ബംളലൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ദലിത് കുടുംബത്തിനു നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. കര്‍ണാടക ബലാഗവി ജില്ലയിലെ തുക്കനാട്ടി ഗ്രാമത്തിലാണ് സംഭവം. ആളുകളെ ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിച്ച് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 29ന് അക്ഷയ് കുമാര്‍ എന്ന പാസ്റ്റര്‍ തന്റെ വീട്ടില്‍ പ്രാര്‍ഥന നടത്തുമ്പോള്‍ ഹിന്ദുത്വ സംഘടനയിലെ ആളുകള്‍ വീട്ടില്‍ അതിക്രമിച്ചുകയറി പ്രാര്‍ഥന തടസപ്പെടുത്തുകയായിരുന്നു. ഇവര്‍ അയല്‍വാസികളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് അക്രമികള്‍ ആരോപിച്ചു.
അക്രമി സംഘം തന്റെ ദേഹത്തേക്ക് അടുപ്പത്ത് ഉണ്ടായിരുന്ന ചൂടുള്ള സാമ്പാര്‍ ഒഴിച്ചെന്ന് പാസ്റ്ററുടെ ഭാര്യ പറഞ്ഞു. വേശ്യയെന്ന് വിളിച്ചു ആക്ഷേപിച്ചുവെന്നും അവര്‍ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ വസ്ത്രം വലിച്ചുകീറി. ഇനി ഇത്തരം പ്രവര്‍ത്തനം തുടര്‍ന്നാല്‍ ജീവനോടെ കത്തിക്കുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി ദളിത് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ആക്രമണം നടത്തിയവരില്‍ ഏഴ് പേര്‍ക്കെതിരെ എസ്സി, എസ്ടി വിഭാഗത്തിനെതിരായ അതിക്രമം തടയല്‍ വകുപ്പ് പ്രകാരം കേസെടുത്തു. ശിവാനന്ദ് ഗോതൂര്‍, രമേഷ് ദണ്ഡപൂര്‍, പരസപ്പ ബാബു, ഫക്കീരപ്പ ബാഗേവാഡി, കൃഷ്ണ കനിത്കര്‍, ചേതന്‍ ഗദാദി, മഹന്തേഷ് ഹത്തരാകി എന്നിവരാണ് പ്രധാന പ്രതികള്‍.
കുടുംബം മുദലഗി ടൗണിലെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികില്‍സയിലാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ പല ഭാഗത്തും ഹിന്ദുത്വ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഹിന്ദുക്കളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് എന്നാണ് ഹിന്ദു വര്‍ഗീയ വാദികളുടെ ആരോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.