സിഡ്‌നി: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെ ന്യൂ സൗത്ത് വെയില്‍സിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരുടെ ക്ഷാമം രൂക്ഷം. നിലവിലുള്ള ജീവനക്കാരോട് അവധി റദ്ദാക്കാനും അധിക ഷിഫ്റ്റ് എടുക്കാനും ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്ന ഇ-മെയില്‍ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടു.
അധിക ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ പല ആശുപത്രികളും നിരവധി നഴ്സിംഗ് ഏജന്‍സികളെ സമീപിച്ച കാര്യവും ഇ-മെയിലില്‍ പറയുന്നുണ്ട്. കോവിഡ് മൂലമുള്ള ആശുപത്രി കേസുകള്‍ വര്‍ധിച്ചതിനാല്‍ ഇതു കൈകാര്യം ചെയ്യാന്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് വലിയ സമ്മര്‍ദമാണ് ആരോഗ്യ രംഗത്തു സൃഷ്ടിക്കുന്നത്.
സംസ്ഥാനത്ത് രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ നിലവില്‍ കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ക്വാറന്റീനിലാണ്. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതോടെ, കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തി ക്വാറന്റീനില്‍ പ്രവേശിച്ച ആരോഗ്യ പ്രവര്‍ത്തകരെ ഏഴ് ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചിരുന്നു.
സിഡ്നിയിലുള്ള സെന്റ് ജോര്‍ജ് ആശുപത്രി നഴ്സിംഗ് ജീവനക്കാര്‍ക്ക് അയച്ച ഇന്റേണല്‍ ഇ-മെയിലാണ് ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ടത്. ആശുപത്രി നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കുന്ന കത്തില്‍ ജീവനക്കാരോട് അവധി റദ്ദാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. നഴ്‌സുമാരെ പുറത്തുനിന്നു കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ഇ-മെയിലില്‍ പറയുന്നു.
ജീവനക്കാരെ ലഭിക്കാന്‍ സെന്റ് ജോര്‍ജ് ആശുപത്രി അധികൃതര്‍ ഏഴിലധികം പ്രാദേശിക നഴ്സിംഗ്, മിഡ്വൈഫറി ലേബര്‍ ഏജന്‍സികളെ സമീപിച്ചെങ്കിലും ഒരു രജിസ്‌റ്റേര്‍ഡ് നഴ്സിനെ മാത്രമാണ് ലഭിച്ചത്. ഇതുകൂടാതെ സ്വകാര്യ ആശുപത്രികളെയും സമീപിച്ചു. എന്നിട്ടും പ്രതിസന്ധി നേരിടാനുള്ള ജീവനക്കാരെ ലഭിച്ചില്ല.
ആശുപത്രിയില്‍ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണെന്നും വീണ്ടും കോവിഡ് വാര്‍ഡ് തുറക്കേണ്ടി വരുമെന്ന സൂചനയും കത്തില്‍ നല്‍കുന്നുണ്ട്.
പുതുവര്‍ഷത്തലേന്ന് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണു രേഖപ്പെടുത്തിയത്. പ്രതിദിന കേസുകള്‍ 21,151 ആയി ഉയര്‍ന്നു. ആറു പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 901 ആയി ഉയര്‍ന്നു. 79 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
സംസ്ഥാനത്തെ ആശുപത്രികള്‍ അസാധാരണമായ പ്രതിസന്ധിയിലേക്ക് പോകുകയാണെന്നു ന്യൂ സൗത്ത് വെയില്‍സ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബ്രെറ്റ് ഹോംസ് പറഞ്ഞു.
സിഡ്നിയിലെ സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലും ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഇ-മെയില്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമം മൂലം ആശുപത്രി കടുത്ത പ്രതിസന്ധിയിലാണെന്നും പുതുവത്സര ദിനത്തില്‍ നഴ്സുമാര്‍ അധിക ഷിഫ്റ്റില്‍ ജോലി ചെയ്യണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനായി 250 ഡോളര്‍ ബോണസും വാഗ്ദാനം ചെയ്യുന്നു. അഡ്മിന്‍ റോളിലുള്ള നഴ്സുമാര്‍ക്കാണ് വാഗ്ദാനം. തീവ്ര പരിചരണ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രോഗികള്‍ക്ക് എത്രയും വേഗം വിടുതല്‍ നല്‍കാനും നഴ്സുമാരോട് നിര്‍ദേശിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.