രാത്രികാല കര്‍ഫ്യൂ: സംസ്ഥാനത്ത് പത്ത് മണിക്ക് ശേഷം സിനിമാ പ്രദര്‍ശനത്തിന് നിയന്ത്രണം

രാത്രികാല കര്‍ഫ്യൂ: സംസ്ഥാനത്ത് പത്ത് മണിക്ക് ശേഷം സിനിമാ പ്രദര്‍ശനത്തിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ രാത്രി 10 മണിക്ക് ശേഷം പ്രദര്‍ശനം അനുവദിക്കില്ല. ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം നടപ്പാക്കുന്നതിന് പിന്നാലെയാണ് പുതിയ നടപടി.

വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയാണ് രാത്രികാല നിയന്ത്രണം. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും കര്‍ശനമായി നിയന്ത്രിക്കും. കടകള്‍ രാത്രി പത്തിന് അടയ്ക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകയ്ക്കും ഡല്‍ഹിക്കും പിന്നാലെയാണ് കേരളം രാത്രികാല നിയന്ത്രണം കൊണ്ടു വരുന്നത്.

ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലായിരുന്നു ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. വരും ദിവസങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ ഉള്‍പ്പെടെ നടക്കുമെന്നതിനാല്‍ രോഗ വ്യാപനം വര്‍ധിച്ചേക്കുമെന്ന ആശങ്കയും രാത്രികാല നിയന്ത്രണം ശക്തമാക്കാന്‍ ഇടയാക്കി.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്ട്രേറ്റുകളെ വിന്യസിപ്പിക്കും. കൂടാതെ കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.