പടര്‍ന്നുപിടിച്ച തീ 150-ല്‍ അധികം അഗ്‌നിശമന സേനാംഗങ്ങള്‍ ചേര്‍ന്നാണ് അണച്ചത്. ഉച്ചകഴിഞ്ഞ് 3.41-ന് ആരംഭിച്ച തീപിടിത്തത്തില്‍ വീടും നിരവധി ഷെഡുകളും കത്തിനശിച്ചു. കാറുകളും ട്രക്കുകളും മരങ്ങളും അഗ്നിക്കിരയായി. കനത്ത പുകയും ഉയര്‍ന്നു. ഇതേതുടര്‍ന്ന് വൂറോലൂ, ചിഡ്ലോ, ഗിഡ്ജ്ഗന്നപ്പ് മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പു നല്‍കി. നാശനഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്ക് ലഭ്യമായിട്ടില്ല.
കാട്ടുതീയുണ്ടായ മേഖലയുടെ ആകാശദൃശ്യം
വാരിഗല്‍ എസ്റ്റേറ്റിലാണ് 167 ഹെക്ടര്‍ കത്തിനശിച്ചത്. ഇവിടെ തീപിടിത്ത ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇവിടെനിന്ന് ഒഴിയാന്‍ അഗ്‌നിശമനാ വിഭാഗവും എമര്‍ജന്‍സി സര്‍വീസസും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
പെര്‍ത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള അഗസ്റ്റ-മാര്‍ഗരറ്റ് റിവര്‍ മേഖലയിലുള്ളവര്‍ക്കും കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശമുണ്ട്. ശക്തമായ കാറ്റാണ് ഇവിടെ വീശുന്നത്. വീടുകളില്‍നിന്നു മാറിത്താമസിക്കാന്‍ പുനഃരധിവാസ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
തീപിടത്തത്തില്‍ കത്തിനശിച്ച വാഹനങ്ങളും മരങ്ങളും
അതേസമയം കാട്ടുതീയുണ്ടായത് സംശയാസ്പദമാണെന്നു പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ പോലീസ് അറിയിച്ചു. കാട്ടുതീയുടെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ക്രിസ്മസ് ദിനത്തില്‍ പെര്‍ത്തിലെ ബൈഫോര്‍ഡ് പ്രദേശത്ത് 30,000 ചതുരശ്ര മീറ്റര്‍ കുറ്റിക്കാടുകള്‍ കത്തി നശിക്കാന്‍ കാരണക്കാരനായ 42-കാരനെതിരേ പോലീസ് കേസെടുത്തു. കസ്റ്റഡിയില്‍ കഴിയുന്ന ഇയാളെ ഡിസംബര്‍ 31 ന് കോടതിയില്‍ ഹാജരാക്കും.
ബോധപൂര്‍വം തീപിടിത്തം സൃഷ്ടിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ജീവനും സ്വത്തും അപകടത്തിലാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.