മനുഷ്യ ജീവിതത്തില്‍ സദാ ഇടം തേടുന്നുണ്ട് ദൈവം; അയോഗ്യതകള്‍ തടസമാകില്ല:ഫ്രാന്‍സിസ് മാര്‍പ്പാപ്പ

മനുഷ്യ ജീവിതത്തില്‍ സദാ ഇടം തേടുന്നുണ്ട് ദൈവം;  അയോഗ്യതകള്‍ തടസമാകില്ല:ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: മനുഷ്യന്റെ ദൗര്‍ബല്യങ്ങളുടെയും അയോഗ്യതകളുടെയും കണക്കെടുപ്പു നടത്താതെ അവനോടൊപ്പം വസിക്കാനുള്ള ദൈവത്തിന്റെ ഇച്ഛ തിരിച്ചറിയണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ബത്ലഹേമിലെ കാലിത്തൊഴുത്ത് വേദിയായുള്ള മനുഷ്യാവതാരത്തിന്റെ പൊരുള്‍ ഇതാണെന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ വചന സന്ദേശത്തില്‍ മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി.

യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം 1 മുതല്‍ 18 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ടത്.'വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു' എന്ന വാക്കുകളില്‍ ഒരു വൈരുദ്ധ്യം ഉണ്ടെന്ന് കാണാന്‍ കഴിയും- ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. അവ രണ്ട് വിപരീത യാഥാര്‍ത്ഥ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു: വചനവും ജഡവും.

പിതാവിന്റെ നിത്യ വചനമാണ് യേശു എന്ന് 'വചനം' സൂചിപ്പിക്കുന്നു, സകല സൃഷ്ടികള്‍ക്കും മുമ്പേ എന്നുമുണ്ടായിരുന്ന നിത്യ വചനം. നേരേ മറിച്ച്, 'മാംസം' എന്നത് നാം ഉള്‍പ്പെടുന്ന യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കുന്നു; സൃഷ്ടിക്കപ്പെട്ടതും ദുര്‍ബ്ബലവും പരിമിതിയുള്ളതും മര്‍ത്യവുമായ യാഥാര്‍ത്ഥ്യം.

യേശുവിനു മുമ്പ് രണ്ട് വ്യത്യസ്ത ലോകങ്ങളാണുണ്ടായിരുന്നത്; ഭൂമിക്ക് വിപരീതമായി സ്വര്‍ഗ്ഗം. അന്തമുള്ളതിനെതിരായ അനന്തതയും ദ്രവ്യത്തിന് വിപരീതമായുള്ള ആത്മാവും ഈ വൈരുധ്യങ്ങളുടെ പ്രതിരൂപമാണ്.യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖത്തില്‍ മറ്റൊരു വൈരുധ്യം ആലേഖനം ചെയ്യുന്ന ദ്വിപദം ഉണ്ട്: വെളിച്ചവും ഇരുട്ടും (യോഹന്നാന്‍ 1,5). ലോകത്തിന്റെ അന്ധകാരത്തിലേക്ക് പ്രവേശിച്ച ദൈവത്തിന്റെ വെളിച്ചമാണ് യേശു. ഇരുട്ടിനെ മറികടന്നു വെളിച്ചം. പ്രകാശമായ ദൈവത്തില്‍ അവ്യക്തതയില്ല; അതേസമയം, നമ്മില്‍ അന്ധകാരം കുടികൊള്ളുന്നു. യേശു വഴി വെളിച്ചവും ഇരുട്ടും കണ്ടുമുട്ടുന്നു. അതായത്, വിശുദ്ധിയും തെറ്റും, കൃപയും പാപവും. ഈ കൂടിക്കാഴ്ചയുടെ, ദൈവ മനുഷ്യ സമാഗമത്തിന്റെ, കൃപയും പാപവും തമ്മിലുള്ള സംഗമത്തിന്റെ വേദിയാണ് യേശു. മനുഷ്യാവതാരത്തിന്റെ ആര്‍ത്ഥമതാണ്.

മഹത്തായ കാര്യങ്ങളാണ് ഈ വൈരുദ്ധ്യങ്ങളിലൂടെ സുവിശേഷം പ്രഖ്യാപിക്കുന്നത്. അതിമനോഹരമാണ് ദൈവത്തിന്റെ പ്രവര്‍ത്തന രീതി. നമ്മുടെ ബലഹീനതയ്ക്ക് മുന്നില്‍ കര്‍ത്താവ് പിന്മാറുന്നില്ല. അവിടന്ന് തന്റെ അനുഗ്രഹീതമായ നിത്യതയിലും അനന്തമായ പ്രകാശത്തിലും ഒതുങ്ങി നല്ക്കുന്നില്ല, മറിച്ച് സമീപസ്ഥനാകുന്നു, മാംസം ധരിക്കുന്നു, ഇരുളിലേക്ക് ഇറങ്ങിവരുന്നു. അവിടത്തേക്ക് അന്യമായ ദേശങ്ങളില്‍ വസിക്കുന്നു.

എന്തിനാണ് ദൈവം ഇങ്ങനെ ചെയ്യുന്നത്? എന്തുകൊണ്ടാണ് അവിടന്ന് നമ്മുടെ അടുത്തേക്ക് വരുന്നത്? അവിടത്തെ സ്‌നേഹച്ചരടില്‍ നിന്ന്, നിത്യതയില്‍ നിന്ന്, വെളിച്ചത്തില്‍ നിന്ന് അകന്നുപോയാല്‍ നാം വഴിതെറ്റിപ്പോകും എന്ന യാഥാര്‍ത്ഥ്യത്തോട് അടിയറവു പറയാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് അവിടന്ന് ഇത് ചെയ്യുന്നത്. ഇതാണ് ദൈവത്തിന്റെ കര്‍മ്മശൈലി: നമ്മുടെ ഇടയിലേക്ക് ആഗതനാകുക. നാം നമ്മെത്തന്നെ അയോഗ്യരായി കണക്കാക്കിയാലും അത് അവിടത്തെ തടയില്ല.

അവിടന്ന് വരാന്‍ ഇച്ഛിക്കുന്നു. നാം അവിടത്തെ നിരസിച്ചാലും നമുക്കായുള്ള അന്വേഷണത്തില്‍ അവിടന്ന് ഒരിക്കലും തളരില്ല. അവിടത്തെ സ്വീകരിക്കാന്‍ നാം തയ്യാറല്ലെങ്കിലും അവിടന്ന് വരാന്‍ ഇഷ്ടപ്പെടുന്നു. നാം അവിടത്തെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചാലും അവിടന്ന് നമ്മെ കാത്തിരിക്കും. നല്ല ഇടയനാണത്. നല്ല ഇടയന്റെ ഏറ്റവും മനോഹരമായ രൂപം ഇതു മാത്രമാണ്. നമ്മുടെ ജീവിതത്തില്‍ പങ്കുചേരാന്‍ വചനം മാംസമായി. നാം എവിടെയായിരിക്കുന്നുവോ അവിടെ, നമ്മുടെ പ്രശ്‌നങ്ങളില്‍, നമ്മുടെ ദുരിതങ്ങളില്‍, നമ്മെ അന്വേഷിച്ചുവരുന്ന നല്ല ഇടയനാണ് യേശു. അവിടെയെല്ലാം അവന്‍ സന്നിഹിതനാകുന്നു.

നമ്മില്‍ വസിക്കാന്‍ വരുന്ന ദൈവം

വിവിധ കാരണങ്ങളാല്‍ നാം ദൈവത്തിന് യോഗ്യരല്ലെന്ന തോന്നല്‍ മൂലം നാം പലപ്പോഴും ദൈവത്തില്‍ നിന്ന് അകലം പാലിക്കുന്നു. നമുക്കു യോഗ്യതയില്ലെന്നത് സത്യവുമാണ്. എന്നാല്‍ അവിടത്തെ വീക്ഷണ കോണില്‍ നിന്ന് കാര്യങ്ങളെ കാണാനുള്ള ക്ഷണം കൂടിയാണ് തിരുപ്പിറവി . ദൈവം മാംസം ധരിക്കാന്‍ അഭിലഷിക്കുന്നു. നിന്റെ ഹൃദയം തിന്മയാല്‍ മലിനമായതായി തോന്നുന്നുവെങ്കില്‍, അത് ക്രമരഹിതമാണെന്ന് തോന്നുന്നുവെങ്കില്‍, ദയവായി, നീ സ്വയം അടയ്ക്കരുത്, ഭയപ്പെടരുത്: അവന്‍ വരുന്നുണ്ട്.

ബത്ലഹേമിലെ കാലിത്തൊഴുത്തിനെക്കുറിച്ച് ചിന്തിക്കുക. അവിടെയാണ്, ആ ദാരിദ്ര്യത്തിലാണ് യേശു ജനിച്ചത്. നിങ്ങളുടെ ഹൃദയത്തിലെ സന്ദര്‍ശനത്തിനും ദുസ്സഹജീവിതത്തിലെ അധിവാസത്തിനും, തീര്‍ച്ചയായും, അവന്‍ സന്നദ്ധനാണെന്ന് നിങ്ങളോട് പറയാനാണ്. അധിവസിക്കുക എന്ന ഈ വാക്ക് ഈ യാഥാര്‍ത്ഥ്യത്തെ സൂചിപ്പിക്കാന്‍ സുവിശേഷം ഇന്നുപയോഗിക്കുന്ന ക്രിയയാണ്: ഇത് സമ്പൂര്‍ണ്ണ പങ്കുചേരലിനെ, ഉറ്റ അടുപ്പത്തെ പ്രകടമാക്കുന്നു. ദൈവം ആഗ്രഹിക്കുന്നത് ഇതാണ്: നമ്മോടൊപ്പം ജീവിക്കാന്‍ അവിടന്ന് ആഗ്രഹിക്കുന്നു, നമ്മില്‍ ജീവിക്കാന്‍ അവിടന്ന് അഭിലഷിക്കുന്നു, അകന്നു നില്‍ക്കാനല്ല.

ഞാന്‍ എന്നോടും നിങ്ങളോടും എല്ലാവരോടും ചോദിക്കുന്നു: അവിടത്തേക്ക് ഇടം നല്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? 'അതേ' എന്നവും വാക്കു കൊണ്ടുള്ള മറുപടി ; 'ഞാന്‍ തയ്യാറല്ല' എന്ന് പറയില്ല ആരും തന്നെ. എന്നാല്‍ പ്രായോഗിക ജീവിതത്തിലോ? ഒരുപക്ഷേ, നമുക്കുവേണ്ടി മാത്രമായി നാം സൂക്ഷിച്ചുവയ്ക്കുന്ന ചില പ്രത്യേക ജീവിത വശങ്ങള്‍ ഉണ്ടാവാം. അല്ലെങ്കില്‍ ദൈവത്തെ ഇടയ്ക്കു നിറുത്താന്‍ നാം ആഗ്രഹിക്കാത്ത ആന്തരിക ഇടങ്ങള്‍ ഉണ്ടായെന്നുവരാം. ഇന്ന് ഞാന്‍ നിങ്ങളെ പ്രായോഗികാവസ്ഥയിലേക്കു ക്ഷണിക്കുകയാണ്.

ദൈവം ഇഷ്ടപ്പെടുന്നില്ല എന്ന് സ്വയം കരുതുന്ന ആന്തരിക കാര്യങ്ങള്‍ എന്തൊക്കെയാണ്? സ്വന്തമായി സൂക്ഷിച്ചു വച്ചിരിക്കുന്നതും ദൈവം വരരുതെന്ന് സ്വയം ആഗ്രഹിക്കുന്നതുമായ ജീവിത സ്ഥലങ്ങള്‍ ഏതൊക്കെ്? ഓരോരുത്തരും യാഥാര്‍ത്ഥ്യബോധത്തോടെ ഇതിനോട് പ്രത്യുത്തരിക്കണം.

'അതേ, യേശു വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അവന്‍ എല്ലാം കാണരുത്, അറിയരുത്..'. ഓരോരുത്തര്‍ക്കും അവരവരുടെ പാപമുണ്ട് . നമുക്ക് അവയെ പേരു ചൊല്ലി വിളിക്കാന്‍ സാധിക്കും എന്നാല്‍ അവിടന്ന് നമ്മുടെ പാപങ്ങളെ ഭയപ്പെടുന്നില്ല: നമ്മെ സുഖപ്പെടുത്താനാണ് അവിടന്ന് ആഗതനാകുന്നത്. കുറഞ്ഞത് നമ്മുടെ പാപങ്ങള്‍ കാണാനെങ്കിലും നമുക്ക് അവിടത്തെ അനുവദിക്കാം, അവിടന്നു നമ്മുടെ പാപം കാണട്ടെ. നമുക്ക് ധൈര്യമുള്ളവരാകാം, നമുക്കിങ്ങനെ പറയാം: 'കര്‍ത്താവേ, ഞാന്‍ ഈ അവസ്ഥയിലാണ്, എനിക്ക് മാറാന്‍ താല്‍പ്പര്യമില്ല. പക്ഷേ നീ, ദയവായി, അധികം ദൂരം അകന്നുപോകരുത്.' അത് മനോഹരമായ ഒരു പ്രാര്‍ത്ഥനയാണ്. അതിനായി നമുക്ക്് ആത്മാര്‍ത്ഥതയുള്ളവരാകാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.