ബീജിങ്: മങ്ങിയ ഓര്‍മകളില്‍നിന്ന് ബാല്യകാലത്തെ ഗ്രാമം വരച്ചെടുത്ത് 33 വര്‍ഷം മുന്‍പ് കൈവിട്ടുപോയ അമ്മയെ കണ്ടെത്തിയ യുവാവിന്റെ കഥ വൈറലാകുന്നു. 1989-ല്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍നിന്നു നാലു വയസുള്ളപ്പോള്‍ തട്ടിയെടുക്കപ്പെട്ട യുവാവാണ് മനസിലെ ഓര്‍മകളില്‍നിന്നു തന്റെ ഗ്രാമവും വീടും വരച്ചെടുത്തതും ഒടുവില്‍ അമ്മയെ കണ്ടെത്തിയതും.
37 വയസുകാരനായ ലീ ജിങ്വെയ്‌ന് നാലു വയസ് പ്രായമുള്ളപ്പോഴാണ് യുനാനിലെ വീട്ടില്‍ നിന്ന് കുട്ടികളെ കടത്തുന്ന സംഘം തട്ടിക്കൊണ്ടുപോയത്. 33 വര്‍ഷത്തിനു ശേഷമുള്ള അമ്മയുടെയും മകന്റെയും സമാഗമം കണ്ണീരണിയിക്കുന്ന കാഴ്ച്ചയായി. തന്റെ വീടിന്റെയും ഗ്രാമത്തിന്റെയും ഓര്‍മയില്‍ വരച്ച ഒരു ചിത്രമാണ് അമ്മയെ കണ്ടെത്താന്‍ ലീ ജിങ്വെയിനെ സഹായിച്ചത്.
യുനാനില്‍ നിന്ന് 1800 കിലോമീറ്റര്‍ അകലെയുള്ള ഹെനാനിലെ ലങ്കാവോ കൗണ്ടിയിലെ ആണ്‍കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് ക്രിമിനലുകള്‍ ലീയെ വിറ്റത്. കുട്ടിയെ വാങ്ങിയവര്‍ നല്ല ഭക്ഷണവും വിദ്യാഭ്യാസവും നല്‍കിയെങ്കിലും ലീയുടെ മനസില്‍ സ്വന്തം വീട് എന്നും വേദനയായിരുന്നു. സ്വന്തം പേരും അച്ഛന്റെയും അമ്മയുടെയും പേരും ഗ്രാമത്തിന്റെ പേരും ഓര്‍മയില്ലാത്തതിനാല്‍ ഒന്നും ചെയ്യാനും കഴിഞ്ഞില്ല.
ലീയെ ഏറ്റെടുത്തവര്‍ക്കും യഥാര്‍ത്ഥ മാതാപിതാക്കളുടെ വിവരങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. ദേശീയ ഡി.എന്‍.എ റജിസ്ട്രിയില്‍ പരതിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അതേസമയം, ഗ്രാമത്തിന്റെയും വീടിന്റെയും രൂപം ലീയുടെ മനസില്‍ പതിഞ്ഞു കിടന്നിരുന്നു.
ലീ ജിങ്വെയ് വരച്ചെടുത്ത സ്വന്തം ഗ്രാമത്തിന്റെ ചിത്രം
മനസിലെ ചിത്രം കടലാസിലേക്കു പകര്‍ത്തിയ ലീ അത് ചൈനീസ് ആപ്പായ ഡൗയിനില്‍ ഡിസംബര്‍ 24-ന് പോസ്റ്റ് ചെയ്തു. 'ഞാന്‍ എന്റെ വീട് തെരയുന്ന ഒരു കുട്ടിയാണ്. 1989-ല്‍, എനിക്ക് നാല് വയസുള്ളപ്പോള്‍ മൊട്ടത്തലയനായ ഒരു അയല്‍ക്കാരന്‍ എന്നെ ഹെനാനിലേക്ക് കടത്തിക്കൊണ്ടു പോയി. ഇതാണ് ഞാന്‍ എന്റെ ഓര്‍മയില്‍നിന്നു വരച്ചെടുത്ത വീടും പരിസരവും.'-ലീയുടെ പോസ്റ്റ് പറയുന്നു. തന്റെ വീടും സ്‌കൂളും മുളങ്കാടും കുളവും അടങ്ങിയ ചിത്രമാണ് ലീ പോസ്റ്റ് ചെയ്തത്.
പോസ്റ്റ് വൈറലായതോടെ പോലീസ് അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ സഹായത്തിനെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗ്രാമം കണ്ടെത്തിയത്. യുനാന്‍ നഗരത്തിന് സമീപമുള്ള മലകളാല്‍ ചുറ്റപ്പെട്ട ഷവോതോങ് എന്ന ഗ്രാമമായിരുന്നു ഇത്. തുടര്‍ന്ന് ഒരു സ്ത്രീയുടെ വിവരവും പോലീസ് ലീക്ക് കൈമാറി.
1989-ല്‍ കാണാതായ തന്റെ മകന്റെ താടിഭാഗത്ത് ഒരു മുറിവ് അടയാളമുണ്ടെന്ന് സ്ത്രീ പറഞ്ഞു. കുട്ടിക്കാലത്ത് കോണി മറിഞ്ഞ് വീണുണ്ടായ മുറിവാണ് ഇതെന്നും അവര്‍ വിശദീകരിച്ചു. ലീയുടെ താടി ഭാഗത്തും ഒരു മുറിവ് അടയാളമുണ്ടായിരുന്നു. തുടര്‍ന്ന് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ഓഫീസ് നടത്തിയ ഡി.എന്‍.എ പരിശോധനയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ലീയുടെ പിതാവ് ഇന്ന് ജീവിച്ചിരുപ്പില്ല. ലീയുടെ രണ്ടു സഹോദരന്മാരും 33 വര്‍ഷത്തിനുള്ളില്‍ മരിച്ചുപോവുകയും ചെയ്തു.
ലീയുടെ അമ്മയെ തിരിച്ചറിഞ്ഞതോടെ ജനുവരി ഒന്നിന് കൂടിക്കാഴ്ച്ചയ്ക്ക് അധികൃതര്‍ അനുമതി നല്‍കി. അമ്മ ധരിച്ച മാസ്‌ക് ഊരിമാറ്റി മുഖത്തേക്ക് നോക്കി ലീ കരയുന്നതും തുടര്‍ന്ന് ഇരുവരും ആലിംഗനം ചെയ്യുന്ന വീഡിയോയും വലിയ പ്രചാരം നേടി.
ആണ്‍കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചൈനീസ് സമൂഹത്തില്‍ ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍ ഒരു കാലത്ത് വ്യാപകമായിരുന്നു. കുട്ടികളെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് വലിയ വിലയ്ക്ക് വില്‍ക്കുകയായിരുന്നു പതിവ്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോവപ്പെട്ട നിരവധി കുട്ടികള്‍ കഴിഞ്ഞ വര്‍ഷം യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നിരുന്നു.
ഷാന്‍ഡോങ് പ്രവിശ്യയിലെ ഗുവോ ഗാങ്ടാങ് 24 വര്‍ഷമാണ് മകനെ തേടി ബൈക്കില്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഗുവോ മകനെ കണ്ടെത്തിയത്. ഗുവോയുടെ ഈ യാത്ര 2015-ല്‍ ഇറങ്ങിയ ലോസ്റ്റ് ആന്‍ഡ് ലവ് എന്ന സിനിമയ്ക്കും വിഷയമായി. ബീജിങ് സ്വദേശിയായ സണ്‍ ഹൈയാങ് എന്നയാള്‍ 14 വര്‍ഷം നടത്തിയ അന്വേഷണത്തിലാണ് ഡിസംബറില്‍ മകനെ കണ്ടെത്തിയത്. അവരുടെ അനുഭവമാണ് ഗ്രാമത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ലീ പറയുന്നു. അമ്മയുമായി ചേരാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചുള്ള കുറിപ്പും ലീ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.