ബഹിരാകാശത്ത് രാജ്യാന്തര സൗഹൃദം ഊട്ടിയുറപ്പിച്ച് പുതുവത്സരാഘോഷം; വാശിയോടെ ബാഡ്മിന്റണ്‍ പോരാട്ടം

ബഹിരാകാശത്ത് രാജ്യാന്തര സൗഹൃദം ഊട്ടിയുറപ്പിച്ച് പുതുവത്സരാഘോഷം; വാശിയോടെ ബാഡ്മിന്റണ്‍ പോരാട്ടം

ന്യൂയോര്‍ക്ക്:കൊറോണ വകഭേദങ്ങളുടെ വ്യാപനത്തിലും ആഘോഷ പൂര്‍വം ലോകമെങ്ങും 2022 നെ വരവേറ്റപ്പോള്‍ അങ്ങ് ബഹിരാകാശത്തും പൊടിപൊടിച്ചു പുതുവത്സരാഘോഷം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പുതുവത്സരാഘോഷത്തില്‍ രാജ്യന്തര സൗഹൃദം തുടിച്ചുനിന്നു.മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും തിരക്കേറിയ പുതുവത്സരാഘോഷം എന്നാണ് റഷ്യന്‍ സ്‌പേസ് ഏജന്‍സി റോസ്‌കോസ്‌മോസ് ഇതിനെ വിശേഷിപ്പിച്ചത്.

ബഹിരാകാശ നിലയില്‍ 21 വര്‍ഷമായി പുതുവത്സരാഘോഷം നടക്കുന്നുണ്ടെങ്കിലും ഇത്തവണത്തെ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു; പത്ത് പേരാണ് പങ്കെടുത്തത്. ഭൂമിയിലെ ആഘോഷത്തിന് ഇത് ഒരുചെറിയ സംഖ്യ ആണെങ്കിലും അവിടെ അങ്ങനെയല്ല. ചരിത്രത്തില്‍ ആദ്യമായാണ് ബഹിരാകാശത്ത് പത്ത് പേര്‍ പങ്കെടുത്ത പുതുവത്സരാഘോഷം നടക്കുന്നത്.റോസ്‌കോസ്മോസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏഴു പേരും ചൈനീസ് സ്‌പേസ് സ്റ്റേഷനായ ടിയാങ്കോംഗിലെ മൂന്നു പേരുമാണ് 'ഹാപ്പി ന്യൂ ഇയര്‍' പറഞ്ഞത്. റഷ്യയുടെ ആന്റണ്‍ ഷ്‌കാപ്ലെറോവ്, പ്യോട്ടര്‍ ഡുബ്രോവ്, നാസയുടെ മാര്‍ക്ക് വാന്‍ഡ്‌ഹേ, തോമസ് മാര്‍ഷ്‌ബേണ്‍, ഇന്ത്യന്‍ വംശജനായ രാജാ ചാരി, കെയ്ല ബാരണ്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ മത്യാസ് മൗറര്‍ എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോംഗില്‍ ഹായ് സിഗാങ്, വാങ് യാപ്പിംഗ്, ഗുവാങ്ഹു എന്നിവരും.ഇവരെല്ലാവരും പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തു.

കഴിഞ്ഞ 21 വര്‍ഷത്തിനിടെ 83 പേരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതുവര്‍ഷ രാവ് ചെലവഴിച്ചത്. ഒന്നിലധികം തവണ പങ്കെടുത്തവരുമുണ്ട്. റഷ്യന്‍ ബഹിരാകാശയാത്രികനായ ആന്റണ്‍ ഷ്‌കാപ്ലെറോവ് ഇത്തവണത്തേത് ഉള്‍പ്പെടെ നാല് പുതുവര്‍ഷം ബഹിരാകാശത്ത് ആഘോഷിച്ചു. 2012, 2015, 2018 പുതുവര്‍ഷത്തിലും അദ്ദേഹം ബഹിരാകാശ നിലയത്തിലായിരുന്നു.യൂറി റൊമാനെങ്കോയും ജോര്‍ജി ഗ്രെക്കോയും ആയിരുന്നു ആദ്യമായി ഭ്രമണപഥത്തില്‍ പുതുവര്‍ഷം ആഘോഷിച്ച ബഹിരാകാശയാത്രികര്‍. 1977-1978 കാലഘട്ടത്തില്‍.


ബഹിരാകാശത്തെ 'ഓര്‍ബിറ്റല്‍ ബാഡ്മിന്റണ്‍ മാച്ചിന്റെ ' വീഡിയോ ദൃശ്യങ്ങള്‍ ഇതിനിടെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തു വിട്ടു. ഉപരിതലത്തില്‍ മര്യാദയ്ക്ക് കാലുകുത്താന്‍ പോലും സാധിക്കാത്തിടത്തെ ആ ബാഡ്മിന്റണ്‍ കളി ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.ബഹിരാകാശത്ത് നടക്കുന്ന ഓര്‍ബിറ്റല്‍ ബാഡ്മിന്റണ്‍ മാച്ചില്‍ പങ്കെടുക്കുന്നവരാണ് ദൃശ്യങ്ങളില്‍. അതും ബാഡ്മിന്റണ്‍ 'ഡബിള്‍സ്' മാച്ച്. ബഹിരാകാശ യാത്രികനായ മാത്തിയാസ് മൗറര്‍ തന്റെ സഹയാത്രികരോട് ചലഞ്ച് ചെയ്താണ് മത്സരം ആരംഭിച്ചത്. ജാപ്പനീസ് സ്വദേശികളായ യുസാകു മേസാവയും യോസോ ഹിരാമോയുമായിട്ടായിരുന്നു സൗഹൃദ മത്സരം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അന്തരീക്ഷത്തില്‍ പറന്നുകൊണ്ട് സംഘം നടത്തിയ ബാഡ്മിന്റണ്‍ മാച്ചിന്റെ ദൃശ്യങ്ങള്‍ 360 ഡിഗ്രി കാഴ്ചയിലാണ് പകര്‍ത്തിയിട്ടുള്ളത്. 12 ദിവസത്തിനായി പുതിയ സംഘം ബഹിരാകാശ നിലയത്തിലെത്തിയപ്പോള്‍ ഡിസംബര്‍ 21 നായിരുന്നു ഈ മാച്ച്. മാത്തിയാസ് മൗറര്‍ ഇതിന് മുമ്പും വിവിധ ബഹിരാകാശ കാഴ്ചകള്‍ പുറത്തുവിട്ട് കാഴ്ചക്കാരില്‍ കൗതുകമുണ്ടാക്കിയിട്ടുണ്ട്.

ഏതാനും നാളുകള്‍ക്ക് മുമ്പ് സ്പേസില്‍ മുടിവെട്ടുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചത് മാത്തിയാസ് മൗറര്‍ ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരം നേടിയ വീഡിയോ ദൃശ്യങ്ങളായിരുന്നു അത്. അതുകൂടാതെ ദിവസേന രണ്ട് മണിക്കൂര്‍ ശാരീരിക പരിശീലനം ബഹിരാകാശത്ത് നടത്തുന്ന മാത്തിയാസിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ഭാരം അനുഭവപ്പെടാത്ത അന്തരീക്ഷത്തില്‍ ശരീരം ആരോഗ്യപരമായി ഇരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.


https://twitter.com/i/status/1477444591108378626


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.