പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി: അടുത്ത ഗഡു പുതുവര്‍ഷത്തില്‍; പത്തു കോടി കര്‍ഷകര്‍ക്ക് പ്രയോജനം

പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി: അടുത്ത ഗഡു പുതുവര്‍ഷത്തില്‍; പത്തു കോടി കര്‍ഷകര്‍ക്ക് പ്രയോജനം

ന്യുഡല്‍ഹി: പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി യോജനയുടെ പത്താം ഗഡു ജനുവരി ഒന്നിന് നല്‍കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആനുകൂല്യത്തിനുള്ള ഫണ്ട് കൈമാറും. ഇരുപതിനായിരം കോടി രൂപയാണ് പത്താം ഗഡുവായി നല്‍കുക. പത്തുകോടി കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷാവര്‍ഷം മൂന്നു തുല്യ ഗഡുക്കളായി ആറായിരം രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. ആദായനികുതി അടയ്ക്കുന്നവര്‍ ആകരുത് എന്നത് ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണ് അര്‍ഹരെ കണ്ടെത്തുന്നത്. എന്നാല്‍ നിലവില്‍ 42 ലക്ഷത്തോളം കര്‍ഷകര്‍ അര്‍ഹതയില്ലാത്തവരാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

കൂടാതെ 42.16 ലക്ഷം കര്‍ഷകര്‍ക്കായി വിതരണം ചെയ്ത 2,992 കോടി രൂപ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പാര്‍ലമെന്റിനെ അറിയിച്ചു. അര്‍ഹതയില്ലാതെ ധനസഹായം കൈപ്പറ്റിയവര്‍ക്ക് പണം തിരികെ അടയ്ക്കുന്നത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

ഗുണഭോക്താക്കള്‍ക്ക് ദൂരദര്‍ശന്‍ വഴിയോ pmindiawebcast.nic.in വഴിയോ പ്രോഗ്രാമില്‍ ചേരാവുന്നതാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 ന് പിഎം കിസാന്‍ സമ്മാന്‍ നിധിയോജനയുടെ ഏഴാം ഗഡു സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ 9 കോടിയിലധികം ഗുണഭോക്താക്കളായ കര്‍ഷക കുടുംബങ്ങള്‍ക്ക് 18,000 കോടി രൂപയാണ് മോഡി കൈമാറിയത്.

പത്താം ഗഡുവിന് ഇ-കെവൈസി നിര്‍ബന്ധമാണ്. പിഎം കിസാന്‍ യോജന പ്രകാരം രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-കെവൈസി ആധാര്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇ-കെവൈസി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പണം ലഭിക്കൂ. ഇതില്ലാതെ അവരുടെ ഗഡു അക്കൗണ്ടുകളില്‍ വരില്ല.

ഇ-കെവൈസി എങ്ങനെ പൂര്‍ത്തിയാക്കാം

പിഎം കിസാന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോയി eKYC ലിങ്ക് നോക്കുക. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പറും ബാര്‍ കോഡും നല്‍കുക. തുടര്‍ന്ന് സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി OTP കൊടുക്കുക. നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെങ്കില്‍ eKYC പൂര്‍ത്തിയാകും.

പിഎം കിസാന്‍ ലിസ്റ്റിലെ പേര് എങ്ങനെ പരിശോധിക്കാം

പിഎം കിസാന്‍ വെബ്‌സൈറ്റ് തുറക്കുക. ഫാര്‍മേഴ്‌സ് കോര്‍ണര്‍ ഓപ്ഷനില്‍, ഗുണഭോക്താക്കളുടെ ലിസ്റ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പട്ടികയില്‍ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് & വില്ലേജ് തിരഞ്ഞെടുക്കുക. ശേഷം 'റിപ്പോര്‍ട്ട് നേടുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. ഗുണഭോക്താക്കളുടെ മുഴുവന്‍ പട്ടികയും നിങ്ങളുടെ സ്‌ക്രീനില്‍ ദൃശ്യമാകും. അതില്‍ നിങ്ങളുടെ പേര് പരിശോധിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.