ആറായിരം സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവനാ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം; 12989 അപേക്ഷകള്‍ പരിശോധനയില്‍

ആറായിരം സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവനാ ലൈസന്‍സ് റദ്ദാക്കി കേന്ദ്രം; 12989 അപേക്ഷകള്‍ പരിശോധനയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ആറായിരത്തോളം എന്‍. ജി.ഒകളുടെ വിദേശ സംഭാവനാ ലൈസന്‍സുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. മദര്‍ തേരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സംഭാവന ലൈസന്‍സ് പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.

മിഷണറീസ് ഉള്‍പ്പെടെ 179 എന്‍.ജി.ഒകളുടെ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ നിരസിച്ചിരുന്നു. പുതുക്കാനുള്ള സമയപരിധിയായ 2021 ഡിസംബര്‍ 31ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാത്ത 5789 എന്‍. ജി. ഒകളുടെ ലൈസന്‍സ് അടക്കം മൊത്തം 5933 എന്‍. ജി. ഒകളുടെ ലൈസന്‍സാണ് റദ്ദായത്.

ഓക്സ് ഫാം ഇന്ത്യ, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ലെപ്രസി മിഷന്‍, ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, ഇന്ത്യ ഇസ്ലാമിക് കള്‍ച്ചര്‍ സെന്റര്‍ തുടങ്ങിയവ ലൈസന്‍സ് റദ്ദായവയില്‍ ഉള്‍പ്പെടുന്നു.12,989 സംഘടനകള്‍ പുതുക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് സമയം എടുക്കുമെന്നതിനാല്‍ ഇവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

കൊവിഡും വിദേശ സംഭാവനാ നിയന്ത്രണ നിയമത്തില്‍ ( എഫ്. സി. ആര്‍. എ )കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ഭേദഗതിയും കാരണം നിരവധി എന്‍. ജി. ഒകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡല്‍ഹി മെയിന്‍ ബ്രാഞ്ചില്‍ എഫ്. സി. ആര്‍. എ അക്കൗണ്ട് നിര്‍ബന്ധമാക്കിയിരുന്നു. വാര്‍ഷിക റിട്ടേണ്‍ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ഒന്‍പത് മാസത്തിനകം സമര്‍പ്പിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.