ചൈനീസ് ബഹിരാകാശനിലയത്തിന് ഭീഷണിയായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; പരാതി

ചൈനീസ് ബഹിരാകാശനിലയത്തിന് ഭീഷണിയായി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; പരാതി

ബീജിങ്: ചൈനയുടെ ബഹിരാകാശ നിലയത്തിനു ഭീഷണി ഉയര്‍ത്തി സ്‌പേസ് എക്‌സ് ഉപഗ്രഹങ്ങള്‍ രണ്ടു തവണ സമീപം എത്തിയതായി ഐക്യരാഷ്ട്ര സഭയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൈന കുറ്റപ്പെടുത്തി. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ ഒന്നിനും ഒക്ടോബര്‍ 21-നുമാണ് സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ ബഹിരാകാശ നിലയത്തിനു ഭീഷണിയായി കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്.

അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാന്‍ തങ്ങളുടെ ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്ങിന്റെ സ്ഥാനം മാറ്റാന്‍ നിര്‍ബന്ധിതരായെന്നു ചൈന അറിയിച്ചതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌പേസ് സ്‌റ്റേഷന്റെ പ്രധാന ഭാഗമായ ടിയാന്‍ഹെ കോര്‍ മൊഡ്യൂളിനെ ഭ്രമണപഥത്തിലെക്കെത്തിക്കാനുള്ള ദൗത്യം ഉള്‍പ്പടെ 2021ലെ ചൈനയുടെ അഞ്ച് വിക്ഷേപണങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐക്യരാഷ്ട്ര സഭക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ബീജിങ് അറിയിച്ചു. ചൈനയുടെ ബഹിരാകാശ നിലയം ഏകദേശം 41.5 ഡിഗ്രി ചരിവില്‍ 390 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിരതയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയുടെ പരാതികളോട് സ്പേസ് എക്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സ്‌പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെതിരെ ചൈനീസ് പൗരന്മാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. സ്റ്റാര്‍ലിങ്ക് ഉപഗ്രങ്ങള്‍ ബഹിരാകാശത്തെ ജങ്കിന്റെ കൂമ്പാരമാക്കിയതായി അവര്‍ പരിഹസിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.