കോപ്പന്‍ഹാഗന്‍: 2030 ഓടെ ആഭ്യന്തര വിമാനങ്ങള്‍ ഫോസില്‍ ഇന്ധന രഹിതമാക്കാനുള്ള ലക്ഷ്യം പ്രഖ്യാപിച്ച് ഡെന്മാര്‍ക്ക് സര്‍ക്കാര്‍. ഹരിത ഇന്ധനങ്ങള്‍ കൊണ്ടായിരിക്കണം വ്യോമയാനമെന്ന് പുതുവത്സര പ്രസംഗത്തില്‍ പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ പറഞ്ഞു. എന്നിരുന്നാലും തന്റെ ലക്ഷ്യത്തിലെത്താനുള്ള വഴികള്‍ ഇതുവരെ പൂര്‍ണ്ണമായി തെളിഞ്ഞിട്ടില്ലെന്ന് അവര്‍ സമ്മതിച്ചു.
മൊത്തത്തിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം 1990 ലെ നിലയെ അപേക്ഷിച്ച് 2030 ഓടെ 70 % കുറയ്ക്കാനാണ് ഡെന്മാര്‍ക്ക് ലക്ഷ്യമിടുന്നത്.അതേസമയം ഇതിനായി യാത്ര ഒഴിവാക്കണമെന്ന അഭിപ്രായം പ്രധാനമന്ത്രിക്കില്ല. 'യാത്ര എന്നാല്‍ ജീവിക്കുക എന്നതാണ് ; അതിനാലാണ് നമ്മള്‍ പറക്കുന്നത്,' മെറ്റെ ഫ്രെഡറിക്സെന്‍ തന്റെ പദ്ധതി പ്രഖ്യാപിക്കവേ അഭിപ്രായപ്പെട്ടു.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള യത്‌നത്തില്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ വളരെ മന്ദഗതിയിലാണ്. അതേസമയം, ഡെന്മാര്‍ക്ക് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം- മെറ്റെ ഫ്രെഡറിക്സെന്‍ പറഞ്ഞു.ഹരിത ആഭ്യന്തര ഫ്ളൈറ്റുകള്‍ വളരെ വേഗം യാഥാര്‍ത്ഥ്യമാക്കുകയെന്നത് പ്രയാസകരമാണെങ്കിലും ഗവേഷകരും കമ്പനികളും ഈ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ യൂറോപ്യന്‍ വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസ് 2035-ഓടെ ഹെഡ്രജന്‍ ഇന്ധനമുള്ള വിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ഇതു യാഥാര്‍ത്ഥ്യമായാല്‍ ഡെന്മാര്‍ക്കിന് ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗം എളുപ്പമാകും.എങ്കിലും സാങ്കേതികവിദ്യയുടെ ക്ഷമത, ചെലവ് തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുൂ.
2030-ഓടെ ആഭ്യന്തര വിമാനങ്ങള്‍ ഫോസില്‍ ഇന്ധന രഹിതമാക്കാനുള്ള പദ്ധതികളാണ് സ്വീഡന്‍ തല്‍ക്കാലം പ്രഖ്യാപിച്ചിട്ടുള്ളത്. 2045-ഓടെ രാജ്യാന്തര വിമാന സര്‍വീസുകളെയും ഹരിതമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഉയര്‍ന്ന മലിനീകരണം ഉണ്ടാക്കുന്ന വിമാനങ്ങള്‍ക്ക് വര്‍ധിപ്പിച്ച എയര്‍പോര്‍ട്ട് ഫീസ് ഏര്‍പ്പെടുത്താനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, രണ്ടര മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ എത്താന്‍ കഴിയുന്ന സ്ഥലങ്ങള്‍ക്കിടയില്‍ ആഭ്യന്തര വിമാന യാത്ര നിരോധിക്കണമെന്ന നിര്‍ദ്ദേശം ഫ്രാന്‍സ് പരിഗണിക്കുന്നുണ്ട്. ആ വ്യവസ്ഥ പ്രാബല്യത്തിലായാല്‍ പാരീസിനും നാന്റസ്, ലിയോണ്‍, ബോര്‍ഡോ നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രയ്ക്കു വിമാനം അപ്രസക്തമായി മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.