തിരുവനന്തപുരം: കേരളത്തിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകളായി നടത്തിവരുന്ന പുതുവര്‍ഷാരംഭ പാതിരാ പ്രാര്‍ത്ഥന പിണറായി സര്‍ക്കാരിന്റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.
ഒരു വിഭാഗത്തോടു കാട്ടുന്ന ഈ വിവേചനം വിവേകരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി കാലത്തു നടത്തുന്ന ചില തീര്‍ത്ഥാടനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവു നല്‍കിയിട്ടുണ്ട്. അതേ ആനുകൂല്യമാണ് ക്രൈസ്തവര്‍ക്കും നല്‍കേണ്ടത് എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഒരു പന്തിയില്‍ രണ്ടു വിളമ്പിനു പകരം സര്‍ക്കാര്‍ എല്ലാവരെയും സമഭാവനയോടെയാണു കാണേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.
രാത്രി പത്തിന് ശേഷമുള്ള യാത്രക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലമാണ് ക്രൈസ്തവര്‍ക്ക് ഈ ദുരവസ്ഥ ഉണ്ടായത്. രാത്രി പത്തുമണിക്ക് ശേഷമാണ് മിക്ക ദേവാലയങ്ങളിലും പുതുവര്‍ഷാരംഭ പ്രാര്‍ത്ഥന നടത്തുന്നത്. ചിലയിടങ്ങളില്‍ പാതിരാത്രിയിലാണ് പ്രാര്‍ത്ഥന നടത്തുന്നത്. ക്രൈസ്തവര്‍ കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണിത്. പിണറായി സര്‍ക്കാരിന്റെ കടുംപിടിത്തം മൂലം അത് ഇല്ലാതാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇന്ന് മുതല്‍ ജനുവരി രണ്ട് വരെയാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്. രാത്രി പത്ത് മുതല്‍ മത-സാമൂഹ്യ-രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.