മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു; രാജ്യമൊട്ടാകെ പ്രതിഷേധമുയരുന്നു

മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു; രാജ്യമൊട്ടാകെ പ്രതിഷേധമുയരുന്നു

കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയരുകയാണ്.

ന്യൂഡല്‍ഹി: അശരണരുടെ അമ്മയും സമാധാന നൊബേല്‍ ജേതാവുമായ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം പുറത്തു വിട്ടത്. കേന്ദ്ര സര്‍ക്കാര്‍ നടപടി തന്നെ ഞെട്ടിച്ചുവെന്ന് മമത പറഞ്ഞു.

ബാങ്കിലുള്ള പണത്തിനു പുറമെ കൈവശമുള്ള പണം പോലും കൈകാര്യം ചെയ്യുന്നതിനു ഇതോടെ തടസമുണ്ടായേക്കും. ഇത് മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിവിധ അഗതി മന്ദിരങ്ങളില്‍ കഴിയുന്ന ഇരുപത്തിരണ്ടായിരത്തിലേറെ രോഗികളുടെയും അനാഥ ശിശുക്കളുടെയും ജീവിതം പ്രതിസന്ധിയിലാക്കും. കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയരുകയാണ്.

നിരാലംബരെ സഹായിക്കുന്നതിനായി വിദേശധന സഹായം സ്വീകരിക്കുന്നതിന് സൗകര്യമുള്ള ഒരു അക്കൗണ്ട് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. അതു മരവിപ്പിച്ചതോടെ പണം എടുക്കുന്നതിനും ചിലവാക്കുന്നതിനുമുള്ള വഴികളെല്ലാമടഞ്ഞു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ അസിസ്റ്റന്റ് ജനറല്‍ ഈ വിവരം സന്യാസ സമൂഹാംഗങ്ങളെ അറിയിച്ചിരുന്നു.

പിന്നീട് ബ്രദര്‍മാരുടെ സമൂഹത്തിന്റെ ജനറല്‍ ബ്രദര്‍ പോള്‍ ഈറ്റണ്‍ ഇതു സ്ഥിരീകരിച്ചു. മദര്‍ തെരേസയുടെ സന്യാസ സമൂഹത്തിന് സിസ്റ്റര്‍മാരുടെയും ബ്രദര്‍മാരുടെയും രണ്ടു വിഭാഗങ്ങളാണുള്ളത്.

സര്‍ക്കാര്‍ നടപടി മൂലം അനാഥാലയങ്ങളുടെ പ്രവര്‍ത്തനം ഇതിനകം തന്നെ പ്രതിസന്ധിയിലായിക്കഴിഞ്ഞു. ഈ ഘട്ടത്തില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അഗതി മന്ദിരങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ സമീപത്തുള്ള സഭാ സമൂഹങ്ങള്‍ തയ്യാറാകണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.