തിരുവനന്തപുരം: പ്രായാധിക്യമുള്ളവരിലും വാക്സിന്‍ എടുക്കാത്തവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ഒമിക്രോണ്‍ വകഭേദം തീവ്രമാകുമെന്ന് സംസ്ഥാന കോവിഡ് വിദഗ്ധ സമിതി. ജനസാന്ദ്രത കൂടുതലായതിനാല്‍ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ കേരളത്തില്‍ അതിവേഗം രോഗം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധ സമിതി അഭിപ്രാപ്പെടുന്നു. അപകടസാധ്യതയുള്ള പ്രായാധിക്യമുള്ളവര്‍, പ്രമേഹം തുടങ്ങിയ അനുബന്ധരോഗങ്ങളുള്ളവര്‍ കേരളത്തില്‍ കൂടുതലാണെന്നും ഓര്‍ത്തിരിക്കേണ്ടതാണെന്നും വിദഗ്ധ സമിതി തലവന്‍ ഡോ ബി ഇക്ബാല്‍ പറഞ്ഞു.
ഒമിക്രോണ്‍ വകഭേദത്തിന്റെ കോവിഡ് രോഗ സ്വഭാവത്തെ സംബന്ധിച്ച് കൂടുതല്‍ വിവരം ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. ശാസ്തീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അമിത ഭീതി ഒഴിവാക്കി ഉചിതമായ കരുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് ശ്രമിക്കേണ്ടത്. ഡല്‍റ്റ അടക്കമുള്ള മുന്‍ വകഭേദങ്ങളെക്കാള്‍ രോഗവ്യാപന നിരക്ക് ഒമിക്രോണിന് വളരെ കൂടുതലാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രോഗതീവ്രത വളരെ കുറവാണെന്നും കാണുന്നു.
പ്രായാധിക്യമുള്ളവരിലും മറ്റ് രോഗമുള്ളവരിലും വാക്‌സിനെടുക്കാത്തവരിലുമാണ് ഒമിക്രോണ്‍ തീവ്ര രോഗലക്ഷണങ്ങള്‍ക്കും മരണത്തിനും കാരണമാവുന്നത്. വാക്‌സിനെടുത്തവരില്‍ രോഗം വന്നാലും രൂക്ഷതയും മരണസാധ്യതയും തീരെ കുറവായിരിക്കും. വാക്‌സിനെടുക്കാത്തവര്‍, പ്രത്യേകിച്ച് 60 വയസ്സിന് മുകളിലുള്ളവര്‍ ഇനിയും വൈകാതെ വാക്‌സിന്‍ സ്വീകരിക്കേണ്ടതാണെന്നും അഭിപ്രായപ്പെടുന്നു.
മാസ്‌ക്, ആള്‍ക്കൂട്ട സന്ദര്‍ഭങ്ങള്‍ ഒഴിവാക്കല്‍, അടഞ്ഞ മുറികളിലെ (പ്രത്യേകിച്ച് എ സി മുറികളിലെ) വായുസഞ്ചാരം ഉറപ്പാക്കല്‍ ഇവയാണ് കരുതല്‍ നടപടികളില്‍ പ്രധാനമായും ശ്രദ്ധിക്കാനുള്ളത്. കഴിഞ്ഞ ഏതാനും ദിവസത്തെ അനുഭവത്തില്‍ കാണാന്‍ കഴിഞ്ഞത് പല സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളില്‍ പോലും നിരവധി യോഗങ്ങള്‍ അടഞ്ഞ ഏ സി മുറികളില്‍ നടക്കുന്നതായാണ്. ഇത് അവസാനിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കാന്‍ കഴിയാത്ത മുറികളിലും ഹോളുകളിലൂമുള്ള മീറ്റിംഗുകളും ചടങ്ങുകളും പൂര്‍ണ്ണമായും ഒഴിവാക്കണം. അത് പോലെ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകളില്‍ ജനാലകളില്ലെങ്കില്‍ വാതിലുകളെങ്കിലും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.