എലിസബത്ത് ആന്‍സെറ്റണ്‍: എപ്പിസ്‌കോപ്പല്‍ സഭാ വിശ്വാസത്തില്‍ നിന്ന് കത്തോലിക്കാ വിശ്വാസിയായി മാറിയ വിശുദ്ധ

എലിസബത്ത് ആന്‍സെറ്റണ്‍: എപ്പിസ്‌കോപ്പല്‍ സഭാ വിശ്വാസത്തില്‍ നിന്ന് കത്തോലിക്കാ വിശ്വാസിയായി മാറിയ വിശുദ്ധ

അനുദിന വിശുദ്ധര്‍ - ജനുവരി 04

മേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് രണ്ടു വര്‍ഷം മുന്‍പ് 1774 ഓഗസ്റ്റ് 28 ന് ന്യുയോര്‍ക്ക് സിറ്റിയിലാണ് എലിസബത്ത് ആന്‍സെറ്റണ്‍ ജനിച്ചത്. ഇപ്പോള്‍ കൊളമ്പിയ യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന പഴയ സ്ഥാപനത്തിലെ പ്രഗത്ഭനായ പ്രൊഫസറായിരുന്നു എലിസബത്തിന്റെ പിതാവ് ഡോ. റിച്ചാര്‍ഡ് ബെയ്‌ലി.

എപ്പിസ്‌കോപ്പല്‍ സഭാ വിശ്വാസ രീതിയില്‍ വളര്‍ന്നു വന്ന അവള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നു. തന്റെ ചെറുപ്പകാലം മുതലേ അവള്‍ പാവങ്ങളോട് കരുണയുള്ളവളായിരുന്നു. 1777 ല്‍ അമ്മയും 1778 ല്‍ കുഞ്ഞു സഹോദരിയും മരിച്ചു.

1794 ല്‍ അവള്‍ വില്ല്യം സെറ്റണ്‍ എന്ന ധനികനായ വ്യാപാരിയെ വിവാഹം ചെയ്തു. ഈ വിവാഹത്തില്‍ അവര്‍ക്ക് അഞ്ച് മക്കളുണ്ടായി. വില്ല്യമിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അവരുടെ സമ്പത്തെല്ലാം ക്ഷയിക്കുകയും 1803 ല്‍ അവര്‍ ഒരു കത്തോലിക്കനും തങ്ങളുടെ സുഹൃത്തുമായിരുന്ന ലിയോര്‍ണോ എന്ന ഇറ്റലിക്കാരന്റെ അടുക്കലേക്ക് പോയി. അവര്‍ ഇറ്റലിയിലെത്തി ആറാഴ്ച കഴിഞ്ഞപ്പോള്‍ വില്ല്യം മരിച്ചു.

ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ആറ് മാസത്തിനു ശേഷം എലിസബത്ത് ന്യൂയോര്‍ക്കിലേക്ക് തിരികെ പോന്നു. ഇതിനോടകം തന്നെ അവള്‍ ഒരു കത്തോലിക്കാ വിശ്വാസിയായി മാറിയിരുന്നു. അതിനാല്‍ തന്നെ അവള്‍ക്ക് അവളുടെ എപ്പിസ്‌കോപ്പല്‍ സഭയില്‍പ്പെട്ട കൂട്ടുകാരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ട്. എതിര്‍പ്പുകളെ അവഗണിച്ച് 1805 മാര്‍ച്ച് നാലിന് അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.

തന്റെ സുഹൃത്തുക്കളാലും സ്വന്തക്കാരാലും ഉപേക്ഷിക്കപ്പെട്ട എലിസബത്തിനെ ബാള്‍ട്ടിമോറിലെ സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍ ആ നഗരത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ തുടങ്ങുവാന്‍ ക്ഷണിച്ചു. അങ്ങനെ സ്ഥാപിക്കപ്പെട്ട സ്‌കൂള്‍ വളര്‍ന്ന് വികസിച്ചു. കാരോളിലെ മെത്രാന്റെ അനുവാദത്തോടുകൂടി സള്‍പ്പീഷ്യന്‍ സഭയിലെ സുപ്പീരിയര്‍ എലിസബത്തിനും അവളുടെ സഹായികള്‍ക്കും സ്യന്യാസ ജീവിതം അനുവദിച്ചു. കൂടാതെ സന്യാസ വൃതവും, ആശ്രമ വസ്ത്രങ്ങളും അനുവദിച്ചു.

1809 ല്‍ എലിസബത്ത് ആന്‍സെറ്റണ്‍ തന്റെ ചെറിയ സമൂഹവുമായി മേരിലാന്റിലെ എമ്മിറ്റ്സ് ബര്‍ഗിലേക്ക് മാറി. അവിടെ അവര്‍ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ സ്ഥാപിച്ച 'കരുണയുടെ സഹോദരിമാര്‍' എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നു.

പൊതു വിഷയങ്ങള്‍ക്ക് പുറമേ മതപരമായ വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്ന സഭാ സ്‌കൂള്‍ - American Parochial School സമ്പ്രദായത്തിന് അടിത്തറയിട്ടത് എലിസബത്ത് ആന്‍സെറ്റനാണ്. അധ്യാപകരെ പരിശീലിപ്പിക്കുകയും സ്‌കൂളുകളില്‍ ഉപയോഗിക്കുവാനായി ധാരാളം പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ന്യൂയോര്‍ക്ക് സിറ്റിയിലും ഫിലാഡെല്‍ഫിയായിലും ധാരാളം അനാഥാലയങ്ങളും സ്ഥാപിച്ചു.

1821 ജനുവരി നാലിന് എമ്മിറ്റ്സ് ബര്‍ഗില്‍ വച്ച് അവര്‍ അന്ത്യനിദ്ര പ്രാപിച്ചു. 1963 ല്‍ ജോണ്‍ ഇരുപത്തി മുന്നാമന്‍ മാര്‍പാപ്പാ എലിസബത്തിനെ വിശുദ്ധ പദവിക്കായി നാമനിര്‍ദ്ദേശം ചെയ്യുകയും 1975 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ എലിസബത്ത് ആന്‍സെറ്റണെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. നര്‍ബോണിലെ ഫെരെയോളൂസ്

2. പ്രീസ്‌കൂസ്, പ്രേഷില്ലാ, ബെനദിക്ടാ

3. വിശുദ്ധ ബിബിനിയയുടെ അമ്മയായ അഫ്രോസാ

4. രക്തസാക്ഷിത്വം വരിച്ച അഗ്ഗേയൂസ്, ഹെര്‍മെസ്, കായൂസ്

5. ആഫ്രിക്കക്കാരായ എവുജീന്‍, അക്വലിനൂസ്, ജെമിനൂസ്, മാര്‍സിയന്‍, ക്വിന്തൂസ്, തെയോഡോത്തൂസ്, ട്രിഫോണ്‍.


'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26