കാന്‍ബറ: ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ ദിവസം പഴയ പാര്‍ലമെന്റ് മന്ദിരത്തിനു തീവച്ച സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് വാക്‌സിന്‍ വിരുദ്ധ പ്രക്ഷോഭകരും തീവ്ര സ്വഭാവമുള്ള സംഘടനകളുമെന്നു സൂചന. അബോര്‍ജിനല്‍സിന്റെ പ്രതിഷേധ സമരങ്ങള്‍ക്കിടെ വ്യാഴാഴ്ച രാവിലെയാണ് പൈതൃക കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനു തീയിട്ടത്. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ മുന്‍വാതിലുകള്‍ക്ക് ഉള്‍പ്പെടെ സാരമായ കേടുപാടുകളുണ്ടായി.
പഴയ പാര്‍ലമെന്റിന്റെ മുന്‍വശത്താണ് കഴിഞ്ഞ കുറച്ചു ദിവസമായി തദ്ദേശീയ ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധം നടക്കുന്നത്. അബോറിജിനല്‍ ടെന്റ് എംബസി സ്ഥാപിച്ചതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. കോവിഡ് വാക്‌സിനേഷനെ എതിര്‍ക്കുന്നവരും സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്ന പരാമാധികാര പൗര സംഘടനകളുമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. ഭൂമിക്കായി അവകാശമുന്നയിക്കുന്ന തദ്ദേശീയ ജനതയില്‍നിന്നുള്ളവരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ 22-നും സമാനമായ രീതിയില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗത്തിനു തീപിടിച്ചിരുന്നു. അന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത തീപിടിത്തത്തിന്റെ വീഡിയോയ്ക്കു നല്‍കിയ അടിക്കുറിപ്പ് പോലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. 'ഈ വാതിലുകള്‍ എങ്ങനെയായാലും താഴേക്കു വീഴും എന്നാണ് പ്രതിഷേധക്കാരിലൊരാള്‍ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയത്.
തദ്ദേശീയ സമൂഹങ്ങളെ സ്വാധീനിച്ച് സര്‍ക്കാരിനെതിരേ തിരിയാന്‍ ചില തീവ്ര സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ ഗൂഢാലോചന നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട്് തദ്ദേശീയ സമൂഹങ്ങള്‍ക്കിടയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ നിരന്തരമായി ശ്രമിക്കുന്നുണ്ട്.
ന്യൂ സൗത്ത് വെയില്‍സിലെ ഒരു വിദൂര പട്ടണമായ വില്‍കാനിയയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഒരു സംഘം ഐവര്‍മെക്റ്റിന്‍ എന്ന മരുന്ന് അനധികൃതമായി നല്‍കാന്‍ ശ്രമിച്ചതായി സെപ്റ്റംബറില്‍ ഗാര്‍ഡിയന്‍ അടക്കമുള്ള പത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കോവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് ഫലപ്രമാണെന്നതിന് തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ചില സാഹചര്യങ്ങളില്‍ ഇത് ദോഷകരമാകാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
1972-ല്‍ സ്ഥാപിതമായ അബോറിജിനല്‍ ടെന്റ് എംബസിയുടെ നേതാക്കള്‍ വ്യാഴാഴ്ച നടന്ന സംഭവത്തെ അപലപിച്ചിരുന്നു. എംബസിയുടെ ചുമതലക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതിഷേധക്കാരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് അബോറിജിനല്‍ ടെന്റ് എംബസി കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പൊതുമുതല്‍ നശിപ്പിക്കുന്നതിനെ ഒരു രീതിയിലും ന്യായീകരിക്കുന്നില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചതിന്റെ ഫലമായാണ് പ്രകോപനമുണ്ടായതെന്ന് അവകാശവാദങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് പോലീസ് എത്തുന്നതിന് മുമ്പ് കെട്ടിടത്തിന്റെ മുന്‍വശത്ത് തീ പടര്‍ന്നു പിടിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍നിന്നു വ്യക്തമാണ്. തീ പടരാന്‍ തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ ആഘോഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തെ സ്‌കോട്ട് മോറിസണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രൂക്ഷമായ ഭാഷയില്‍ അപലപിച്ചിരുന്നു.
മ്യൂസിയം ഓഫ് ഓസ്‌ട്രേലിയന്‍ ഡെമോക്രസിയാണ് ഇപ്പോഴിവിടെ പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡിസംബര്‍ 20-ന് മ്യൂസിയം അടച്ചിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26