ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍

ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന ബില്ലിനെതിരേ എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മതപരമായ വിവേചന നിയന്ത്രണ ബില്ലിനെതിരേ കടുത്ത നിലപാടുമായി മുസ്ലിം സംഘടനകള്‍. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവരുടെ മതവിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ലിനെ ക്രൈസ്തവ സംഘടനകള്‍ സ്വാഗതം ചെയ്യുമ്പോഴാണ് എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍ രംഗത്തുവന്നിട്ടുള്ളത്.

സര്‍ക്കാരിന്റെ മതപരമായ വിവേചന നിയന്ത്രണ ബില്‍ അപകടകരമായ സൂചനയാണ് നല്‍കുന്നതെന്ന് മുസ്ലിം സംഘടനകള്‍ വാദിക്കുന്നു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ (തീവ്രവാദ സ്വഭാവമുള്ളവ) ഒരു വ്യക്തിക്ക് വിവേചനം ഏര്‍പ്പെടുത്താന്‍ ഈ ബില്‍ അധികാരികളെ അനുവദിക്കുന്നതാണ് ഇസ്ലാമിക സംഘടനകളുടെ ആശങ്കയ്ക്കു കാരണം. ബില്ലുമായി ബന്ധപ്പെട്ട സമുദായത്തിന്റെ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ സംഘടനാ നേതാക്കള്‍ അറിയിച്ചു.

ഫെഡറല്‍ സര്‍ക്കാര്‍ സാധാരണ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന വ്യക്തമായ സന്ദേശമാണ് നിര്‍ദ്ദിഷ്ട നിയമം നല്‍കുന്നത്. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നതോ മുറിവേല്‍പ്പിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാവാത്തിടത്തോളം കാലം വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്നവര്‍ക്ക് വിവേചനം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും അവര്‍ക്കും സമൂഹത്തില്‍ വ്യക്തമായ സ്ഥാനമുണ്ടാകണമെന്നും നിര്‍ദ്ദിഷ്ട നിയമത്തില്‍ പറയുന്നു.

എല്ലാ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും മതപരമായ ആത്മവിശ്വാസം നല്‍കുന്നതാണ് നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്ന് മുസ്ലിം സംഘടനകളാണ് ബില്ലിലെ ഒരു വ്യവസ്ഥയില്‍ ആശങ്ക ഉന്നയിച്ചിരിക്കുന്നത്. ദേശീയ സുരക്ഷാ കാരണങ്ങളാല്‍ (തീവ്രവാദ സ്വഭാവമുള്ള വിഷയങ്ങളില്‍) ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് അയാളുടെ മതവിശ്വാസത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമല്ലെന്നു നിയമത്തില്‍ പറയുന്നു.

വിവേചനം കാണിക്കുന്ന വ്യക്തി നിയമപാലനം, ദേശീയ സുരക്ഷ അല്ലെങ്കില്‍ ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളായിരിക്കണം.

നിയമനിര്‍മാണം ഒരു പ്രത്യേക മതത്തിനും നേരെയല്ലെന്നു അറ്റോര്‍ണി ജനറല്‍ വക്താവ് മൈക്കേലിയ കാഷ് വ്യക്തമാക്കി. മതപരമായ വിശ്വാസങ്ങളാല്‍ പ്രചോദിതരായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുണ്ട്. അത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയുള്ള വ്യവസ്ഥയാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ നിയമസംഹിതയുമായി പൊരുത്തപ്പെട്ടു പോകുന്ന പൗരന്മാരെ ഒരു രീതിയിലും ബാധിക്കില്ലെന്ന് മൈക്കേലിയ കാഷ് പറഞ്ഞു.

ഈ വ്യവസ്ഥ മുസ്ലിം സമുദായങ്ങള്‍ക്ക് മേല്‍ കനത്ത ഭാരം ചുമത്തുന്നതായി ഓസ്ട്രേലിയന്‍ മുസ്ലിം അഡ്വക്കസി നെറ്റ്വര്‍ക്കും (അമാന്‍) വിക്ടോറിയയിലെ ഇസ്ലാമിക് കൗണ്‍സിലും ഓസ്ട്രേലിയന്‍ നാഷണല്‍ ഇമാംസ് കൗണ്‍സിലും കുറ്റപ്പെടുത്തി.

ഓസ്ട്രേലിയയുടെ ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയരാതിരിക്കാന്‍ നിയമ നിര്‍വഹണ സംവിധാനങ്ങള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ അല്ലെങ്കില്‍ ഇത്തരം അധികാരങ്ങള്‍ വിനിയോഗിക്കുന്ന ബോഡികളുടെ പ്രവര്‍ത്തനങ്ങളില്‍ ബില്‍ ഇടപെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചില സാഹചര്യങ്ങളില്‍ ഒരു വ്യക്തിയുടെ മതപരമായ വിശ്വാസം ദേശീയ സുരക്ഷയെ ബാധിച്ചേക്കാം. ഇത്തരം ഘട്ടങ്ങളില്‍ ആ വ്യക്തിക്കെതിരേ നടപടി സ്വീകരിക്കേണ്ടി വരുമെന്നും വക്താവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.