മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ഫത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗിൽ ശക്തരായ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരുടീമുകളും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റിനായി ഡെഷോൺ ബ്രൗൺ ഹാട്രിക്ക് നേടി. മുംബൈയ്ക്ക് വേണ്ടി ഇഗോർ അംഗൂളോ ഇരട്ട ഗോളടിച്ചപ്പോൾ ബിപിൻ സിങ്ങും ലക്ഷ്യം കണ്ടു.

ഈ സമനിലയോടെ മുംബൈ എട്ട് മത്സരങ്ങളിൽ നിന്ന് 16 പോയന്റുമായി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒൻപത് മത്സരങ്ങളിൽ നിന്ന് എട്ട് പോയന്റുള്ള നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് മുംബൈ ആയിരുന്നെങ്കിലും ആദ്യ ഗോളടിച്ചത് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. മുംബൈ ആക്രമണങ്ങളുടെ മുനയൊടിച്ചുകൊണ്ട് മത്സരത്തിന്റെ 29-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് മത്സരത്തിൽ ലീഡെടുത്തു. സൂപ്പർ താരം ഡെഷോൺ ബ്രൗണാണ് ഹൈലാൻഡർമാർക്ക് വേണ്ടി വലകുലുക്കിയത്.

ഇമ്രാൻ ഖാന്റെ അതിമനോഹരമായ ലോങ്പാസ് സ്വീകരിച്ച് മുംബൈ ബോക്സിനകത്തേക്ക് മുന്നേറിയ ബ്രൗൺ ഗോൾകീപ്പർ നവാസിനെ അനായാസം കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ നോർത്ത് ഈസ്റ്റ് ക്യാമ്പിൽ ആഘോഷം അലയടിച്ചു. എന്നാൽ ഗോൾ വഴങ്ങിയതോടെ സർവം മറന്ന് ആക്രമിച്ച് കളിച്ച മുംബൈ 34-ാം മിനിട്ടിൽ സമനില നേടി. സൂപ്പർ താരം ഇഗോർ അംഗൂളോയാണ് ടീമിനായി സ്കോർ ചെയ്തത്.

മികച്ച ടീം ഗെയിമിലൂടെയാണ് ഗോൾ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തുനിന്ന് പന്തുമായി മുന്നേറിയ അഹമ്മദ് ജാഹു ബിപിൻ സിങ്ങിന് കൃത്യമായി പാസ് നൽകി. പാസ് ലഭിച്ചയുടൻ ബോക്സിലേക്ക് കുതിച്ച ബിപിൻ പ്രതിരോധതാരങ്ങൾക്ക് അവസരം നൽകാതെ അംഗൂളോയ്ക്ക് പന്ത് മറിച്ചുനൽകി. പാസ് സ്വീകരിച്ച അംഗൂളോയുടെ കാലിൽ നിന്ന് പന്ത് റാഞ്ചാൻ ഗോൾകീപ്പർ മിർഷാദ് ഓടിവന്നെങ്കിലും അനായാസം ലക്ഷ്യം കണ്ട് അംഗൂളോ നിലവിലെ ചാമ്പ്യന്മാർക്ക് സമനില ഗോൾ സമ്മാനിച്ചു.

ഒരു ഗോൾ വഴങ്ങിയതിന്റെ ഞെട്ടൽ മാറുംമുൻപ് മുംബൈ വീണ്ടും ഗോളടിച്ച് നോർത്ത് ഈസ്റ്റിനെ തളർത്തി. ഇത്തവണ ബിപിൻ സിങ്ങാണ് ഗോളടിച്ചത്. മത്സരത്തിന്റെ 40-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. ഇഗോർ അംഗൂളോയുടെ പാസിൽ നിന്നാണ് ബിപിൻ ഗോളടിച്ചത്. ബിപിന്റെ ദുർബലമായ ഷോട്ട് പിടിച്ചെടുക്കാൻ ഗോൾകീപ്പർ മിർഷാദ് പരാജയപ്പെട്ടു. വൈകാതെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയിൽ വീണ്ടും ഗോളടിച്ച് മുംബൈ ലീഡ് ഉയർത്തി. 52-ാം മിനിട്ടിൽ ഇഗോർ അംഗൂളോയാണ് ടീമിനായി മൂന്നാം ഗോളടിച്ചത്. അനായാസം ഫിനിഷ് ചെയ്ത് അംഗൂളോ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. എന്നാൽ കീഴടങ്ങാൻ നോർത്ത് ഈസ്റ്റ് തയ്യാറല്ലായിരുന്നു. 55-ാം മിനിട്ടിൽ രണ്ടാം ഗോൾ നേടിക്കൊണ്ട് ഡെഷോൺ ബ്രൗൺ നോർത്ത് ഈസ്റ്റിന് ആശ്വാസം പകർന്നു. കോറിയറുടെ ലോങ് പാസ് സ്വീകരിച്ച് മുന്നേറിയ ബ്രൗൺ അതിവിദഗ്ധമായി പന്ത് വലയിലെത്തിച്ചു. 69-ാം മിനിട്ടിൽ ബിപിൻ സിങ്ങിന്റെ ഗോളെന്നുറച്ച ഷോട്ട് മിർഷാദ് അത്ഭുതകരമായി തട്ടിയകറ്റി.

മത്സരം മുംബൈ സ്വന്തമാക്കുമെന്ന് തോന്നിച്ച സമയത്താണ്  ബ്രൗൺ മൂന്നാം ഗോളടിച്ചത്. ഇത്തവണയും ഇമ്രാൻ ഖാനാണ് ഗോളിന് വഴിയൊരുക്കിയത്. ഇമ്രാന്റെ മനോഹരമായ പാസ് ഗോൾവലയിലേക്ക് ചെത്തിയിട്ടുകൊണ്ട് ബ്രൗൺ ടീമിനായി മൂന്നാം ഗോളടിച്ചു. ഒപ്പം ഹാട്രിക്കും തികച്ചു. ഈ സീസണിൽ ജംഷേദ്പുരിന്റെ അലക്സ് സ്റ്റ്യൂവർട്ടിന് ശേഷം ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് ബ്രൗൺ

നോർത്ത് ഈസ്റ്റ് സമനില നേടിയതോടെ ആവേശം വാനോളമായി. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞു. ഇരുടീമിലെ ഗോൾകീപ്പർമാരും മികച്ച സേവുകളുമായി രക്ഷകരുടെ വേഷമണിഞ്ഞു. പിന്നീട് മുംബൈയ്ക്കും നോർത്ത് ഈസ്റ്റിനും വല കുലുക്കാൻ കഴിഞ്ഞില്ല. മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.