ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ കൊച്ചുകുട്ടി കഞ്ചാവ് വലിക്കുന്ന വീഡിയോ പുറത്ത്; ആശങ്കയോടെ സാമൂഹിക പ്രവര്‍ത്തകര്‍

ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ കൊച്ചുകുട്ടി കഞ്ചാവ് വലിക്കുന്ന വീഡിയോ പുറത്ത്; ആശങ്കയോടെ സാമൂഹിക പ്രവര്‍ത്തകര്‍

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് ആഘോഷത്തിനിടെ കൊച്ചുകുട്ടി കഞ്ചാവ് വലിക്കുന്ന വീഡിയോ പ്രചരിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് ജനപ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും. ഒപ്പമുള്ളവരുടെ പ്രോത്സാഹനത്തിലാണ് കുട്ടി കഞ്ചാവ് വലിക്കുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ കിംബര്‍ലി മേഖലയിലെ ഡെര്‍ബി നഗരത്തിലാണു സംഭവം.

സംസ്ഥാനത്തിന്റെ വടക്കന്‍ പട്ടണങ്ങളില്‍ ഗാര്‍ഹിക പീഡനത്തിന്റെ തോത് വര്‍ധിക്കുന്നതായുള്ള കണക്കുകള്‍ക്കിടെയാണ് ക്രിസ്മസിനോടനുബന്ധിച്ച് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്തായത്. കുട്ടികളില്‍ മദ്യത്തിന്റെയും ലഹരി മരുന്നിന്റെയും ഉപയോഗം വര്‍ധിക്കുന്നതിന്റെ തെളിവായാണു സാമൂഹിക പ്രവര്‍ത്തകര്‍ ഈ വീഡിയോയെ കാണുന്നത്. ഗാര്‍ഹിക പീഡനത്തിന് ലഹരി ഉപയോഗം കാരണമാകുന്നുവെന്ന പരാതികള്‍ ഉയരുന്നതിനാല്‍ അതീവ ഗൗരവത്തോടെയാണ് ഈ സംഭവത്തെ കാണുന്നത്.

ഡെര്‍ബി പട്ടണത്തിലെ ഒരു വീട്ടുമുറ്റത്ത് വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് നിഗമനം. കഞ്ചാവു വലിക്കാന്‍ ഉപയോഗിക്കുന്ന ബോങ് എന്ന ഉപകരണത്തിലൂടെയാണ് ചെറിയ ആണ്‍കുട്ടി പുക വലിക്കുന്നത്. വീട്ടില്‍ നിര്‍മ്മിച്ച ബോങ് കുട്ടി വലിക്കുന്നതും ക്യാമറയിലൂടെ പുക വിടാന്‍ മുതിര്‍ന്നയാള്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

അസ്വസ്ഥതപ്പെടുത്തുന്ന വീഡിയോ എന്നാണ് പ്രാദേശിക ലിബറല്‍ എംപി നീല്‍ തോംസണ്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ആ ചെറിയ കുട്ടിയുടെ ഭാവി എന്താകുമെന്നു ചിന്തിക്കാന്‍ പോലും കഴിയുന്നില്ലെന്നും ഇത് വലിയൊരു സാമൂഹിക പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ കുടുംബ പശ്ചാത്തലം, രക്ഷാകര്‍ത്താക്കളുടെ പെരുമാറ്റം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവയൊക്കെ വിലയിരുത്തപ്പെടേണ്ടതുണ്ട്. വീഡിയോയിലെ ഉള്ളടക്കം സംബന്ധിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികാരികള്‍ക്ക് വിവരം കൈമാറിയതായി നീല്‍ തോംസണ്‍ അറിയിച്ചു.

കിംബര്‍ലിയിലെ കുട്ടികള്‍ അപകടകരമായ സാഹചര്യങ്ങളിലേക്കു നയിക്കപ്പെടുന്നതിന്റെ തെളിവാണ് ഈ വീഡിയോ. കുട്ടികള്‍ കാറുകള്‍ മോഷ്ടിച്ച് അമിതവേഗത്തില്‍ ഓടിച്ച് അപകടങ്ങള്‍ ഉണ്ടാക്കുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെയുണ്ടായി.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ ഏര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതില്‍ പ്രദേശവാസികള്‍ നിരാശരാണെന്നും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അവര്‍ ആഗ്രഹിക്കുന്നതായും നീല്‍ തോംസണ്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ഇതിനായി ഫണ്ടിംഗ് ആവശ്യമുണ്ട്. പ്രശ്നം സുഗമമായി കൈകാര്യം ചെയ്യാന്‍ പൊതുസേവകരുടെയും കൗണ്‍സിലര്‍മാരുടെയും ആവശ്യമുണ്ട്.

പ്രദേശത്ത് മയക്കുമരുന്നിന് അടിമകളായ കുട്ടികളെ ചികിത്സിക്കാന്‍ ജുവനൈല്‍ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ ട്രീറ്റ്മെന്റ് സെന്റര്‍ നിര്‍മ്മിക്കുമെന്ന് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.

കഴിഞ്ഞ വര്‍ഷം വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മന്ത്രിസഭയില്‍ അവതരിപ്പിച്ച കിംബര്‍ലി ജുവനൈല്‍ ജസ്റ്റിസ് സ്ട്രാറ്റജിയുടെ പകുതി പോലും മാര്‍ക് മക്‌ഗൊവന്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. 7.8 മില്യണ്‍ ഡോളറാണ് ഇതിനായി അനുവദിച്ചത്.

കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ ചെയ്യുന്നതാണ് കുട്ടികള്‍ അനുകരിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.

മദ്യപിച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചതു മൂലം ക്രിസ്മസിനോടനുബന്ധിച്ച് ഡെര്‍ബി നഗരത്തില്‍ 24 മണിക്കൂറോളം മദ്യവില്‍പ്പന നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായതായി പോലീസും സാക്ഷ്യപ്പെടുത്തുന്നു. ആളുകള്‍ മദ്യപിച്ച് കുപ്പികള്‍ തകര്‍ക്കുന്നതും പരസ്പരം കുത്തുന്നതും നിത്യസംഭവമായി മാറി. പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ മറ്റ് ഭാഗങ്ങളില്‍ കാണാത്ത ആക്രമണത്തിന്റെ ഒരു തലമാണ് ഡെര്‍ബിയില്‍ സംഭവിക്കുന്നതെന്ന് സീനിയര്‍ സര്‍ജന്റ് ഡേവ് വിറ്റ്നെല്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഇതെല്ലാം അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26