ക്യൂബെക്കില്‍ കോവിഡ് ബാധിതരെയും ഡ്യൂട്ടിക്കു വിളിച്ചു; എതിര്‍പ്പുമായി ഹെല്‍ത്ത്കെയര്‍ യൂണിയനുകള്‍

ക്യൂബെക്കില്‍ കോവിഡ് ബാധിതരെയും ഡ്യൂട്ടിക്കു വിളിച്ചു; എതിര്‍പ്പുമായി ഹെല്‍ത്ത്കെയര്‍ യൂണിയനുകള്‍


കാല്‍ഗറി(ആല്‍ബെര്‍ട്ട): കാനഡയിലെ ജനസംഖ്യ ഏറിയ പ്രവിശ്യകളില്‍ രണ്ടാം സ്ഥാനത്തുള്ള ക്യൂബെക്കില്‍ കോവിഡ് ബാധിതരായ ജീവനക്കാരെയും അവശ്യ സര്‍വീസുകളില്‍ ജോലിക്കു നിയോഗിക്കുന്നതില്‍ കടുത്ത എതിര്‍പ്പുമായി ഹെല്‍ത്ത്കെയര്‍ യൂണിയനുകള്‍ രംഗത്ത്. ഒമിക്രോണ്‍ കുതിച്ചുയരുന്നതിനിടെ ജീവനക്കാരുടെ ലഭ്യതക്കുറവു മൂലം സമാനമായ നടപടികളിലേക്ക് കൂടുതല്‍ കനേഡിയന്‍ പ്രവിശ്യകള്‍ നിര്‍ബന്ധിതമാകുന്നതിനിടെയാണ് യൂണിയനുകളുടെ പ്രതിഷേധം.

ജീവനക്കാരുടെ ക്ഷാമം ആരോഗ്യസംരക്ഷണ സേവനങ്ങളെ തടസ്സപ്പെടുത്തുന്നത് തടയാനാണ് കോവിഡ്-19 പോസിറ്റീവ് ആയ ശേഷവും ലക്ഷണങ്ങള്‍ പ്രകടമായില്ലാത്ത ചില അവശ്യ ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന് ആരോഗ്യമന്ത്രി ക്രിസ്റ്റ്യന്‍ ഡ്യൂബ് അറിയിച്ചിരുന്നു.ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്.ഒമിക്രോണ്‍ തരംഗത്തിന് തുടക്കമിട്ടശേഷം പ്രതിദിന കേസുകളില്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് സൃഷ്ടിക്കുകയാണു ക്യൂബെക്ക്.

കോവിഡ് പോസിറ്റീവ് ആയ സ്റ്റാഫിന് ഒരു നിശ്ചിത വ്യവസ്ഥയില്‍ മുന്‍ഗണനയുടെയും റിസ്‌ക് മാനേജ്മെന്റിന്റെയും അടിസ്ഥാനത്തില്‍ ജോലി തുടരാന്‍ കഴിയുമെന്ന് തീരുമാനിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. ജനുവരി 4 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്റെ മൂന്നാം ഡോസ് ക്യൂബെക്ക് നല്‍കുമെന്ന് ഡൂബ് പറഞ്ഞു.

തീരുമാനം ആരോഗ്യ സംരക്ഷണ ശൃംഖലകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും തൊഴിലാളികളെയും രോഗികളെയും അപകടത്തിലാക്കുമെന്നും ആശങ്കയുള്ളതായി യൂണിയനുകള്‍ പറയുന്നു.രോഗലക്ഷണങ്ങളില്ലാത്ത ജീവനക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അപകടസാധ്യതകള്‍ നേരിടാന്‍ സംവിധാനങ്ങളില്ല. ഇപ്പോള്‍, ജീവനക്കാരെ അവരുടെ ജോലിസ്ഥലത്ത് പരിശോധിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയുന്നില്ല - ക്യൂബെക്കിലെ പൊതു, സ്വകാര്യ മേഖലയിലുള്ള 120,000 ആരോഗ്യ പ്രവര്‍ത്തകരെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്റെ പ്രസിഡന്റ് റെജീന്‍ ലെക്ലെര്‍ക്ക് പറഞ്ഞു.

തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട പരിശോധന നടത്താനും ആശുപത്രികളില്‍ വെന്റിലേഷന്‍ മെച്ചപ്പെടുത്താനും ലെക്ലര്‍ക്ക് ആവശ്യപ്പെട്ടു. 'ഞങ്ങളുടെ മാത്രമല്ല അവശ്യ പരിചരണവും സേവനങ്ങളും കിട്ടേണ്ട ദുര്‍ബലരായ ആളുകളുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഈ തീരുമാനത്തോടു യോജിക്കാന്‍ കഴിയില്ല'- ക്യൂബെക്കില്‍ ഉടനീളമുള്ള പൊതുജനാരോഗ്യ, സാമൂഹിക സേവന സ്ഥാപനങ്ങളിലെ 60,000 തൊഴിലാളികള്‍ അംഗങ്ങളായുള്ള പ്രൊഫഷണല്‍ ആന്‍ഡ് ടെക്നിക്കല്‍ പേഴ്സണല്‍ അലയന്‍സ് പറഞ്ഞു.

ആശുപത്രികളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ മറ്റ് പ്രവിശ്യകളും സമാനമായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ടൊറന്റോ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധികളുടെ പ്രൊഫസര്‍ ആന്‍ഡ്രൂ മോറിസ് പറഞ്ഞു.ജനസാന്ദ്രത കൂടുതലുള്ള ക്യൂബെക്കും ഒന്റാറിയോയും ഉള്‍പ്പെടെ കാനഡയിലുടനീളമുള്ള പ്രവിശ്യകളില്‍ ഒമൈക്രോണ്‍ വേരിയന്റ് പിടിമുറുക്കുകയാണ്.ബാറുകള്‍, ജിമ്മുകള്‍, കാസിനോകള്‍ എന്നിവ അടച്ചുപൂട്ടാന്‍ കഴിഞ്ഞ ആഴ്ച ക്യൂബെക്ക് ഉത്തരവിട്ടിരുന്നു. വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശവും പുറപ്പെടുവിച്ചു.റെസ്റ്റോറന്റുകളില്‍ ഉള്‍പ്പെടെ ആറിലധികം ആളുകള്‍ കൂടിച്ചേരുന്നതിനും വിലക്കുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.