ഇറാന്‍ വിക്ഷേപിച്ച 'അവ്യക്ത ഉപകരണങ്ങള്‍' സംശയ നിഴലില്‍; രഹസ്യ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെന്ന് അമേരിക്ക

ഇറാന്‍  വിക്ഷേപിച്ച 'അവ്യക്ത ഉപകരണങ്ങള്‍' സംശയ  നിഴലില്‍; രഹസ്യ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെന്ന് അമേരിക്ക


ടെഹറാന്‍: 2015 ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നീണ്ട ചര്‍ച്ചകള്‍ക്കിടയിലും യു. എസിനെയും മറ്റ് പാശ്ചാത്യ ശക്തികളെയും പ്രകോപിപ്പിക്കുന്ന നീക്കവുമായി ഇറാന്‍.കഴിഞ്ഞ ദിവസം ഇറാന്‍ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച മൂന്ന് 'അവ്യക്ത ഉപകരണങ്ങള്‍' സംശയങ്ങളുണര്‍ത്തുന്നുവെന്നും രഹസ്യ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ ഭാഗമായിരിക്കാമെന്നും അമേരിക്ക പ്രതികരിച്ചു.

'സിമോര്‍ഗ് സാറ്റലൈറ്റ് ലോഞ്ചര്‍ വഴി മൂന്ന് ഗവേഷണ ഉപകരണങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചു,'- ഇറാന്റെപ്രതിരോധ മന്ത്രാലയ വക്താവ് അഹ്‌മദ് ഹുസൈനി പറഞ്ഞതായി സ്റ്റേറ്റ് ടെലിവിഷന്‍ അറിയിച്ചിരുന്നു. 'ആദ്യമായാണ് 470 കിലോമീറ്റര്‍ ദൂരത്തിലേക്ക് സെക്കന്‍ഡില്‍ 7,350 മീറ്റര്‍ വേഗതയില്‍ മൂന്ന് ഉപകരണങ്ങള്‍ ഒരേസമയം വിക്ഷേപിച്ചത്'' ഹുസൈനി അറിയിച്ചു.വിക്ഷേപണ തീയതിയും റോക്കറ്റ് വഹിച്ച ഉപകരണങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം വെളിപ്പെടുത്തിയില്ല.

ഇതില്‍ ഏതെങ്കിലും ഉപകരണങ്ങള്‍ക്ക് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല. 'ബഹിരാകാശ കേന്ദ്രവും ഉപഗ്രഹ വാഹക റോക്കറ്റും മികച്ച പ്രകടനം കാഴ്ച വച്ചു,'- ഹുസൈനി പറഞ്ഞു. വിക്ഷേപണത്തെ 'പ്രാരംഭം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ ഉണ്ടാകാമെന്ന് സൂചിപ്പിക്കുകയും ചെയ്തു.'ഇറാന്‍ ശാസ്ത്രജ്ഞരുടെ മറ്റൊരു വിജയം,' എന്ന തലക്കെട്ടുമായി സംഭവം ഇറാനിയന്‍ ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തത് വലിയ വാര്‍ത്തയായാണ്.ഇറാന്റെ ശക്തമായ അര്‍ദ്ധസൈനിക റെവല്യൂഷണറി ഗാര്‍ഡ് അവരുടെ സമാന്തര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഭ്രമണപഥത്തില്‍ വിജയകരമായി ഒരു ഉപഗ്രഹ വിക്ഷേപണം നടത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇറാന്‍ അതിന്റെ ബഹിരാകാശ നൈപുണ്യം വികസിപ്പിക്കുകയും ബഹിരാകാശത്ത് തങ്ങളുടെ സ്ഥാനം വിപുലീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തുവരുന്നു. ആഭ്യന്തരമായി നിര്‍മ്മിച്ച രണ്ട് ഉപഗ്രഹങ്ങളില്‍ സമീപഭാവിയില്‍ ബഹിരാകാശ യാത്രികരെ അയക്കാന്‍ രാജ്യം പദ്ധതിയിടുന്നതായി കഴിഞ്ഞ വര്‍ഷം, ഇറാനിയന്‍ പ്രതിരോധ മന്ത്രാലയത്തിലെ ബഹിരാകാശ ഗ്രൂപ്പിന്റെ വക്താവ് പ്രഖ്യാപിച്ചിരുന്നു.

ഇത്തരത്തിലുള്ള ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഏഴാമത്തെ രാജ്യമായി ഇറാന്‍ മാറിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അസദ് ഹുസൈനി അന്നു പറഞ്ഞു. അതേസമയം, സ്വദേശീയമായ 'സഫര്‍' ഉപഗ്രഹത്തിന്റെ വരാനിരിക്കുന്ന വിക്ഷേപണത്തിന് 25 മീറ്റര്‍ വരെ കൃത്യതയുണ്ടാകുമെന്നും ഭാവി വിക്ഷേപണങ്ങളില്‍ ഇത് 16 മീറ്ററായി കുറയുമെന്നും ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി തസ്‌നിം പറഞ്ഞു.


സൊലൈമാനിയെ അനുസ്മരിച്ചു

ഇതിനിടെ, അമേരിക്കയ്ക്കെതിരെ പ്രതിദിനം വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണ് ഇറാന്‍. ജനറല്‍ ഖ്വാസേം സൊലൈമാനിയുടെ മരണത്തിന്റെ രണ്ടാം വാര്‍ഷികം അമേരിക്കയ്‌ക്കെതിരെ വിദ്വേഷം ശക്തമാക്കുന്ന ചടങ്ങാക്കി ഇറാന്‍ മാറ്റി. യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് സൈനിക മേധാവിമാരില്‍ ഒരാളായിരുന്ന ഖ്വാസേം സൊലൈമാനി കൊല്ലപ്പെട്ടത്.

ഇറാനിലെ സായുധ സംഘടനകളുടെ കൂട്ടായ്മയായ ഹാഷേദ്-അല്‍-ഷാബിയാണ് പരിപാടി സംഘടിപ്പിച്ചത്. പതിനായിരങ്ങളെ തെരുവിലിറക്കി അനുസ്മരണ റാലി നടത്തി. അമേരിക്കയ്ക്കെതിരായ വിദ്വേഷം റാലിയിലുടനീളം മുഴങ്ങി.'അമേരിക്കയുടെ നാശമുണ്ടാകട്ടെ' എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. അമേരിക്കന്‍ ഭീകരത തുലയണമെന്നതായിരുന്നു മറ്റൊരു മുദ്രാവാക്യം.

അമേരിക്കയ്ക്കെതിരെ ശക്തമായ ആണവ നയം രൂപീകരിച്ച സൊലൈമാനിയാണ് ഇറാക്കിലെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ സൊലൈമാനിയുടെ വാഹനവ്യൂഹത്തെ ഡ്രോണ്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നു. സൊലൈ മാനിക്കൊപ്പം ഇറാഖ് സൈനിക ഉദ്യോഗസ്ഥന്‍ അബു ഹമീദി അല്‍ മുഹാന്‍ദിസും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിച്ച ഇറാന്‍ അമേരിക്കയുടെ ഇറാഖിലെ വ്യോമ താവളത്തിന് നേരെയും മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

https://twitter.com/Tasnimnews_Fa/header_photo


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.