സര്‍ക്കാരിനെ നാണം കെടുത്തുന്നു; സി.പി.എം ജില്ലാ സമ്മേളനത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശം

 സര്‍ക്കാരിനെ നാണം കെടുത്തുന്നു; സി.പി.എം ജില്ലാ സമ്മേളനത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശം

പാലക്കാട്: സി.പി.എം ജില്ലാ സമ്മേളനത്തില്‍ പൊലീസിന് രൂക്ഷ വിമര്‍ശനം. പൊലീസിനും മുന്‍ എം. എല്‍. എയും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ ശശിക്കുമെതിരേയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറഞ്ഞു.

പൊലീസിന്റെ സമീപനം ശരിയല്ല. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. സാധാരണ മറ്റ് നേതാക്കന്‍മാര്‍ക്ക് ഇല്ലാത്ത പരിഗണനയാണ് പി.കെ ശശിക്ക് ലഭിച്ചതെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. പട്ടാമ്പി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ജില്ല നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

മാത്രമല്ല ജില്ലാ നേതൃത്വം ഒന്നിനും കൊള്ളാത്തവരായി മാറിയതിനാലാണ് ജില്ലയില്‍ പ്രാദേശിക ഘടകങ്ങളില്‍ വിഭാഗീയത രൂക്ഷമായതെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. പല സ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ രൂക്ഷമായത് ജില്ല സെക്രട്ടറിയുടെ പിടിപ്പ് കേട് കാരണമാണ്. പുതുശേരി പട്ടാമ്പി ഏരിയയില്‍ നിന്നുള്ള പ്രതിനിധികളാണ് വിമര്‍ശനമുയര്‍ത്തിയത്.

സംസ്ഥാന കമ്മറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ചില നേതാക്കള്‍ ചിലരെ തോഴന്‍മാരാക്കി കൊണ്ടു നടക്കുന്നു. ഇത് പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.