കോവിഡ്: കുട്ടികളുടെ വാക്സിനേഷന് പ്രത്യേക കേന്ദ്രം; കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍

കോവിഡ്: കുട്ടികളുടെ വാക്സിനേഷന് പ്രത്യേക കേന്ദ്രം; കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. ജനുവരി മൂന്നിനാണ് 15നും 18നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ തുടങ്ങുന്നത്. കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക.

നിലവിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ചിലത് കുട്ടികള്‍ക്കായി മാറ്റുകയോ പ്രത്യേകം കേന്ദ്രങ്ങള്‍ സജ്ജീകരിക്കുകയോ ചെയ്യാം. വാക്‌സിനുകള്‍ തമ്മില്‍ മാറിപ്പോകാതിരിക്കാനാണ് പുതിയ സജ്ജീകരണം ഒരുക്കുന്നത്. കൂടാതെ ഒരേ കേന്ദ്രത്തിന്റെ രണ്ടുഭാഗത്താണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വാക്‌സിനേഷനെങ്കില്‍ കുത്തിവെപ്പിന് വ്യത്യസ്ത സംഘത്തെ നിയോഗിക്കണം.

വാക്‌സിന്റെ ലഭ്യത ഉറപ്പാക്കിയ ശേഷം മാത്രമേ കുട്ടികളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കാവൂ. വാക്‌സിനെടുത്ത് അരമണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരുത്തിയ ശേഷമേ വീട്ടിലേക്കു പോകാന്‍ അനുവദിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങളും കത്തില്‍ സൂചിപ്പിക്കുന്നു. ജനുവരി ഒന്നു മുതല്‍ കോവിന്‍ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്‌ട്രേഷനായി വീട്ടിലെ മുതിര്‍ന്നവരുടെ കോവിന്‍ പോര്‍ട്ടല്‍ അക്കൗണ്ട് ഉപയോഗിക്കുകയോ പുതിയത് തുടങ്ങുകയോ ചെയ്യാം.

രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ ഇല്ലെങ്കില്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. 10-ാം ക്ലാസ് സര്‍ട്ടിഫിക്കറ്റും പരിഗണിക്കും. മൂന്നു മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. 28 ദിവസമാണ് വാക്‌സിനുകള്‍ തമ്മിലുള്ള ഇടവേള.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.