ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം 'ഇഹു' സ്ഥിരീകരിച്ചതായി ഗവേഷകര്‍

ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം 'ഇഹു' സ്ഥിരീകരിച്ചതായി ഗവേഷകര്‍

പാരിസ്: ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി ഗവേഷകരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഈ പുതിയ വകഭേദം.

ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെയാണ് പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചത്. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അടുത്തിടപഴകിയവരിലേക്ക് കൂടി രോഗം വ്യാപിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍.

ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന വകഭേദത്തിന് 'ഇഹു' എന്ന് പേരിട്ടത്. ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയ ഈ വകഭേദത്തിന് വുഹാനില്‍ പടര്‍ന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തില്‍ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. പലതവണ വ്യതിയാനം സംഭവിച്ചതിനാല്‍ ഈ വൈറസിന് വാക്‌സിനുകളില്‍ നിന്ന് പ്രതിരോധ ശക്തി ലഭിച്ചിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. 'ഇഹു' വകഭേദം മരണസംഖ്യ കൂട്ടുമോ എന്നുള്ള ഗവേഷണം പുരോഗമിക്കുകയാണ്. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നത് വരെ പുതിയ രോഗകാരി ഇഹു എന്ന പേരിലായിരിക്കും അറിയപ്പെടുക.

ആഫ്രിക്കയില്‍ നിന്ന് പുതിയ ഒരു വകഭേദം കൂടി കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വാക്സിന്‍ വിതരണത്തിലെ അഭാവം കൂടി ചര്‍ച്ചയാകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.