ഉക്രെയ്ന്‍ വിഷയത്തില്‍ പുതിയ ഉപരോധമുണ്ടായാല്‍ ഭവിഷ്യത്ത് ഉറപ്പ്: ബൈഡന് മുന്നറിയിപ്പേകി പുടിന്‍

ഉക്രെയ്ന്‍ വിഷയത്തില്‍ പുതിയ ഉപരോധമുണ്ടായാല്‍ ഭവിഷ്യത്ത് ഉറപ്പ്: ബൈഡന് മുന്നറിയിപ്പേകി പുടിന്‍

മോസ്‌കോ: ഉക്രെയ്നുമേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുന്ന പക്ഷം ബന്ധങ്ങള്‍ പൂര്‍ണമായി തകരാന്‍ ഇടയാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി. ഇരു പ്രസിഡന്റുമാരും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ഉപരോധം ഭീമാബദ്ധമായിരിക്കുമെന്ന് പുടിന്‍ പറഞ്ഞത്. ക്രെംലിന്‍ മുന്നോട്ടുവച്ച സുരക്ഷാ ആവശ്യങ്ങളോട് അമേരിക്കയും നാറ്റോയും പ്രതികരിച്ചില്ലെങ്കില്‍ 'അസ്വീകാര്യമായ ഭീഷണികള്‍ ഇല്ലാതാക്കാന്‍' റഷ്യ നീങ്ങുമെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം മുന്നറിയിപ്പ് നല്‍കി.

അതേ സമയം ഉക്രെയ്നിലെ ഏത് അധിനിവേശത്തിനും യുഎസും സഖ്യകക്ഷികളും ശക്തമായി പ്രതികരിക്കുമെന്ന് ബൈഡന്‍ പുടിനോട് പറഞ്ഞു. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനിന്ന സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടര്‍ന്നു. ഈ മാസം ഇതു രണ്ടാം തവണയായിരുന്നു ബൈഡനും പുടിനുമായുള്ള സംഭാഷണം.ഉക്രെയ്ന്‍ ആക്രമണത്തിനിരയായാല്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധം ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് പുടിനെ ഭീഷണിപ്പെടുത്തി. വഷളായിത്തുടങ്ങിയ റഷ്യ അമേരിക്ക ബന്ധം പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.എന്നാല്‍ ആക്രമിക്കാന്‍ പദ്ധതിയില്ലെന്നാണ് റഷ്യയുടെ നിലപാട്.

അതേസമയം റഷ്യന്‍ സൈനികര്‍ ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ സൈനികാഭ്യാസ പ്രകടനം നടത്തുന്നുണ്ട്. 'സ്വന്തം മണ്ണില്‍' സൈന്യത്തെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്നതിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് റഷ്യ. ഇതിനിടെ, പരസ്പരമുള്ള മുന്നറിയിപ്പുകള്‍ ഇരു രാജ്യങ്ങളും മുന്നോട്ടു വച്ചെങ്കിലും വലിയ ആശങ്കയിലേക്ക് പ്രശ്നം വഴിമാറില്ലെന്ന് റഷ്യന്‍ വിദേശ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഭാവി ചര്‍ച്ചകള്‍ക്ക് ഇത് ഒരു നല്ല സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാവാത്ത സാഹചര്യത്തില്‍ മാത്രമേ സംഭാഷണ വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടാവൂ എന്ന് പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ചു. യുഎസ്, റഷ്യന്‍ ഉദ്യോഗസ്ഥര്‍ അടുത്ത മാസം ജനീവയില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തും.ഉക്രെയ്ന്റെ കാര്യത്തില്‍ നയതന്ത്ര പരിഹാരമാണ് റഷ്യയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുന്നതെന്ന വൈറ്റ് ഹൗസ് പറഞ്ഞു.

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘര്‍ഷം കാലങ്ങളായി തുടരുകയാണ്. 2014-ല്‍, റഷ്യ ഉക്രെയ്നിന്റെ ക്രിമിയന്‍ പെനിന്‍സുല പിടിച്ചടക്കിയ പോരാട്ടങ്ങളില്‍ ഏകദേശം 14,000 പേര്‍ കൊല്ലപ്പെട്ടു.സൈന്യം വീണ്ടും ഉക്രെയ്നിലേക്ക് കടന്നാല്‍ കടുത്ത സാമ്പത്തിക ഉപരോധം പ്രതീക്ഷിക്കാമെന്നാണ് വാഷിംഗ്ടണും യൂറോപ്യന്‍ സഖ്യകക്ഷികളും റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.