ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മനോനില തെറ്റിയെന്നും ഇനി താനുമായി ബന്ധപ്പെട്ടാൽ മതിയെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞതായി മേഘാലയ ഗവർണർ സത്യപാൽ മല്ലിക്. സത്യപാൽ സംസാരിക്കുന്ന വീഡിയോ വൈറലാവുകയും വിവാദം ഉയരുകയും ചെയ്തതോടെ പിന്നീട് തിരുത്തി.
അമിത് ഷാ മോഡിയെ ഏറെ ബഹുമാനിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹം പിന്നീട് വിശദീകരിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട് മോഡിയുമായി നടത്തിയ ചർച്ചയും തുടർസംഭവങ്ങളും വിശദീകരിക്കുകയായിരുന്നു സത്യപാൽ.
ജാട്ട് കർഷകർ തിങ്ങിത്താമസിക്കുന്ന ഹരിയാനയിലെ പരിപാടിയിലാണ് സത്യപാൽ മല്ലിക് മോദിക്കെതിരെ അതിരൂക്ഷമായ വിമർശനം നടത്തിയത്.
'കർഷക സമരം ചർച്ച ചെയ്യാൻ പോയപ്പോൾ അദ്ദേഹവുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. മോദി വലിയ അഹങ്കാരത്തിലായിരുന്നു. നമ്മുടെ 500 കർഷകർ മരിച്ചിട്ടും താങ്കൾ കത്തയച്ചുകൊണ്ടിരിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ അവർ മരിച്ചത് തനിക്കുവേണ്ടിയാണോ എന്നായിരുന്നു മോദിയുടെ മറുചോദ്യം. അതെ, താങ്കൾ രാജാവായതിനാൽ താങ്കൾക്കുവേണ്ടി തന്നെയെന്ന് ഞാൻ തിരിച്ചടിച്ചതോടെ ഞങ്ങൾക്കിടയിൽ പ്രശ്നമായി. മോഡിയുമായുള്ള തർക്കത്തിലാണത് കലാശിച്ചത്. ഒടുവിൽ പോയി അമിത് ഷായെ കാണാൻ പറഞ്ഞു. ഞാനത് ചെയ്തു. അദ്ദേഹത്തിന്റെ(മോഡിയുടെ) മനോനില തെറ്റിയെന്നും താങ്കൾ കർഷകരുമായി ബന്ധപ്പെട്ടോളൂ എന്നും എന്നെ കണ്ടാൽ മതിയെന്നും അമിത് ഷാ പറഞ്ഞു''- സത്യപാൽ പറയുന്നു
വിമർശനം ഏറ്റുപിടിച്ച രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, മേഘാലയ ഗവർണറുടെ പ്രസ്താവന ശരിയാണോ എന്ന് പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെ ചോദിച്ചു. വിഡീയോ വൻ വൈറലാകുകയും ബി.ജെ.പി നേതാക്കൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തതോടെ വൈകീട്ട് സത്യപാൽ മല്ലിക് അമിത് ഷാക്ക് മോഡിയോട് ബഹുമാനമാണെന്ന വിശദീകരണവുമായി രംഗത്തുവന്നു.
മോഡി കേൾക്കാൻ തയാറല്ലായിരുന്നുവെന്നും എന്റെ ആശങ്കകളെ തള്ളാനാണ് നോക്കിയതെന്നും മല്ലിക് വിശദീകരിച്ചു. അമിത് ഷാ മോഡിയെ ഏറെ ബഹുമാനിക്കുന്നുണ്ട്. ആളുകൾ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഒരു ദിവസം കർഷക നിയമങ്ങൾ എന്താണെന്ന് മനസ്സിലാക്കുമെന്നുമാണ് അമിത് ഷാ പറഞ്ഞതെന്നും മല്ലിക് തിരുത്തി. മോശമായ ഉദ്ദേശ്യത്തോടെ അമിത് ഷാ മോദിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്റെ ആശങ്കകൾ മനസ്സിലാകുന്നുണ്ടെന്നാണ് ഷാ പറഞ്ഞതെന്നും സത്യപാൽ കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.