തിരക്കേറിയ റോഡിലൂടെ ഹോം ഡെലിവറിയുമായി കുതിക്കുകയാണ് രേഷ്മ എന്ന വീട്ടമ്മ. ഓണ്‍ലൈനിലൂടെ വാങ്ങുന്ന സാധനങ്ങള്‍ കൃത്യമായും വേഗത്തിലും വീടുകളില്‍ എത്തിച്ച് നല്‍കുന്ന കോഴിക്കോട് നഗരത്തിലെ വനിതാ പ്രതിനിധികളിലൊരാള്‍. കോവിഡ് പ്രതിസന്ധിയില്‍ വഴിമുട്ടിയപ്പോള്‍ ഹോം ഡെലിവറിയെന്ന വഴിയാണ് കുണ്ടൂപറമ്പ് എടക്കാട് വേട്ടേരി ഹൗസില്‍ രേഷ്മയെന്ന 36കാരിയുടെ മുന്നില്‍ തെളിഞ്ഞത്.
പുതിയ ജോലിയില്‍ നാലുമാസം പിന്നിട്ട് പുതുവര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ആത്മവിശ്വാസത്തിന്റെ പ്രസരിപ്പ് രേഷ്മയില്‍ പ്രകടമാണ്. ദുബായിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചുവരേണ്ടി വന്നത്. ഒരു തൊഴിലിനായുള്ള അലച്ചിലിനിടയിലാണ് ഹോം ഡെലിവറി ശ്രദ്ധയില്‍പ്പെടുന്നത്. ആമസോണിന്റെ കൊറിയര്‍ എക്സിക്യുട്ടീവായി. പിറകില്‍ വലിയ ബാഗും തൂക്കി സ്‌കൂട്ടറില്‍ കുതിച്ചുപായുന്ന ഈ ജോലി വനിതകള്‍ക്ക് വഴങ്ങുമോയെന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. എന്നാല്‍, രേഷ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഈ സംശയങ്ങളൊക്കെ ദൂരീകരിക്കപ്പെട്ടു.
കുണ്ടൂപറമ്പ്, മൊകവൂര്‍, എരഞ്ഞിക്കല്‍, പുതിയാപ്പ എന്നിവിടങ്ങളിലൊക്കെ സ്വന്തം വാഹനത്തില്‍ രേഷ്മയെത്തുന്നു. ഞായറാഴ്ചകളിലാണ് ജോലി. മറ്റു ദിവസങ്ങളില്‍ പാറോപ്പടിയിലെ ഹൈബ്രിഡ് ഫോര്‍വീലര്‍ വര്‍ക്ഷോപ്പില്‍ അക്കൗണ്ടന്റിന്റെ ജോലിയും നോക്കുന്നുണ്ട്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും പ്രോത്സാഹനവുമാണ് ഈ ജോലിയില്‍ തനിക്ക് കരുത്താവുന്നതെന്ന് രേഷ്മ പറയുന്നു.
ഭര്‍ത്താവ് എസ്.എസ് സുശാന്ത് ഫ്രോസണ്‍ ചിക്കന്‍സിന്റെ കളക്ഷന്‍ ഏജന്റാണ്. മക്കള്‍: ഷിതപ്രിയ, ഷിബു. നഗരത്തില്‍ ഹോം ഡെലിവറി രംഗത്ത് ജോലി ചെയ്യുന്നവരില്‍ വനിതകള്‍ ചുരുക്കമാണ്. ഇതില്‍ ഏതാനും പേര്‍ പ്രമുഖ ഭക്ഷണ വിതരണസ്ഥാപനങ്ങളുടെ പ്രതിനിധികളുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.