പ്രക്ഷോഭത്തില്‍ വിരണ്ട് സുഡാനില്‍ ഹംദോക്കിന്റെ രാജി; നേരിട്ടുള്ള സൈനിക ഭരണം വീണ്ടും

 പ്രക്ഷോഭത്തില്‍ വിരണ്ട് സുഡാനില്‍ ഹംദോക്കിന്റെ രാജി; നേരിട്ടുള്ള സൈനിക ഭരണം വീണ്ടും


ഖാര്‍ട്ടൂം: ജനകീയ പ്രതിഷേധത്തില്‍ വശം കെട്ട് സുഡാന്‍ പ്രധാനമന്ത്രി അബ്ദല്ല ഹംദോക്ക് രാജിവച്ചു. 'അധികാരം ജനങ്ങള്‍ക്ക്' എന്ന മുദ്രാവാക്യം മുഴക്കി, സമ്പൂര്‍ണ്ണ സിവിലിയന്‍ ഭരണത്തിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ മരിച്ചതിനു പിന്നാലെയാണ് ഹംദോക്ക് രാജിവച്ചത്.രാജ്യ തലസ്ഥാനമായ ഖാര്‍ട്ടൂമില്‍ നടന്ന ഏക ദിന പ്രതിഷേധം അതിതീവ്രമായിരുന്നു.

ഒക്ടോബറില്‍ സൈനിക അട്ടിമറിയിലൂടെ മാറ്റിയ ഹംദോക്കിനെ പിന്നീട് പുനഃപ്രതിഷ്ഠിച്ച ശേഷം 'പാവ' പ്രധാനമന്ത്രിയാക്കി പട്ടാള നേതൃത്വം. സൈന്യവുമായി അധികാരം പങ്കിടാന്‍ അദ്ദേഹം അടുത്തിടെ ഉണ്ടാക്കിയ കരാറിനെതിരെ ആയിരങ്ങളാണ് മര്‍ദ്ദനത്തെ കൂസാതെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്.അതേസമയം, ഹംദോക്കിന്റെ രാജി തീരുമാനം പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന നിരീക്ഷണവുമുണ്ട്.

സൈന്യത്തിന്റെ നേരിട്ടുള്ള പൂര്‍ണ നിയന്ത്രണത്തിലേക്കു വീഴുകയാണ് ഇതോടെ സുഡാന്‍. രാജ്യം അതിന്റെ നിലനില്‍പ്പിനും ഭീഷണി ഉയര്‍ത്തുന്ന അപകടകരമായ വഴിത്തിരിവിലാണെന്ന് ഹംദോക്ക് ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

2019-ല്‍ സുഡാനിലെ ദീര്‍ഘകാല സ്വേച്ഛാധിപത്യ പ്രസിഡന്റ് ഒമര്‍ അല്‍-ബഷീറിനെ അട്ടിമറിച്ച ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ജനാധിപത്യ ഭരണത്തിലേക്കുള്ള പരിവര്‍ത്തനമുണ്ടായത് അബ്ദല്ല ഹംദോക്ക് പ്രധാനമന്ത്രിയായതോടെയായിരുന്നു. പക്ഷേ, സൈന്യം വിട്ടുകൊടുത്തില്ല. ജനാധിപത്യ ഭരണത്തിലേക്കു വരാനുള്ള സുഡാനിലെ ദുര്‍ബലമായ ശ്രമങ്ങള്‍ക്കു വീണ്ടും പ്രഹരമേല്‍ക്കുകയാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ഇനിയും ജനരോഷം തീവ്രമാകുമെന്നും അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാകാത്ത പക്ഷം സൈന്യം നിഷ്ഠുരമായ അടിച്ചമര്‍ത്തല്‍ തുടരുമെന്നുമാണ് നിരീക്ഷണം.


ജനാധിപത്യ അനുകൂലികളുടെപ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമം നടത്തിയ സുരക്ഷാ സേനക്കെതിരെ നടപടി ആവശ്യപ്പെട്ട് ഖാര്‍ട്ടൂമില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധം ഹംദോക്കിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. സുഡാനിലെ 40ലധികം മനുഷ്യാവകാശസംഘടനകള്‍ പ്രതിഷേധത്തിന് പിന്തുണ നല്‍കി.പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുറത്ത് നടന്ന ബഹുജന പ്രക്ഷോഭത്തിടെയാണ് 13 സ്ത്രീകളെ സുരക്ഷാ സേന കൂട്ടബലാത്സംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സുരക്ഷാ സേനയുടെ ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ വ്യാഴാഴ്ച ഖാര്‍ട്ടൂമിലെ യു.എന്‍ മനുഷ്യാവകാശ ഓഫീസില്‍ പരാതിയും നല്കി.

പ്രക്ഷോഭത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായ 18നും 27നുമിടയില്‍ പ്രായമുള്ള എട്ട് യുവതികള്‍ ചികിത്സ തേടിയെത്തിയതായി സാമൂഹിക വികസന മന്ത്രാലയം ലൈംഗികാതിക്രമ പ്രതിരോധ വിഭാഗം മേധാവി സുലൈമ ഇസ്ഹാഖ് പറഞ്ഞു. കുടുംബത്തിലെ സമ്മര്‍ദ്ദം കാരണം പല സ്ത്രീകളും അതിക്രമത്തിനിരയായ കാര്യം പുറത്തു പറയുന്നില്ലെന്നാണ് വിവരം.

പ്രക്ഷോഭ പരിപാടികളില്‍ നിന്ന് സ്ത്രീകളെ അകറ്റാനാണ് സുഡാന്‍ സുരക്ഷാ സേന ലൈംഗികാതിക്രമം നടത്തുന്നതെന്ന് യു.എസ്,യൂറോപ്യന്‍ യൂണിയന്‍, കാനഡ, നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, യു.കെ, എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.

അതേസമയം സുഡാന്‍ ഭരണകൂടം ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2019 ജൂണില്‍ ഖാര്‍ട്ടൂമിലെ സൈനിക ആസ്ഥാനത്ത് ജനാധിപത്യ അനുകൂലികള്‍ നടത്തിയ സമരത്തിലും സുരക്ഷാസേന വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടത്തിയതായി പരാതി ഉയര്‍ന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.