കുറവുകൾ നിറവുകളാക്കുന്ന ദൈവം

കുറവുകൾ  നിറവുകളാക്കുന്ന ദൈവം

ഉണ്ടക്കണ്ണൻ എന്നായിരുന്നു കൂട്ടുകാർ അവനെ വിളിച്ചത്. തന്റെ കണ്ണുകളോർത്ത് ദൈവത്തോട് അവന് പരാതിയായിരുന്നു. ചിലപ്പോഴൊക്കെ കണ്ണാടി നോക്കി അവൻ കരയുമായിരുന്നു. കണ്ണുകൾ കുത്തിപ്പൊട്ടിച്ചാലോ എന്നു പോലും ചിന്തിച്ചിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവന് ആശ്വാസമായി. ഇനി സഹപാഠികൾ ആരും കളിയാക്കില്ലല്ലോ? കോളേജിലെത്തിയപ്പോൾ അവിടെയുമുണ്ടായിരുന്നു 'ഉണ്ടക്കണ്ണൻ' വിളികളുമായ് ഏതാനും കൂട്ടുകാർ. ഇതിനിടയിൽ മോണോ ആക്ടിലും മിമിക്രിയിലുമെല്ലാം അവൻ കഴിവു തെളിയിച്ചു. അപ്പോഴും പഴയ പരിഹാസ വാക്കുകൾ അവനെ പിന്തുടർന്നുകൊണ്ടിരുന്നു.
സിനിമയിലും ഏതാനും റോളുകളിൽ അഭിനയിച്ചു.

വർഷങ്ങൾക്കു ശേഷം ഒരു സംവിധായകൻ അവനെത്തേടിയെത്തി. "താങ്കളെ എന്റെ സിനിമയിൽ നായകനാക്കുവാൻ ആഗ്രഹിക്കുന്നു." "നിങ്ങൾ തമാശ പറയുകയാണോ? "അല്ല. എന്റെ സിനിമയ്ക്ക് ഉറക്കമില്ലാത്ത കണ്ണുകളുള്ള നായകനാണ് ആവശ്യം. സിനിമാ ലോകത്ത് അങ്ങനെയുള്ള നയനങ്ങൾ നിങ്ങൾക്ക് മാത്രമാണുള്ളത്."

സംവിധായകന്റെ ആ വാക്കുകൾ അയാൾക്ക് വിശ്വസിക്കാനായില്ല. ആ സിനിമയിൽ അദ്ദേഹം അഭിനയിച്ചു. അതിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും ലഭിച്ചു. പറഞ്ഞു വരുന്നത് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ അഭിനയിച്ച സലിം കുമാർ എന്ന പ്രതിഭയെക്കുറിച്ചാണ്.

ആ സിനിമ തനിക്ക് അവാർഡ് നേടിത്തന്നതിനെക്കുറിച്ച് അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: "എന്റെ ഉണ്ടക്കണ്ണുകളെക്കുറിച്ച് ദൈവത്തിനൊരു പദ്ധതിയുണ്ടെന്ന് മനസിലാക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു."നമ്മൾ ആരും പൂർണ്ണരല്ല. ശാരീരികമായ കുറവുകളും ബലഹീനതകളും നമുക്കുണ്ട്. മറ്റുള്ളവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും ചിലപ്പോഴൊക്കെ നമ്മിലെ നന്മയെ കെടുത്തിക്കളയാൻ സാധ്യതയുമുണ്ട്. ഇവിടെയാണ് സലിംകുമാറിന്റെ ജീവിതം നമുക്ക് വഴിത്തിരിവാകേണ്ടത്.

കുറവുകളിലേക്ക് മിഴികളയക്കാതെ നമ്മിൽ ദൈവം നിക്ഷേപിച്ചിരിക്കുന്ന കഴിവുകളിലേക്ക് മിഴികളുയർത്തുമ്പോൾ മാത്രമേ ദൈവീക പദ്ധതിയനുസരിച്ച് ജീവിക്കാൻ സാധ്യമാകൂ.

ക്രിസ്തുവിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കൂ: "നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറകെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല" (മത്തായി 5 : 13).

ദൈവം നിക്ഷേപിച്ച നന്മയുടെ ലവണങ്ങളാണ് നമ്മിലെ ഉപ്പ്. അത് ആകാരവടിവിനെയൊ വർണ്ണത്തെയോ ആശ്രയിച്ചുള്ളതല്ല. നമ്മിലെ ദൈവീകമായ ഉപ്പ് നഷ്ടപ്പെടുത്താതിരിക്കാനാകട്ടെ ഇനിയുള്ള നമ്മുടെ പരിശ്രമങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26